എക്‌സ് എ35

0
1380
എക്‌സ് എ35 എന്നു പേരിട്ടിരിക്കുന്ന പുതിയ ക്യാമറയുമായി കാനോണ്‍ ഫോട്ടോഗ്രാഫി ലോകത്ത് .ഹൈക്വാളിറ്റി വീഡിയോ ലോ ലൈറ്റിലും എടുക്കാന്‍ സഹായിക്കുന്ന വീഡിയോ ക്യാമറയാണിത്. വയര്‍ലെസ് കണക്ടുവിറ്റി നല്‍കിയിരിക്കുന്നതിനാല്‍ ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ വീഡിയോ അപ് ലോഡ് സുഗമമായി നടത്താമെന്നതും മെച്ചം. വൈഫൈയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഈ ക്യാമറയില്‍ കാനോണ്‍ ആധുനിക സാങ്കേതികവിദ്യയില്‍ പലതും കൂട്ടിയിണക്കിയിരിക്കുന്നു. ലോ ലൈറ്റില്‍ ആ രീതിയില്‍ വേണമെങ്കില്‍ ഷൂട്ടിങ് നിര്‍വ്വഹിക്കാന്‍ കഴിയും. അതുമല്ലെങ്കില്‍ ലോ ലൈറ്റില്‍ ഏതു സാഹചര്യത്തില്‍ ഷൂട്ടിങ് വേണോ ആ നിലയില്‍ ഷൂട്ട് ചെയ്യാന്‍ ഈ ക്യാമറയ്ക്ക് ശേഷിയുണ്ട്.
കാനോണിന്റെ 20എക്‌സ് എച്ച്ഡി ഒപ്റ്റിക്കല്‍ സൂം ലെന്‍സിന്റെ മികവിലാണ് ഈ ദൃശ്യവിസ്മയമൊരുങ്ങുന്നത്. കാനോണ്‍ ഇതു വരെ മറ്റു ക്യാമറകളിലും മോഡലുകളിലുമൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഏറ്റവും പുതിയ അഡ്വാന്‍സ്ഡ് സിമോസ് പ്രോ ഇമേജ് സെന്‍സര്‍ ഈ ക്യാമറയില്‍ ഒരുക്കിയിട്ടുണ്ട്. ലോ ലൈറ്റ് ഇമേജ് ക്യാപ്ചറിങ്ങിനു വേണ്ടി മാത്രമായി ലോ ലുമിനന്‍സ് നോയിസ് റിഡക്ഷന്‍ ഉപയോഗിച്ചിരിക്കുന്നു. ഇതും ഏറ്റവും പുതിയ പരിഷ്‌ക്കരിച്ച ആധുനിക സങ്കേതമാണ്. പ്രകാശത്തെ കുറഞ്ഞ അളവിലും ആഗീരണം നടത്താന്‍ ശേഷിയുള്ള ഈ പ്രോസ്സസ്സര്‍ ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ പ്രകാശതീവ്രതയില്‍ പോലും ഷൂട്ടിങ് സാധ്യമാവുമെന്ന് കാനോണ്‍ അവകാശപ്പെടുന്നു.
രണ്ടു പുതിയ വീഡിയോ റിക്കോര്‍ഡിങ് മോഡുകള്‍ കൂടി ഈ ക്യാമറയിലുണ്ട്. ഇതിനു പുറമേ മുന്‍പുണ്ടായിരുന്ന മോഡലുകളിലെ റിക്കോര്‍ഡിങ് മോഡുകളെല്ലാം തന്നെ ഇതില്‍ കൂട്ടിയിണക്കിയിട്ടുമുണ്ട്. ഹൈലൈറ്റ് പ്രയോറിറ്റി (കളര്‍ ടോണ്‍ ഗ്രഡേഷനു വേണ്ടിയുള്ളത്), വൈഡ് ഡിആര്‍ (ഡൈനാമിക്ക് റേഞ്ചിന്റെ വര്‍ദ്ധനവിനു വേണ്ടി), കളര്‍ കമ്പോസിഷന്‍ (ഉയര്‍ന്ന കളര്‍, ഷാര്‍പ്പ്‌നെസ്, ബ്രൈറ്റ്‌നെസ് റേഞ്ച്) എന്നിവയെല്ലാം ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.
ബാറ്ററി ഉള്‍പ്പെടെ 2.6 പൗണ്ടുകള്‍ (1.18 കിലോ) മാത്രമാണ് ഇതിന്റെ ഭാരം. കാനോണിന്റെ മറ്റു കാംകോര്‍ഡറുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ പുതിയ മോഡലിന് താരതമ്യേന വലിയ ഭാരക്കൂടുതല്‍ പറയാനാവില്ലെന്നു സാരം.
എടുത്തു മാറ്റാവുന്ന ടോപ് ഹാന്‍ഡില്‍, എക്‌സ്.എല്‍.ആര്‍ ഓഡിയോ ഇന്‍പുട്ട് വിത്ത് മാനുവല്‍ ഗെയ്ന്‍ കണ്‍ട്രോള്‍ എന്നിവ പുതിയ മോഡലിനു സ്വീകാര്യത വര്‍ദ്ധിപ്പിക്കും. ഇന്റഗ്രേറ്റഡ് മൈക്ക് കൂടുതല്‍ മനോഹരമായി ഷൂട്ടിങ് നടത്താന്‍ സൗകര്യമൊരുക്കും. ഒപ്പം, മാനുവല്‍ ഓഡിയോ ലെവല്‍ കണ്‍ട്രോള്‍ സഹിതം എക്‌സ്‌റ്റേണല്‍ മൈക്കുകള്‍ ഘടിപ്പിക്കുകയുമാവാം. ബ്ലൂടൂത്ത് മൈക്ക് ഓപ്ഷണലായി നല്‍കിയിട്ടുണ്ട്. ടൂ വേ ഇന്റര്‍കോമിന്റെ സഹായത്തോടെ, ഷൂട്ടിങ് നിയന്ത്രിക്കാനുള്ള സൗകര്യവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇന്‍ഫ്രാറെഡ് ഷൂട്ടിങ് മോഡ് വലിയൊരു അനുഗ്രഹമാണ്. ഈ ഫില്‍ട്ടറില്ലാതെയും ഷൂട്ടിങ് നടത്താന്‍ ഈ ക്യാമറയിലാവും. സെന്‍സര്‍ സെന്‍സിറ്റുവിറ്റി ഇതിനായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡിഫ്യൂസര്‍ ഉപയോഗിച്ച് ഷൂട്ടിങ് നടത്താനായി ടോപ് ഹാന്‍ഡില്‍ മാറ്റുകയുമാവാം.
ഫുള്‍ എച്ച്ഡിയില്‍ റെക്കോര്‍ഡിങ് നടത്താവുന്ന എക്‌സ് 35-ല്‍ ഡ്യുവല്‍ കാര്‍ഡ് സ്ലോട്ട് സംവിധാനമുണ്ട്. 1920-1080 റെസല്യൂഷനില്‍ റെക്കോഡിങ് നടത്താവുന്ന മറ്റൊരു ക്യാമറയും ഇതിനോടൊപ്പം തന്നെ കാനോണ്‍ പുറത്തിറക്കിയിട്ടുണ്ട്. എക്‌സഎ 20 എച്ച്ഡി എന്നാണ് ഇതിന്റെ പേര്. എവിസിഎച്ച്ഡി (28എംബിപിഎസ്), എംപി4 (35എംബിപിഎസ്) എന്നീ ഫോര്‍മാറ്റുകളില്‍ റെക്കോഡിങ് സേവ് ചെയ്യാനാവും. എച്ച്ഡി, എസ്ഡി-എസ്ഡിഐ ഔട്ട്പുട്ട് സംവിധാനവും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. വീഡിയോ കംപ്രസ് ചെയ്യുന്ന വിധത്തില്‍ ഏതെങ്കിലും ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ റിക്കവര്‍ ചെയ്യാനായി പുതിയ ഹൈലൈറ്റ് പ്രയോറിറ്റി വീഡിയോ മോഡില്‍ ഷൂട്ട് ചെയ്താല്‍ മതി. മൂവായിരം ഡോളറിന് ലഭ്യമാക്കുന്ന വിധത്തിലാണ് ഈ ക്യാമറ കാനോണ്‍ വിപണിയിലെത്തിക്കുന്നത്.
എച്ച്ഡി സിമോസ് പ്രോ ഇമേജ് സെന്‍സറിന്റെ സഹായത്താല്‍ സ്ലോ, ഫാസ്റ്റ് മോഷന്‍, ഇന്റര്‍വല്‍ റെക്കോഡിങ് നടത്താന്‍ ഈ ക്യാമറയില്‍ സംവിധാനമുണ്ട്. പ്ലേബാക്ക് ചെയ്യുമ്പോള്‍ തന്നെ ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മതി. ഒട്ടും ലാഗില്ലെന്നതും ഇതിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുമെന്നു കാനോണ്‍ കണക്കുക്കൂട്ടുന്നു. ഇതിനു പുറമേ ഇമേജ് സ്റ്റെബിലൈസേഷന്‍ ടെക്‌നോളജിയും കാനോണ്‍ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് എന്‍ഹാന്‍സിങ്ങിനു വേണ്ടി ഇന്റലിജന്റ് ഐഎസ് സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു. ദൃശ്യമികവാണ് എല്ലാത്തിന്റെയും ലക്ഷ്യം.
3.5 ഒഎല്‍ഇഡി ടച്ച് പാനല്‍ വ്യു സ്‌ക്രീനാണ് ക്യാമറയിലുള്ളത്. 80 ഡിഗ്രിയില്‍ ഏതു ഭാഗത്തു നിന്നു വേണമെങ്കിലും കാണാവുന്ന വിധത്തിലുള്ള ഈ കളര്‍ ഇവിഎഫ് സ്‌ക്രീന്‍ 45 ഡിഗ്രിയിലേക്ക് ചരിക്കാവുന്നതുമാണ്. റിക്കോര്‍ഡിങ് നടത്തുമ്പോള്‍ ടച്ച് പാനലില്‍ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഒരു ജോയ്‌സ്റ്റിക്ക് കണ്‍ട്രോള്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here