സെന്‍സറുകളുടെ കാര്യത്തില്‍ അല്‍പ്പം ഡിജിറ്റലൈസേഷന്‍

0
779

സെന്‍സറുകളുടെ കാര്യത്തില്‍ അല്‍പ്പം ഡിജിറ്റലൈസേഷന്‍ ടെക്‌നിക്ക് ഉണ്ടാവേണ്ടത് നല്ലതു തന്നെയാണ്. കാരണം, ഫോട്ടോഗ്രാഫിയില്‍ സെന്‍സറുകള്‍ക്ക് അതിരുകളില്ല. അവിടെ പ്രൊഫഷണല്‍ എന്നോ, അമച്വര്‍ എന്നോ ഇല്ല. തന്നെയുമല്ല, വീഡിയോയെന്നോ ഫോട്ടോയെന്നോ പോലുമുള്ള വേര്‍തിരിവ് ഇവിടെ കാണാനാവില്ലെന്നതാണ് സത്യം. എന്നാല്‍ വീഡിയോ അല്ലെങ്കില്‍ സിനിമാ ചിത്രീകരണത്തിനുദ്ദേശിച്ചു നിര്‍മ്മിക്കുന്ന ക്യാമറകളില്‍ എല്ലാം തന്നെ ‘സൂപ്പര്‍ 35’ സെന്‍സര്‍ ഉള്‍ക്കൊള്ളിച്ചാണ് നിര്‍മ്മിക്കുക. അതു കൊണ്ട് തന്നെ അവയെല്ലാം പെര്‍ഫെക്ട് വീഡിയോ ഗ്രാഫി ക്യാമറളാണെന്ന ധാരണ വച്ചു പുലര്‍ത്തുന്നതും ശരിയല്ല. ഏതാണ്ടെല്ലാ നിര്‍മ്മാതാക്കളും ഇത്തരം ക്യാമറകളാണ് അധികവും ഈ കാലത്ത് പുറത്തിറക്കാറുള്ളത്. ചിത്രത്തിന്റെ ഗുണമേന്മയില്‍ സെന്‍സര്‍ സൈസ് വളരെയധികം പങ്കുവഹിക്കുന്നുണ്ടെന്നതു തന്നെ ഇതിനു കാരണം. ഇതില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും തര്‍ക്കമില്ല. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ ഇത് വ്യക്തമാണ്. അതു കൊണ്ട് തന്നെ പറയട്ടെ, നിങ്ങളുടെ ക്യാമറകളിലെ സെന്‍സറുകളെക്കുറിച്ച് നിങ്ങള്‍ എത്ര നന്നായി അറിയുന്നുവോ, അത്രയും ഫോട്ടോഗ്രാഫി പരമായ നിങ്ങള്‍ മുന്നിലാണ്. ഇനി നമുക്ക് എന്താണ് ‘എസ്35’ സെന്‍സര്‍ എന്നു നോക്കാം. അതു മനസ്സിലാക്കുന്നതിനു നാം അല്പം പുറകോട്ടു സഞ്ചരിക്കേണ്ടതുണ്ട്. അതായത് പഴയ ഫിലിം കാലഘട്ടത്തിലേക്ക് .
സൂപ്പര്‍ 35 എം.എം എന്ന ആശയം ലോക ചലച്ചിത്ര ലോകം നിരാകരിച്ചതാണ്. എങ്കില്‍ക്കൂടിയും പ്രശസ്തരുടേത് അടക്കം ലോകമൊട്ടാകെ ആയിരത്തിനു മുകളില്‍ സിനിമകള്‍ ഈ ഫോര്‍മാറ്റില്‍ ഇറങ്ങിയിട്ടുണ്ട് എന്നതാണ് ലഭ്യമായ വിവരം. മലയാളത്തില്‍ ഈ ഫോര്‍മാറ്റില്‍ ചിത്രീകരിച്ചവയുടെ വിവരം ലഭ്യമല്ല. ഈ ഫോര്‍മാറ്റിനു തീയേറ്റര്‍ പ്രൊജക്ഷന്‍ ഇല്ലായിരുന്നു എന്നതായിരുന്നു പ്രധാന ന്യൂനത. ‘സൂപ്പര്‍ 35 എം.എം’ ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്തവ കണ്‍വര്‍ട്ടു ചെയ്തതിനുശേഷം മാത്രമേ തീയേറ്റര്‍ പ്രൊജക്ഷന്‍ സാധ്യമായിരുന്നുള്ളൂ. അതിനാല്‍ തന്നെ വളരെപെട്ടെന്നുതന്നെ ഈ ഫോര്‍മാറ്റ് പിന്തള്ളപ്പെട്ടു.
നമുക്കറിയാം 35 എം എം ഫിലിമിലാണ് സിനിമകള്‍ ചിത്രീകരിച്ചിരുന്നതെന്ന്. സ്റ്റില്‍ ഫോടോഗ്രഫിയിലും 35എം.എം തന്നെ ഉപയോഗിക്കുന്നു. കാലം മാറിവന്നു ഫിലിമില്‍ നിന്നും ഡിജിറ്റലിലേക്ക് മാറേണ്ടി വന്നപ്പോള്‍ 35എം.എം. എന്ന അളവുകോല്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ചുവടുമാറ്റം സംഭവിച്ചത്. ഇന്നിപ്പോള്‍ ഈ അളവുകോലിനെ നാം ‘ഫുള്‍ ഫ്രെയിം’ എന്ന് വിളിക്കുന്നു. എന്നാല്‍ വ്യത്യസ്ത ക്യാമറകളില്‍ വിവിധ അളവുകളില്‍ സെന്‍സര്‍ കാണപ്പെട്ടു വരുന്നു. പ്രത്യേകിച്ച് വീഡിയോ സിനിമാ ചിത്രീകരണം ഉദ്ദേശിച്ചുള്ളവയില്‍ മേല്‍ പ്രതിപാദിച്ച ‘എസ് 35’ സെന്‍സര്‍ ഉപയോഗിച്ചുവരുന്നു .
1954-ല്‍ ആണ് സൂപ്പര്‍ 35 എന്ന ഫിലിം ആശയം രൂപപ്പെട്ടതെങ്കിലും എണ്‍പതുകളിലാണ് ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങിയത്. 4:3 എന്ന ആസ്‌പെക്റ്റ് റേഷ്യോയില്‍നിന്നും മാറിച്ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അക്കാലം. വിസ്താരമ പ്രൊജക്ഷന്‍ ഈ സമയം വിജയപ്രദമായിരുന്നെങ്കിലും ചിത്രീകരണത്തിലും പ്രൊജക്ഷനിലും വരുന്ന ഭാരിച്ച ചിലവും കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും ടെക്‌നീഷ്യന്മാരെ അതില്‍നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
സിനിമ ചിത്രീകരണത്തില്‍ സാധാരണയായി രണ്ട് ഓഡിയോ ട്രാക്ക്കൂടി ഫിലിമില്‍ ആലേഖനം ചെയ്യുന്നു. തന്മൂലം 21.95 എം.എം വീതിയാണ് ചിത്രീകരണത്തിനു ലഭിക്കുക. ശബ്ദ ലേഖനത്തിനായുള്ള ഈ ഭാഗംകൂടി ചിത്രീകരണത്തിനായി ഉപയോഗപ്പെടുത്തുമ്പോള്‍ ചിത്രീകരണത്തിനായി 24.89 എം.എം. ഏരിയ ലഭിക്കുന്നു. തന്മൂലം മികച്ച പിക്ചര്‍ ക്വാളിറ്റി ലഭിക്കുന്നു. പക്ഷെ, സൂപ്പര്‍ 35എം.എം ഫോര്‍മാറ്റില്‍ ശബ്ദലേഖനം ഒഴിവാക്കപ്പെടുമ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനില്‍വരുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. അതിനാലാണ് ഈ സാങ്കേതികത്വം പെട്ടെന്ന് തന്നെ ചലച്ചിത്ര ലോകം പുറന്തള്ളിയത്.
വീഡിയോ ചിത്രീകരണത്തിനു ഫുള്‍ഫ്രെയിം ക്യാമറയാണ് നല്ലതെന്ന അബദ്ധധാരണ മിക്കവര്‍ക്കുമുണ്ട്. ക്യാമറ ഏതായാലും 1920*1080 എന്ന പിക്‌സല്‍ അളവാണ് ഉപയോഗപ്പെടുത്താറ്. ഓരോ പിക്‌സലിനെയും പ്രതിപാദിക്കുന്ന അളവാണ് മൈക്രോണ്‍ എന്നത്. വലിയ പിക്‌സലുകള്‍ക്ക് പ്രകാശത്തേയും വര്‍ണ്ണങ്ങളെയും പ്രോസസ്സ് ചെയ്ത് മികച്ച ചിത്രം നല്‍കാന്‍ കഴിയും. 1920*1080 എന്ന പിക്‌സലളവില്‍ വിവിധതരം പിക്‌സല്‍ അളവുള്ള സെന്‍സറില്‍ വ്യത്യസ്ത സൈസിലായിരിക്കും ചിത്രം പതിയുക. അങ്ങിനെവരുമ്പോള്‍ ഫുള്‍ എച്.ഡി വീഡിയോയില്‍ വ്യത്യസ്ത പിക്ചര്‍ ക്വാളിറ്റിയുണ്ടാവുന്നു. കാനന്‍ 7.ഡി 4:3 മൈക്രോണ്‍, കാനന്‍ 5.ഡി 6:7 മൈക്രോണ്‍ എന്നിങ്ങനെയാണ് പിക്‌സല്‍ അളവ് . സ്വാഭാവികമായും 1920*1080 എന്ന പിക്‌സല്‍ അളവില്‍ 5.ഡി ക്യാമറയില്‍ കൂടുതല്‍ ഏരിയ കവര്‍ചെയ്യും. ഇവിടെ പറഞ്ഞുവരുന്നത് വീഡിയോ ചിത്രീകരണത്തില്‍ സെന്‍സര്‍ മുഴുവനായും ഉള്‍്‌പ്പെടുന്നില്ലയെന്നതാണ്. എന്നാല്‍ ക്രോപ് സെന്‍സറില്‍ (എ.പി.എസ്.സി) ഉള്ളതിനേക്കാള്‍ കൂടുതല്‍ ഏരിയയുണ്ട് താനും. അതിനൊരു പരിഹാരമായാണ് സൂപ്പര്‍35 എം.എം എന്ന എസ്35 സെന്‍സറിന്റെ ആവിഷ്‌കാരം ഉണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here