എല്‍.രാജശേഖരന് മുതുകുളം മറക്കാനാവാത്ത ചിത്രത്തെക്കുറിച്ച് ഇത്തവണ നമ്മോട് സംസാരിക്കുന്നത് ഗൗതമി ആണ്. ചലച്ചിത്രപ്രേമികളില്‍ ഗൗതമിയെ അറിയാത്തവര്‍ ആരും കാണുകയില്ല. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ സിനിമകളിലൂടെ അഭിനയത്തിന്റെ വ്യക്തിമുദ്ര ഗൗതമി തെളിയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ തടിമല്ല വില്ലേജിലാണ് ഗൗതമിയുടെ ജനനം. 1987ലാണ് ഗൗതമി അഭിനയം തുടങ്ങുന്നത്. ഗൗതമിക്ക് അന്ന് 19 വയസ്. ‘ദയമയുഡു’ എന്ന തെലുങ്ക് സിനിമയിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. പിന്നീടങ്ങോട്ട് വിവിധ ഭാഷകളില്‍ വ്യത്യസ്ഥങ്ങളായ വേഷങ്ങളില്‍ ഗൗതമി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഹിന്ദിയിലും കന്നടയിലും തമിഴില്‍ 65 സിനിമകളിലും അഭിനയിച്ചു. 1990ലാണ് മലയാള സിനിമയില്‍ ആദ്യമായി ഗൗതമി പ്രത്യക്ഷപ്പെടുന്നത്. ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന സിനിമയില്‍ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഗൗതമിയുടെ മലയാള സിനിമയിലെ തുടക്കം. പിന്നീട് നിരവധി മലയാളം സിനിമകളില്‍ പ്രശസ്തമായ വേഷങ്ങളില്‍ ഗൗതമി അഭിനയിച്ചു. ‘വിദ്യാരംഭ’ത്തില്‍ ഭാനുമതി, ‘അയലത്തെ അദ്ദേഹം’ എന്ന ചിത്രത്തില്‍ സുലോചന, ‘ഡാഡി’ എന്ന ചിത്രത്തില്‍ അമ്മു, ‘ധ്രുവം’ എന്ന ചിത്രത്തില്‍ മൈഥിലി, ‘ചുക്കാന്‍’ എന്ന ചിത്രത്തില്‍ ഗായത്രി, ‘ആഗ്നേയം’ എന്ന ചിത്രത്തില്‍ ശോഭാമേനോന്, ‘സുകൃതം’ എന്ന ചിത്രത്തിലെ മാലിനി എന്നീ വേഷങ്ങള്‍ മലയാള ചലച്ചിത്ര പ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. ജാക്പോട്ട്, സാക്ഷ്യം, ആയിരം നാവുള്ള അനന്തന്, വാചാലം, വരും വരുന്നു വന്നു തുടങ്ങിയ നിരവധി മലയാളം സിനിമകളില്‍ ഗൗതമി തിളങ്ങി. മലയാളത്തില്‍ ഡബ്ബു ചെയ്ത ‘വിസ്മയം’ എന്ന ചിത്രത്തിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്. ദശാവതാരം എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ ഗൗതമിയാണ്. മലയാള സിനിമയില്‍ അഭിനയിക്കാതെ കുറച്ചുനാള്‍ ഗൗതമി നിന്നു. മുപ്പത്തി അഞ്ചാമത്തെ വയസില്‍ ഗൗതമിക്ക് ക്യാന്‍സര്‍ പിടിപെട്ടു. ചികിത്സയിലൂടെ ക്യാന്‍സറിനെ പരിപൂര്‍ണമായും മാറ്റി. വീണ്ടും ഗൗതമി അഭിനയിച്ചു തുടങ്ങി. അങ്ങനെ മലയാള സിനിമയിലേക്കു വീണ്ടും ഗൗതമി വരുന്നു. മലയാളത്തിലെ ‘ഇ’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഗൗതമിയെ കണ്ടത്. ”ഞാന്‍ നിശ്ചല ഛായാഗ്രഹണത്തെ ഒരുപാട് സ്നേഹിക്കുന്നു. ഞാന്‍ കണ്ടിട്ടുള്ള നല്ല ഫോട്ടോകള്‍ എല്ലാം എനിയ്ക്ക് ഇഷ്ടമാണ്. ഞാന്‍ ഇന്ത്യയിലും വിദേശത്തുമായി ഒരുപാട് രാജ്യങ്ങളില്‍ പോയിട്ടുണ്ട്. അവിടെയുള്ള കാഴ്ചകള്‍ എല്ലാം കണ്ട് ധാരാളം ഫോട്ടോയും എടുത്തിട്ടുണ്ട്. കണ്ടിട്ടുള്ള കാഴ്ചകള്‍ ഓര്‍ക്കുവാനും കൂടുതല്‍ മനസിലാക്കുവാനും ഈ ഫോട്ടോകള്‍ സഹായിക്കാറുണ്ട്.” ”അതുപോലെ തന്നെ പോര്‍ട്രേറ്റ് ഫോട്ടോകള്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. വരച്ചുവച്ചിരിക്കുന്ന ചിത്രങ്ങളേക്കാള്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് പോര്‍ട്രേറ്റ് ഫോട്ടോകളാണ്. കൃത്യമായ ലൈറ്റില്‍ എടുത്തിട്ടുള്ള പോര്‍ട്രേറ്റ് ഫോട്ടോകള്‍ എനിക്ക് ഇഷ്ടമാണ്. അതുപോലെ തന്നെ പ്രകൃതിയില്‍ പഴുത്തു നില്ക്കുന്ന പഴവര്‍ഗ്ഗങ്ങളുടെ ഫോട്ടോ എപ്പോഴും എടുത്തു നോക്കാനുള്ള കൊതി ഉണര്‍ത്തും. പ്രകൃതിയും പൂക്കളും ലയിച്ചു നില്ക്കുന്ന ചിത്രങ്ങള്‍ എത്ര രസകരമാണ് കാണാന്‍. നല്ല പൂക്കളുടെ ക്ലോസപ്പ് ഫോട്ടോകളും മനസില്‍നിന്നു മാറുകയില്ല. ഇങ്ങനെ പറഞ്ഞുപോയാല്‍ നല്ല ഫോട്ടോകളെല്ലാം എനിക്ക് ഇഷ്ടമാണ്. ഈ നല്ല ഫോട്ടോകളില്‍ നിന്ന് എനിയ്ക്ക് ഇഷ്ടപ്പെട്ട ഫോട്ടോ തിരഞ്ഞെടുക്കാം. എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഫോട്ടോയെക്കുറിച്ച് ആലോചിക്കുമ്പോള്‍ പഴയകാലത്തിലേക്ക് ഞാന്‍ പോവുകയാണ്. പഴയ കാലത്തെ കെട്ടിടങ്ങള്‍ കണ്ടിട്ടില്ലേ? എത്ര രസകരമാണ.് ആ കെട്ടിടത്തിന്റെ പണിയുടെ ഭംഗി ആരും ആസ്വദിക്കും. ഇപ്പോള്‍ ഞാനഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് മണ്ണാറശാല ഇല്ലത്തെ ഒരു പഴയ ഇല്ലത്തുവെച്ചാണ്. ആരും താമസമില്ലാതെ കിടക്കുന്ന ഒരു പഴയ ഇല്ലം. ഇല്ലത്തിന്റെ പണി കാണുവാന്‍തന്നെ വളരെ ഭംഗിയാണ്. കാവും ഇല്ലവുമായുള്ള ബന്ധം ചുറ്റും വളര്‍ന്നു നില്ക്കുന്ന മരങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും. ചുറ്റും വളര്ന്നുനില്ക്കുന്ന മരങ്ങളും വള്ളികളും നമ്മെ ഒരു സ്വപ്ന ലോകത്തില്‍ എത്തിക്കും. അമൃത് വള്ളികളുടെ കിടപ്പും അടഞ്ഞുകിടക്കുന്ന പഴയ ജനാലകളും എല്ലാം കാണുമ്പോള്‍ പഴയകാലത്തേക്ക് ഈ ഇല്ലം എന്നെ കൂട്ടിക്കൊണ്ടുപോവുകയാണ്. ഞാനും അച്ഛനുംകൂടി കാറില്‍ യാത്രചെയ്യുമ്പോള്‍ ഒറീസയില്‍ വെച്ച് ഒരു പഴയക്ഷേത്രം ഞങ്ങളുടെ മുന്നില്‍ എത്തുന്നു. ഞങ്ങള്‍ അവിടെ ഇറങ്ങി. ആ ക്ഷേത്രം ശരിക്കും കണ്ടു. പാതി ഇടിഞ്ഞുപോയ ഭംഗിയായി പണിത ആ ക്ഷേത്രത്തിന്റെ ഭംഗി മനസ്സില്‍ നിന്നു മാറുകയില്ല. ആ ക്ഷേത്രത്തിന്റെ ലോ ആംഗിളില്‍ സ്കൈ വരുത്തിയിട്ട് ക്ഷേത്രത്തിനടുത്ത് ഒരു സാരിയുടുപ്പിച്ച് എന്നെ നിര്‍ത്തി അച്ഛന് ഫോട്ടോ എടുത്തു. ആ ഫോട്ടോ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറക്കുകയില്ല. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വളരെ മനോഹരമായ ക്ഷേത്രത്തിനു മുന്നിലെ സാരിയുടുത്തും കൊണ്ടുള്ള എന്റെ നില്‍പ്പും മനോഹരമായ ആ ക്ഷേത്രത്തിനു പിന്നിലെ സ്കൈ ബായ്ക്ക് ഗ്രൗണ്ടും എല്ലാംകൂടി ആ ഫോട്ടോയെ വളരെ മനോഹരമാക്കി. അച്ഛന് എടുക്കുന്ന ഫോട്ടോകള്‍ എല്ലാം എനിക്ക് ഇഷ്ടമാണ്. എന്നാലും ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഈ ഫോട്ടോ ആണ്. ഇനി എടുക്കാന്‍ പറ്റാതായി പോയ ഫോട്ടോയെക്കുറിച്ച് പറയാം. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ചാണ് സംഭവം. കാറില്‍ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് ഞാന്‍ ആ ദൃശ്യം കണ്ടത്. റോഡ് പര്വ്വതത്തിന് ഇടയിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത്. പര്‍വ്വതത്തിനു നടുവിലൂടെ ഇങ്ങനെ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ സൂര്യാസ്തമയത്തിന് സമയമാവുകയായിരുന്നു. പര്‍വ്വതത്തിന്റെ വശത്തുള്ള വെളിച്ചം പല വര്‍ണ്ണങ്ങളില്‍ മാറിമറിഞ്ഞു വരുന്നത് കാണാമായിരുന്നു. കാര്‍ വീണ്ടും മുന്നോട്ടുപോയപ്പോള്‍ തീ പിടിച്ചതുപോലെയുള്ള ഒരു വര്‍ണ്ണം പ്രത്യക്ഷപ്പെട്ടു. അതിമനോഹരമായ വര്‍ണ്ണം. ആ വര്‍ണ്ണം പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഒരു ഫോട്ടോ എടുക്കുവാന്‍ എനിക്ക് സാധിച്ചില്ല. അതിന്റെ വിഷമം എനിക്ക് ഇതുവരെ മാറിയിട്ടുമില്ല. മലയാളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫി മാഗസീനായ ഫോട്ടോ വൈഡില്‍ എന്റെ അഭിമുഖം ഉള്‍പ്പെടുത്തിയതില്‍ എനിക്ക് വളരെ സന്തോഷം. മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളത്തിലെ നല്ല ഒരു പ്രസിദ്ധീകരണത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ ഒത്തിരി ഒത്തിരി സന്തോഷം.! എല്‍.രാജശേഖരന് മുതുകുളം