കോട്ടയം : ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന ഫോട്ടോ വൈഡിന്റെ 20-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോട്ടയം പ്രസ്ക്ലബില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ എംഎല്‍എ വി.എന്‍.വാസവന് അധ്യക്ഷതവഹിച്ചു. മാതൃഭൂമി പ്രോഗ്രാം ഹെഡ് എം.പി.സുരേന്ദ്രന് ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത ചലച്ചിത്ര ഛായഗ്രാഹകന്‍ വേണു മുഖ്യാതിഥിയായിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഛായാഗ്രഹകന് വേണുവും അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ.പി.ആര്.സോന, കേരള മീഡിയ അക്കാദമി ചെയര്‍മാനും ദീപിക എഡിറ്റോറിയല്‍ അംഗവുമായ സെര്‍ജി ആന്റണി, കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ കെ.എ.ഫ്രാന്‍സീസ്, കേരള കൗമുദി സ്പെഷല്‍ കറസ്പോണ്ടന്റ് വി.ജയകുമാര്‍, പ്രസ്ക്ലബ് പ്രസിഡന്റും ദേശാഭിമാനി കറസ്പോണ്ടന്റുമായ എസ്.മനോജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജി എണ്ണക്കാട് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഫോട്ടോ വൈഡ് മാനേജിങ് എഡിറ്റര്‍ ഏ.പി.ജോയി സ്വാഗതവും എഡിറ്റര്‍ ഇന്‍ ചാര്‍ജ് അജീഷ് ചന്ദ്രന് നന്ദിയും പറഞ്ഞു. പ്രശസ്ത മജീഷ്യ അമ്മു അവതാരികയായിരുന്നു. ചടങ്ങില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്തു.
ഫോട്ടോ വൈഡ് അവാര്‍ഡ് ചരിത്രത്തിലേക്ക്
കോട്ടയം : കോട്ടയം പ്രസ് ക്ലബിന്റെ പുതിയ ഓഡിറ്റോറിയത്തില്‍ ഫോട്ടോ വൈഡിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ തുടക്കം.വിശിഷ്ട വ്യക്തികളെക്കൊണ്ട് ഉദ്ഘാടനവേദിയും സദസും ധന്യമായിരുന്നു. പത്രപ്രവര്‍ത്തന രംഗത്തെ കുലപതികളും ഫോട്ടോഗ്രാഫിയെ കണ്ടറിഞ്ഞവരുമായിരുന്നു വേദിയിലെ വിശിഷ്ട അതിഥികള്‍. ഫോട്ടോവൈഡിനുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ശില്പങ്ങള്. ഒരുപക്ഷേ, ഇത് ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ക്കുവേണ്ടി മാത്രം രൂപകല്പന ചെയ്ത ആദ്യ ശില്പമായിരിക്കാം. എന്തുകൊണ്ടും ആകര്‍ഷണീയമായ ശില്പങ്ങള്. ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോവൈഡ് നടത്തിയ അവാര്‍ഡുവിതരണം ഫോട്ടോഗ്രാഫി ചരിത്രത്തില്‍ ഇന്ത്യയിലാദ്യത്തേതാണെന്ന് പല ഫോട്ടോഗ്രാഫര്‍മാരും അഭിപ്രായപ്പെട്ടു. ദിനപത്രങ്ങളില്‍ ഫോട്ടോഗ്രാഫിയെ ഏറ്റവും കൂടുതല്‍ പ്രൊമോട്ട് ചെയ്തതും വേണ്ട വിധത്തില്‍ പ്രാതിനിധ്യവും പ്രാധാന്യവും നല്‍കിയതിനുമുള്ള 2014-ലെ ഫോട്ടോവൈഡ് ഫോട്ടോഗ്രാഫി പ്രൊമോഷന് അവാര്‍ഡ് മലയാള മനോരമ ദിനപത്രം നേടി. ഫോട്ടോഗ്രാഫിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും പത്രങ്ങളില്‍ വന്ന ചിത്രങ്ങളിലൂടെ വായനക്കാര്‍ക്ക് ഫോട്ടോയെടുക്കാന്‍ പ്രചോദനം നല്‍കുകയും ഫോട്ടോ ഡിസ്പ്ലേ ചെയ്യുന്നതിനും തികഞ്ഞ പ്രൊഫഷണലിസം മലയാള മനോരമ നല്‍കിയിരുന്നു. ഫോട്ടോഗ്രാഫി പ്രമോഷന് അവാര്‍ഡ് മലയാള മനോരമ ദിനപത്രത്തിനുവേണ്ടി മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റിജോ ജോസഫ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍നിന്നും ഏറ്റുവാങ്ങി.
ആനുകാലിക പ്രസിദ്ധീകരണ വിഭാഗത്തില്‍ ഫോട്ടോവൈഡ് പ്രൊമോഷന് അവാര്‍ഡ് മാതൃഭൂമി നേടി. ജനങ്ങളെയും ഫോട്ടോഗ്രാഫര്‍മാരെയും ഫോട്ടോയെടുപ്പിക്കാന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളായ യാത്ര, സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയിലൂടെ മാതൃഭൂമിക്ക് സാധിച്ചു. മാതൃഭൂമിക്കുവേണ്ടി ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. പ്രശസ്ത പത്രപ്രവര്‍ത്തകരായ കെ. രാജഗോപാല്‍, മരിയന്‍ ജോര്‍ജ് എന്നിവരായിരുന്നു ജൂറിമാര്‍.
ബെസ്റ്റ് ക്യാമറ അവാര്‍ഡ് നിക്കോണ്‍ ഡി-750 നേടി. നിക്കോണ്‍ കമ്പനി പ്രതിനിധി ഹരിപ്രസാദ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
ഫോട്ടോവൈഡ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ അവാര്‍ഡുജേതാക്കളെ തിരഞ്ഞെടുക്കുവാനുള്ള രീതിയും മറ്റു മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. അഞ്ചു വിഷയങ്ങളായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയിരുന്നത്.
ഫോട്ടോ വൈഡ് നടത്തിയ ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2014-ആയി തിരഞ്ഞെടുത്ത ഫോട്ടോഗ്രാഫര്‍ അലന് ബാബുവിന് 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുംപ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു സമ്മാനിച്ചു.

ഫോട്ടോ വൈഡ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2014-ആയി തിരഞ്ഞെടുത്ത അലന് ബാബുവിന് 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു സമ്മാനിക്കുന്നു.
2.
ഫോട്ടോഗ്രാഫി പ്രമോഷന് അവാര്‍ഡ് മലയാള മനോരമ ദിനപത്രത്തിനുവേണ്ടി മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റിജോ ജോസഫ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍നിന്നും ഏറ്റുവാങ്ങുന്നു.
3.
ആനുകാലിക പ്രസിദ്ധീകരണ വിഭാഗത്തില്‍ ഫോട്ടോവൈഡ് പ്രൊമോഷന് അവാര്‍ഡ് മാതൃഭൂമിക്കുവേണ്ടി ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍നിന്നും ഏറ്റുവാങ്ങുന്നു.
4
ബെസ്റ്റ് ക്യാമറ അവാര്‍ഡ് നിക്കോണ്‍ ഡി-750 നേടി. നിക്കോണ്‍ കമ്പനി
പ്രതിനിധി ഹരിപ്രസാദ് മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
5
.തിരഞ്ഞെടുത്ത മികച്ച 10 ഫോട്ടോഗ്രാഫര്‍മാരായ നിസാം അമ്മാസിനുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യ, സിസല്‍ ജോണ്‍, നിലീഷ് ഇ.കെ, ബെന്നി അജന്ത, സാജു നടുവില്‍, ദത്തന് പുനലൂര്‍, അയ്യപ്പന് പ്രണാമം, സിബി ബാബു, സഖറിയ പൊന്‍കുന്നം, ചിത്രാ കൃഷ്ണന്‍കുട്ടി എന്നിവര്‍ പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ഛായാഗ്രാഹകന്‍ വേണുവില്‍ നിന്നും ഏറ്റുവാങ്ങുന്നു.


തിരഞ്ഞെടുത്ത മികച്ച 10 ഫോട്ടോഗ്രാഫര്‍മാരായ നിസ്സാം അമ്മാസ് (അഞ്ചല്‍, കൊല്ലം), സഖറിയ പൊന്‍കുന്നം (കോട്ടയം), അയ്യപ്പന് പ്രണാമം (അയ്യന്തോള്‍, തൃശൂര്‍), സിബി ബാബു (പറപ്പ, കാസര്‍കോഡ്) ദത്തന് പുനലൂര്‍ (ഊട്ടി), നിലീഷ് ഇ.കെ (അഞ്ചേരി, തൃശൂര്‍), ചിത്രാ കൃഷ്ണന്‍കുട്ടി (കോട്ടയം), ബെന്നി അജന്ത (പത്തനംതിട്ട), സാജു നടുവില്‍ (കണ്ണൂര്‍), സിസല്‍ ജോണ്‍ (വടശ്ശേരിക്കര, പത്തനംതിട്ട) പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു സമ്മാനിച്ചു. നിസാം അമ്മാസിനുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യ അവാര്‍ഡ് ഏറ്റുവാങ്ങി. കൂടാതെ അഞ്ചു വിഷയത്തില്‍ ബെസ്റ്റ് ഫോട്ടോഗ്രാഫര്‍മാരായി തിരഞ്ഞെടുത്ത ജയിസ് കാവുംവാതുക്കല്‍ നേച്വര്‍ ഫോട്ടോഗ്രാഫി(ഷൊര്‍ണ്ണൂര്‍, പാലക്കാട്), വൈല്‍ഡ് ലൈഫില്‍ ഷെഫീഖ് ബഷീര്‍ (കൊച്ചി), വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയില്‍ അജയ് തോമസ് (ക്യാനഡ), ഹ്യൂമറില്‍ സുമേഷ് ബാലുശ്ശേരി (കോഴിക്കോട്), പ്രസ് ഫോട്ടോഗ്രാഫിയില്‍ സുധര്‍മ്മദാസ് എന്‍.ആര് (കേരളകൗമുദി, കൊച്ചി) വര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും നല്കി. ഷെഫീക്കിനു വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും സുധര്‍മ്മ ദാസിനു വേണ്ടി ജോ ജോഹറും അജയ് തോമസിനു വേണ്ടി അദ്ദേഹത്തിന്റെ പിതാവും അവാര്‍ഡ് ഏറ്റുവാങ്ങി. പ്രകൃതി, വൈല്‍ഡ് ലൈഫ്, ഹ്യൂമര്‍, വാര്‍ത്താചിത്രം, വെഡ്ഡിങ് എന്നിവയായിരുന്നു വിഷയങ്ങള്‍. ഈ സബ്ജക്ടുകളിലും സോഷ്യല്‍മീഡിയയിലും പ്രാഗത്ഭ്യം തെളിയിച്ച ഫോട്ടോഗ്രാഫര്‍മാരായിരുന്നു മുന്‍പന്തിയില്‍. ജഡ്ജിങ് രീതിയും വ്യത്യസ്തമായിരുന്നു. നേരിട്ട് പ്രിന്റുകള്‍ കണ്ടും സ്ക്രീനില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചും ഫോട്ടോഗ്രാഫര്‍മാരും ജഡ്ജിമാരും നേരിട്ടു സംവാദിച്ചുമായിരുന്നു ജഡ്ജിങ് രീതി. ഇതെല്ലാം തന്നെ പുതിയ ജനറേഷനിലുള്ള ജഡ്ജിങ് രീതിയായിരുന്നു. തീര്‍ത്തും സുതാര്യം. ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളെക്കുറിച്ചും അഭിപ്രായം പറയാന്‍ ജഡ്ജിമാര്‍ തയാര്‍. ഇത്തരത്തിലുള്ള സുതാര്യമായ ഒരു ജഡ്ജിങ് രീതി ഇന്ത്യയില്‍ ആദ്യമായിട്ടാണെന്നു തന്നെ പറയാം. അതിനാല്‍ മറ്റുള്ള എല്ലാ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ നിന്നും വിഭിന്നമായിരുന്നു ഈ മത്സരം. ഫോട്ടോവൈഡിന്റെ കുടുംബാംഗങ്ങള്‍ക്കു പോലും ഈ മത്സരത്തില്‍ പങ്കെടുക്കാമായിരുന്നു. എല്ലാം സ്വതന്ത്രമായി ജഡ്ജസിനും സോഷ്യല്‍ മീഡിയയ്ക്കും വിട്ടുകൊടുത്തിരുന്നു. കൂട്ടത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പ്രൊഫൈല്‍ നോക്കി ആര്‍ക്കും മാര്‍ക്ക് നിശ്ചയിക്കാവുന്നതായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാജന് പോള്‍, ഫോട്ടോഗ്രാഫര്‍ ടി.എല്‍.ജോണ്‍, ടൈംസ് ഓഫ് ഇന്ത്യയിലെ ജേര്‍ണലിസ്റ്റ് ജയകൃഷ്ണന്, ഡോ.ഈസ, ഗീതാബക്ഷി, പി.വി.കൃഷ്ണന് എന്നിവരായിരുന്നു വിവിധവിഷയങ്ങളിലെ വിധികര്‍ത്താക്കള്‍. ലോകത്ത് ആദ്യമായിട്ടായിരിക്കും ഇത്തരത്തിലുള്ള ഒരു ജഡ്ജിങ് രീതിയെന്ന് അന്ന് പല ഫോട്ടോഗ്രാഫര്‍മാരും വിലയിരുത്തിയിരുന്നു.
ഫോട്ടോഗ്രാഫി രംഗത്തെ സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കികൊണ്ട് പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ ടി.എല്‍.ജോണിനും ദേവദാസിനും ഫോട്ടോഗ്രാഫി എക്സലന്‍സ് അവാര്‍ഡുകള്‍ നല്കി. പ്രതിഫലമൊന്നും തന്നെ ഇച്ഛിക്കാതെ കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രോത്സാഹനവും മാര്‍ഗ നിര്‍ദ്ദേശവും നല്കി ഏതു സമയത്തും ഫോട്ടോഗ്രാഫര്‍മാരുമായി സഹകരിക്കുന്ന വ്യക്തികളാണ് ടി.എല്‍.ജോണും ദേവദാസും. ഫോട്ടോഗ്രാഫിയെ സ്നേഹിച്ചും അതോടൊപ്പം കായല്‍ സംരക്ഷണത്തിനും മുന്നിട്ടിറങ്ങുകയും വിവിധ സമയങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരെ കായലിലേക്ക് കൊണ്ടുപോയി കായലിന്റെ വ്യത്യസ്ത ചിത്രങ്ങളും കായലിനെ നശോന്മുഖമാക്കുന്ന ചിത്രങ്ങളും എടുക്കുവാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രചോദനം നല്‍കുകയും അതുവഴി അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിനു എം.ജെ.ശിവദാസ് എന്ന വ്യക്തി നടത്തിയ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് ഫോട്ടോവൈഡ് ഫോട്ടോഗ്രാഫി പ്രൊമോട്ടര്‍ അവാര്‍ഡ് അദ്ദേഹത്തിനു നല്കി.
പ്രസിദ്ധീകരണങ്ങള്‍
പിടിച്ചുനില്ക്കണമെങ്കില്
അതില്നന്മവേണം: മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: പ്രസിദ്ധീകരണങ്ങള്‍ പിടിച്ചു നില്ക്കണമെങ്കില് അതില്‍ നന്മയുണ്ടാകണം. പുതിയ ജനറേഷനിലേക്ക് പ്രസിദ്ധീകരണങ്ങളെ അടുപ്പിക്കണം. എങ്കില്‍ മാത്രമേ വരും കാലങ്ങളില്‍ പ്രസിദ്ധീകരണങ്ങളെ പിടിച്ചു നിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് ഫോട്ടോവൈഡ് ഇരുപതാം വാര്‍ഷികാഘോഷ പരിപാടികളുടെ തുടക്കം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ടെക്നോളജികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സാക്ഷരത പ്രസിദ്ധീകരണങ്ങളെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ഒറ്റ ഫോട്ടോഗ്രാഫുകൊണ്ട് ഒരു പേജ് വായിക്കുന്നതിനേക്കാള്‍ പെട്ടെന്ന് നമുക്ക് കാര്യങ്ങള്‍ മനസിലാക്കുവാന്‍ കഴിയുന്നു. വാക്കുകളേക്കാള്‍ ശക്തമാണ് ചിത്രങ്ങള്‍. പുതിയ സാങ്കേതികതയും കൂടി സമന്വയിപ്പിക്കുമ്പോള്‍ ഫോട്ടോഗ്രാഫി കൂടുതല്‍ ശക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോവൈഡിന്റെ നിലനില്പുതന്നെ നന്മയോടൊപ്പം തന്നെ കഠിന പ്രയത്നത്തിന്റെ ഫലവുമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ഫോട്ടോവൈഡ് അക്ഷരഭ്യാസം പഠിച്ചത് അക്ഷരനഗരിയില്നിന്നുമാണ്. ബാല്യവും കൗമാരവും കടന്ന് യൗവത്തിലെത്തിയിരിക്കുകയാണ് ഫോട്ടോവൈഡ് എന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി.എന്‍.വാസവന് പറഞ്ഞു. പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയാണ് ഫോട്ടോവൈഡ്. ഫോട്ടോഗ്രാഫി ഒരു കലയാണ്. യൗവനത്തില്‍ എത്ര വെല്ലുവിളികളുണ്ടായാലും അതിനെ മറികടക്കുവാന്‍ ഫോട്ടോവൈഡിനു കഴിയും. കാരണം ബാല്യത്തിലും കൗമാരത്തിലും പുതിയ തലമുറയെ എങ്ങനെ ഫോട്ടോഗ്രാഫി ടെക്നോളജി കൈകാര്യം ചെയ്യണമെന്ന് ഫോട്ടോവൈഡ് പഠിപ്പിച്ചു. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും ഫോട്ടോഗ്രാഫര്‍മാരെ പ്രാപ്തരാക്കിയെന്നും വാസവന് പറഞ്ഞു.
ഫോട്ടോ വൈഡിന്റെ നിലനില്‍പ്പ് മലയാളികള്‍ക്കും പുതിയ ടെക്നോളജി കൈകാര്യം ചെയ്യുന്നവര്‍ക്കും അത്യന്താപേക്ഷിതമാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ മാതൃഭൂമി പ്രോഗ്രാം ഹെഡ് എം.പി.സുരേന്ദ്രന് പറഞ്ഞു. പത്രസ്ഥാപനങ്ങളിലെ എഡിറ്റര്മാര്പോലും കാണാത്ത ഫോട്ടോഗ്രാഫിയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയ ലോകത്തിലെ പ്രാധാന്യമേറിയ ചിത്രങ്ങള്‍ ഫോട്ടോവൈഡ് ആദ്യ ലക്കം മുതല്‍ തന്നെ പ്രസിദ്ധീകരിച്ചുതുടങ്ങി. ഫോട്ടോവൈഡിന്റെ പ്രസിദ്ധീകരണ കാലഘട്ടങ്ങളില്‍ ഫോട്ടോഗ്രാഫിയില്‍ വലിയ പരിണാമങ്ങളുണ്ടായി. ഫോട്ടോവൈഡ് നവമാധ്യമ യുഗത്തില്‍ നിലനിന്നുപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിരവധി ക്യാമ്പുകളും ഫോട്ടോഗ്രാഫി ക്ലാസുകളും നടത്തി ഫോട്ടോവൈഡ് ഫോട്ടോഗ്രാഫര്‍മാരെ പ്രബുധരാക്കി എന്നും സുരേന്ദ്രന് പറഞ്ഞു.
ഇരുപതുവര്‍ഷം മലയാളത്തില്‍ ഇത്രയും ഭംഗിയായി ഒരു മാഗസിന് പ്രസിദ്ധീകരിക്കുകയെന്നുള്ളതുതന്നെ വലിയ ഒരു ദൗത്യമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു പറഞ്ഞു. ധാരാളം ആളുകള്‍ ഫോട്ടോവൈഡിന്റെ വായനക്കാരായുണ്ട്. പത്തുപേര്‍ ഒരേ ചിത്രമെടുത്താല്‍ അതില്‍ ഒരാളെടുത്ത ചിത്രമായിരിക്കും ഏറ്റവും മികച്ചത്. അയാളാണ് യഥാര്‍ത്ഥ കലാകാരന് എന്നു വേണു അഭിപ്രായപ്പെട്ടു. ഫോട്ടോ എടുക്കുന്നതുകൊണ്ട് നല്ല ഫോട്ടോഗ്രാഫര്‍ ആകണമെന്നില്ല എന്നും വേണു പറഞ്ഞു.
എഡിറ്റോറിയലിലെ മാത്രമല്ല, പരസ്യത്തിലെയും വിതരണത്തിലെയും വേറിട്ട ശൈലി ഫോട്ടോ വൈഡിനെ പിടിച്ചുനിര്‍ത്തുവാന്‍ സഹായിച്ചുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. പ്രസിദ്ധീകരണത്തില്‍ പുതിയ ശൈലികള്‍ ഫോട്ടോവൈഡ് കണ്ടെത്തി. അതായിരിക്കാം അതിന്റെ വിജയരഹസ്യം. ആധുനിക ടെക്നോളജി ഫോട്ടോഗ്രാഫര്മാരിലെത്തിക്കുന്നതില് ഫോട്ടോവൈഡ് വിജയിച്ചിരിക്കുന്നുവെന്നും തോമസ് ജേക്കബ് പറഞ്ഞു.
ഇതുപതുവര്ഷം ഭംഗിയായി പ്രയോജനപരമായ കാര്യങ്ങള്‍ക്കായി ഒരു മാഗസിന് നടത്തിക്കൊണ്ടുപോയി എന്നുള്ളത് ഒരു വലിയകാര്യം തന്നെയാണെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാനും ദീപിക എഡിറ്റോറിയല്‍ അംഗവുമായ സെര്‍ജി ആന്റണി പറഞ്ഞു. ഫോട്ടോഗ്രാഫി മേഖലയിലെ വ്യത്യസ്തരായവരെ ഒരു കുടക്കീഴില് ഒന്നിച്ചുകൊണ്ടുപോകുവാന്‍ ഫോട്ടോവൈഡിനു കഴിഞ്ഞു. അത് ഏറ്റവും വലിയ ഒരു വിജയമായി കാണുന്നുവെന്നും സെര്‍ജി ആന്റണി പറഞ്ഞു.
ഫോട്ടോവൈഡ് മാഗസിന് ഇരുപതുവര്‍ഷം പിന്നിട്ടിരിക്കുന്നുവെന്നുള്ളത് ഒരു വലിയ ദൗത്യം തന്നെയാണ്. എല്ലാവരും ഇതേപോലുള്ള ഓരോ ദൗത്യങ്ങള്‍ ഏറ്റെടുത്താല്‍ നാടിനും സമൂഹത്തിനും നന്മകളുണ്ടാകുമെന്ന് കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ കെ.ഫ്രാന്‍സീസ് പറഞ്ഞു.
കഴിഞ്ഞ ഇരുപതുവര്‍ഷമായി എങ്ങനെ ഒരു മോശം ചിത്രം എടുക്കാതിരിക്കാം, എങ്ങനെ ഒരു നല്ല ചിത്രം എടുക്കാം എന്ന് മലയാളികളെ പഠിപ്പിക്കുകയായിരുന്നു ഫോട്ടോവൈഡ്. ഇനിയും ആ ദൗത്യം തുടരട്ടെയെന്നും കേരള കൗമുദി സ്പെഷല്‍ കറസ്പോണ്ടന്റായ വി.ജയകുമാര്‍ പറഞ്ഞു.
ഫോട്ടോവൈഡ് ഇരുപതുവര്‍ഷങ്ങള്‍ക്കു മുമ്പും ഇന്നും ഒരേ ഊര്‍ജ്ജത്തോടെ ഫോട്ടോഗ്രാഫിക്കുവേണ്ടി നിലകൊള്ളുകയാണെന്ന് പ്രസ്ക്ലബ് പ്രസിഡന്റും കോട്ടയം ദേശാഭിമാനി ബ്യൂറോ ചീഫുമായ എസ്.മനോജ് പറഞ്ഞു.
ഫോട്ടോ വൈഡിന്
കരുത്തു പകര്‍ന്നവര്‍
കേരളത്തില്‍ ഫോട്ടോഗ്രാഫിക്കുവേണ്ടി സഹായങ്ങളും സഹകരണങ്ങളും നല്‍കുകയും ഫോട്ടോവൈഡ് അവാര്ഡിനുവേണ്ടുന്ന സഹകരണങ്ങള്‍ ചെയ്യുകയും ചെയ്ത പ്രമുഖ ഫോട്ടോഗ്രാഫി ബിസിനസുകാരായ കോട്ടയം ബാവന്‍സ് മാനേജിങ് ഡയറക്ടര്‍ രത്നം, എറണാകുളം വീ-ട്രേഡേഴ്സ് മാനേജിങ് ഡയറക്ടര്‍ മനോജ് പത്മനാഭന്, തൃശൂര്‍ ഫോട്ടോലിങ്ക് മാനേജിങ് ഡയറക്ടര്‍ എം.എ.വിത്സണ് എന്നിവര്‍ ഫോട്ടോവൈഡ് ഇരുപതാം വാര്‍ഷികാഘോഷ ഉദ്ഘാടന ചടങ്ങിന് എത്തിയിരുന്നു. അവരെ വേദിയില്‍ ഫോട്ടോവൈഡ് അഭിനന്ദിച്ചു. ചടങ്ങില്‍ എത്താന്‍ സാധിക്കാതിരുന്ന തിരുവനന്തപുരം ബാവാസ്, കണ്ണൂര്‍ വീഡിയോ ലിങ്ക്, നിമ്മീസ് എറണാകുളം, കലാ തൃശൂര്‍, വീനസ് കോട്ടയം, ഫോര്‍ടെക് എറണാകുളം, സിഡിലാം എറണാകുളം എന്നീ സ്ഥാപനങ്ങളെയും ആദരിച്ചു. ഫോട്ടോലിങ്കിന്റെ ആകര്‍ഷണീയമായ ഗിഫ്റ്റ് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും നല്കി.