Home Cameras കാലാഹരണപ്പെട്ട ക്യാമറ സര്‍ക്കാര്‍ സ്‌കൂളില്‍, ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സ്‌കൂളിലെ വര്‍ക്ക് നഷ്ടമാകും

കാലാഹരണപ്പെട്ട ക്യാമറ സര്‍ക്കാര്‍ സ്‌കൂളില്‍, ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സ്‌കൂളിലെ വര്‍ക്ക് നഷ്ടമാകും

5504
0
Google search engine
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നല്‍കിയതില്‍ വ്യാപക അഴിമതിക്ക് വഴിയൊരുക്കിയതായി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചരണം. ഏകദേശം 12 കോടി രൂപയ്ക്ക് മുകളിലാണ് ഇതിനു വേണ്ടി സര്‍ക്കാര്‍ ചിലവഴിച്ചത്രേത. സ്‌കൂളുകളില്‍ നടക്കുന്ന പരിപാടികള്‍ ദൃശ്യവത്ക്കരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹൈടെക്ക് സ്‌കൂള്‍ പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും ഇതുമൂലം ആയിരക്കണക്കിനു ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചു. ഇതിനെതിരേ വ്യാപകപ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. സര്‍ക്കാരിന്റെ ഈ തെറ്റായ നയത്തിനെതിരേ ഫോട്ടോഗ്രാഫര്‍ രംഗത്ത് വന്നതോടെയാണ് പ്രശ്നത്തില്‍ ഫോട്ടോവൈഡിനും ഇടപെടേണ്ടി വന്നത്. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ
പക്ഷപാതം ഉള്‍പ്പെടെയുള്ള കള്ളക്കളി വെളിച്ചത്തു വന്നത്.

ഡിജിറ്റല്‍ സാങ്കേതിക ലോകത്തെ പുത്തനുണര്‍വ്വിനു സാക്ഷിയാകുന്ന മിറര്‍ലെസ് ക്യാമറകളുടെ തള്ളിക്കയറ്റത്തിനിടയിലാണ് കാലാഹരണപ്പെട്ട സാങ്കേതികവിദ്യ നിറഞ്ഞ ഒരു ലോ ബജറ്റ് എന്‍ട്രി ലെവല്‍ ക്യാമറ വലിയ വിലക്കിഴിവൊന്നുമില്ലാതെ സര്‍ക്കാര്‍ മേടിച്ചു കൂട്ടിയത്. കഴിഞ്ഞവര്‍ഷം 4558 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് കാനോണ്‍ 1500 ഡി ക്യാമറകള്‍ നല്‍കിയത്. ക്യാമറ ബോഡി, ക്യാമറ ലെന്‍സ്, 32 ജിബി എസ്ഡി കാര്‍ഡ്, യുഎസ്ബി ഡേറ്റ കേബിള്‍, ബാറ്ററി, ചാര്‍ജര്‍, ട്രൈപ്പോഡ്, ക്യാരി കേസ്, ക്യാമറ സ്ട്രിപ്പ്, യൂസര്‍ മാനുവല്‍ എന്നിവയാണ് വിതരണത്തിനു നല്‍കിയത്. അമേരിക്കയില്‍ റിബല്‍ ടി7 എന്നും ജപ്പാനില്‍ കിസ് എക്സ്90 എന്ന പേരിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ 1500 ഡി എന്ന പേരിലും അറിയപ്പെടുന്ന ക്യാമറയാണിത്. 24 എംപി റെസല്യൂഷന്‍ ലഭിക്കുമെങ്കിലും എപിഎസ്-സി സീമോസ് സെന്‍സര്‍ ആണ് ഇതിലുള്ളത്. അഡ്വാന്‍സ്ഡ് ഫോട്ടോ സിസ്റ്റം ടൈപ്പ് സി എന്ന് അറിയപ്പെടുന്ന ഈ സെന്‍സറിന് 25.1-16.7 എംഎം വലിപ്പമേയുള്ളു. ആസ്പെക്ട് റേഷ്യ കൂട്ടിയിരിക്കുന്നതിനാല്‍ 1500 ഡി യില്‍ 22.3-14.9 എംഎം വലിപ്പമേ സെന്‍സറില്‍ നിന്നും ലഭിക്കുന്നുള്ളു. ഐഎസ്ഒ റേഷ്യോ പോലും അതു കൊണ്ടു തന്നെ 6400 യില്‍ ചുരുക്കേണ്ടിയും വന്നു. ഇതു മൂലം ലോ ലൈറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ അല്‍പ്പം പ്രൊഫഷണലിസം പുറത്തെടുക്കേണ്ടി വരും. 3200 ഐഎസ്ഒ-യില്‍ പോലും ചിത്രമെടുത്തു നോക്കിയപ്പോള്‍ ശക്തമായ നോയിസ് കാണിച്ച ക്യാമറയാണിത്. ഇതിന്റെ ഡൈനാമിക്ക് റേഞ്ച് പോലും ആവറേജിലും താഴെയാണ്. എന്നാല്‍ സെനോണ്‍ ഫ്ളാഷ് നല്ല റേഞ്ച് നല്‍കുന്നുണ്ടെങ്കിലും ബാറ്ററി ഊറ്റുകയാണ് എന്നായിരുന്നു ക്യാമറ ഉപയോക്താക്കളുടെ പരാതി.
എന്‍ട്രി ലെവല്‍ ബജറ്റ് ക്യാമറ എന്ന നിലയ്ക്ക് ഈ ക്യാമറ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിപണിയിലെത്തുന്നത്. ഈ ക്യാമറ ഉപയോഗിച്ച് വീഡിയോ എടുത്ത് വിക്ടേഴ്സ് ചാനലിനു നല്‍കാനും സ്‌കൂള്‍ വിക്കി പദ്ധതിക്ക് വേണ്ടി ചിത്രങ്ങള്‍ നല്‍കാനുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്നാല്‍ എന്‍ട്രി ലെവല്‍ ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ ഏറ്റവും മോശം പ്രകടനമാണ് ഈ ക്യാമറ നടത്തുന്നത് എന്ന് ഒട്ടു മിക്ക റിവ്യുകളും വെളിപ്പെടുത്തുന്നു. വീഡിയോ എച്ച്ഡി അല്ലെന്നതാണ് മുഖ്യ പ്രശ്നം. എംപിഇജി-4, എച്ച്.264 ഫോര്‍മാറ്റില്‍ മാത്രമാണ് ഇതില്‍ വീഡിയോ പകര്‍ത്താന്‍ കഴിയൂ. മൈക്കും സ്പീക്കറും മോണോ മാത്രമാണെന്നത് മറ്റൊരു പ്രശ്നം, ക്യാമറയുടെ മോട്ടോര്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം വരെ ഇതില്‍ റെക്കോഡ് ആവുന്നുവെന്നതാണ് വലിയ പ്രശ്നമായി എന്‍ഡിടിവി ഗാഡ്ജറ്റ് ഷോയില്‍ ചൂണ്ടിക്കാണിച്ചത്. 1080പിയില്‍ 30 എഫ്പിഎസില്‍ (ഫ്രെയിംസ് പെര്‍ സെക്കന്‍ഡ്) വീഡിയോ ചിത്രീകരിച്ചാല്‍ നല്ല വീഡിയോ ലഭിക്കുമെന്നു കമ്പനി പറയുമ്പോള്‍ മറ്റു പല കമ്പനികളുടെയും എന്‍ട്രി ലെവല്‍ ക്യാമറയില്‍ 60 എഫ്പിഎസില്‍ ഫുള്‍ എച്ച്. ഡി ലഭ്യമാക്കിയിട്ട് വര്‍ഷങ്ങളായി എന്ന ആരോപണത്തിനു മറുപടിയില്ല. ഈ ക്യാമറയ്ക്ക് എച്ച്ഡി ഇല്ലെന്ന കാര്യം പോലും മറച്ചു വെച്ചു കൊണ്ടാണ് വിക്ടേഴ്സ് ചാനലിനു വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്താമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചിരിക്കുന്നത്.

കാനോണിന്റെ തന്നെ 1300ഡിയുടെ പരിഷ്‌ക്കരിച്ച രൂപം മാത്രമാണ് 1500 ഡി. മിറര്‍ലെസ് ക്യാമറകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് ഇതിലും മികച്ച ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ പല മൊബൈല്‍ ക്യാമറകള്‍ക്കും കഴിയുമെന്നത് മറ്റൊരു കാര്യം. ഇതിലെ എച്ച്ഡി ക്ലാരിറ്റി തന്നെയാണ് കേരളത്തില്‍ മൊജോ (മൊബൈല്‍ ജേര്‍ണലിസം)യെ വളര്‍ത്തിയതെന്നു സര്‍ക്കാരിന്റെ ഐടി വിദഗ്ധര്‍ അറിഞ്ഞില്ലെന്നുണ്ടോ?
ഈ ക്യാമറയുടെ ബാറ്ററിയെക്കുറിച്ച് ഇറങ്ങിയപ്പോള്‍ തന്നെ വന്‍ പഴികള്‍ ഉയര്‍ന്നിരുന്നു. ഒറ്റച്ചാര്‍ജില്‍ 600 ജെപിജി ചിത്രങ്ങള്‍ പകര്‍ത്താമെന്നായിരുന്നു കമ്പനിയുടെ വാദമെങ്കിലും ടെസ്റ്റ് റിവ്യുവില്‍ ഇത് 500 ല്‍ താഴെയായത് വന്‍ നാണക്കേടായി. 1300 ഡിയില്‍ ഉപയോഗിച്ച എല്‍പി-ഇ10 ബാറ്ററി തന്നെയാണ് ഇതിലും ഉപയോഗിച്ചത്. വൈഫൈ, ലൈവ് വ്യു, ഫ്ളാഷ് എന്നിവ ഉപയോഗിച്ചാല്‍ ബാറ്ററിയുടെ റേഞ്ച് ഊഹിക്കാവുന്നതേയുള്ളു.
കാനോണിന്റെ 1500 ഡി-ക്ക് 37,995 രൂപയാണ് വില. എന്നാല്‍ ഓണ്‍ലൈനില്‍ ഇത് 30,000 രൂപയ്ക്ക് താഴെ ലഭിക്കും. 1300 ഡിയുമായി താരതമ്യം ചെയ്താല്‍ 6000 രൂപയുടെ വ്യത്യാസം. രണ്ടും തമ്മില്‍ മെഗാപിക്സലിന്റെ കാര്യമൊഴിച്ചാല്‍ കാര്യമായ വ്യത്യാസങ്ങളില്ല താനും. കാനോണ്‍ ഡി 1500 ഡിയുടെ റിവ്യുവുമായി താരതമ്യം ചെയ്താല്‍ എതിരാളി നിക്കോണ്‍ ഡി3400 തന്നെയാണ് മികച്ചതെന്ന് ടെക് ലോകം പറയും. വിലയിലും കാര്യമായ വ്യത്യാസമുണ്ട് താനും. അഞ്ചുവര്‍ഷത്തെ ഓണ്‍സൈറ്റ് വാറന്റി നല്‍കാം എന്ന ഉറപ്പിന്മേലാണ് കാനോണ്‍ 4558 ക്യാമറകളുടെ കരാര്‍ ഉറപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ ഈ ഓണ്‍സൈറ്റ് വാറന്റി ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ കാര്യത്തില്‍ മറ്റൊരു മഹാ തട്ടിപ്പാണെന്ന് ക്യാമറ ലോകത്തുള്ളവര്‍ക്ക് അറിയാം. സാധാരണ വാറന്റിക്കു പുറമേ ഈ ഓണ്‍സൈറ്റ് വാറന്റിക്ക് വേണ്ടി പിന്നേയും കോടികള്‍ സര്‍ക്കാര്‍ ചെലവഴിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മിറര്‍ലെസ് ക്യാമറകളുടെ വരവോടെ ഈ എന്‍ട്രി ലെവല്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാകുമെന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ 2023-ന് ഇതിന് വാറന്റി കൊടുക്കുന്നതിന്റെ അയഥാര്‍ത്ഥ്യം ഒന്ന് ഊഹിച്ചു നോക്കൂ.
ബില്‍ഡ് ക്വാളിറ്റി, ഡിസൈന്‍ നിലവാരം, ഇമേജ് ക്വാളിറ്റി, വീഡിയോ ക്വാളിറ്റി, പെര്‍ഫോമന്‍സ്, മുടക്കുന്ന പണത്തിനുള്ള മൂല്യം എന്നിവയ്ക്ക് അഞ്ചില്‍ മൂന്നു പോലും മാര്‍ക്ക് നേടാന്‍ കഴിയാതെ പോയ ഈ തട്ടിക്കൂട്ട് ക്യാമറയാണ് ഓരോ സ്‌കൂളിന്റെയും തലയില്‍ കെട്ടിവച്ചിരിക്കുന്നതെന്ന് ഓര്‍ക്കണം. ബേഴ്സ്റ്റ് മോഡിലെ മോശം പെര്‍ഫോമന്‍സ് കൊണ്ട് തുടക്കക്കാര്‍ക്ക് ഒറ്റ ക്ലിക്കില്‍ നല്ല ചിത്രമെടുക്കാന്‍ പണിപ്പെടേണ്ടി വരും. തന്നെയുമല്ല, വീഡിയോ മോഡില്‍ മോശം ഇമേജ് സ്റ്റെബിലൈസേഷന്‍ കാരണം ദൃശ്യങ്ങള്‍ ഷെയ്ക്ക് ആവുന്നതും ക്യാമറയുടെ പ്രശ്നമായി വ്യാഖ്യാനിക്കുന്നുണ്ട്.

കാര്യമായ അവഗാഹമില്ലാതെ, ലോകവിപണിയില്‍ തന്നെ പരാജയപ്പെട്ട ഒരു ക്യാമറയെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് ശുപാര്‍ശ ചെയ്തവരാവും ഈ വന്‍ പദ്ധതിയുടെ പാളിച്ചയില്‍ പ്രതികളാകാന്‍ പോവുന്നത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പിന്റെ മറ്റൊരു പ്രത്യക്ഷ ഉദാഹരണം കൂടിയാണ് ഈ ക്യാമറ വില്‍പ്പന വഴി സര്‍ക്കാരിന്റെ തലയിലേക്ക് ഉരുണ്ടു കയറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here