പാനാസോണിക്ക് പുതിയ മൂന്നു ലെന്‍സുകള്‍ പുറത്തിറക്കി

0
1521

പാനാസോണിക്ക് പുതിയതായി പുറത്തിറക്കിയ എസ് വണ്‍, എസ്‌വണ്‍ആര്‍ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ക്കു വേണ്ടി മൂന്നു പുതിയ ലെന്‍സുകള്‍ പുറത്തിറക്കി. ഇതില്‍ 70-200 എഫ്4, 24-105എംഎം എഫ്4 എന്നിവ രണ്ടു ക്യാമറകളുടെയും കിറ്റുകള്‍ക്കൊപ്പം ലഭിക്കുന്നതാണ്.

ലുമിക്‌സ് എസ് പ്രോ 50 എംഎം എഫ് 1.4 എന്ന ലെന്‍സ് കഴിഞ്ഞ വര്‍ഷം ഫോട്ടോകിനയില്‍ അവതരിപ്പിച്ചതാണ്. 40 എംഎം വ്യാപ്തിയില്‍ ആസ്ഫറിക്കല്‍ എലമെന്റ് സൃഷ്ടിച്ചിരിക്കുന്ന ഈ ലെന്‍സ്, ഇത്തരത്തില്‍ വിസ്തീര്‍ണ്ണത്തില്‍ ലോകത്തിലെ ആദ്യത്തേതാണെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്ന് ഇ.ഡി, രണ്ട് ആസ്ഫറിക്കല്‍ ഉള്‍പ്പെടെ 13 എലമെന്റുകളാണ് ഈ ലെന്‍സിലുള്ളത്. ഇതില്‍ ലീനിയര്‍, സ്റ്റീപ്പിങ് എന്നിങ്ങനെ രണ്ടു ഫോക്കസ് മോട്ടോറുകളാണുള്ളത്. ലുമിക്‌സ് ക്യാമറകളിലെ 480 എഫ്പിഎസ് സെന്‍സര്‍ റീഡിങ്ങിനു വേണ്ടി പ്രത്യേകമായി തയ്യാര്‍ ചെയ്തതാണിത്. വീഡിയോ ക്യാപ്ചറിങ്ങിനു വേണ്ടി മിനിമല്‍ ഫോക്കസില്‍ സ്മൂത്ത് എക്‌സ്‌പോഷര്‍ കിട്ടുന്നതിനു വേണ്ടിയാണ് ഈ ലെന്‍സ് ഒരുക്കിയതെന്നു കമ്പനി അവകാശപ്പെടുന്നു. 2299 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ വില.

രണ്ടു മിറര്‍ലെസ് ക്യാമറകളിലെയും ഇമേജ് സ്റ്റെബിലൈസേഷനെ കാര്യമായി സഹായിക്കുന്നതിനു വേണ്ടിയാണ് 70-200 എഫ് 4 ലുമിക്‌സ് എസ് പ്രോ എന്ന ലെന്‍സ് പുറത്തിറക്കിയിരിക്കുന്നത്. 6.5 സ്റ്റോപ്പ് ഷെയ്ക്ക് റിഡക്ഷന്‍ ലഭ്യമാക്കുന്ന ലെന്‍സാണിത്. ആസ്ഫറിക്കല്‍, യുഎച്ച്ആര്‍, യുഇഡി, ഇഡി എന്നിവ ഉള്‍പ്പെടെ 23 എലമെന്റുകള്‍ ഉള്ള ലെന്‍സാണിത്. 480 ഫ്രെയിമുകള്‍ സെക്കന്‍ഡില്‍ ക്യാപ്ചര്‍ ചെയ്യാന്‍ കരുത്തുള്ള ലീനിയര്‍ മോട്ടോറിലാണ് ലെന്‍സ് പ്രവര്‍ത്തനം. ഫോക്കസ് ബ്രീത്തിങ് ഒഴിവാക്കി ഈ ലെന്‍സില്‍ ഫോക്കസ് ക്ലച്ച് (ഓട്ടോ- മാനുവല്‍ ഫോക്കസിലേക്ക് ഞൊടിയിട കൊണ്ട് മാറുവാനുള്ള സജ്ജീകരണം) സംവിധാനവും ഒരുക്കിയിരിക്കുന്നു. പൊടി, ഈര്‍പ്പം എന്നിവയെ തടയാന്‍ വെതര്‍ സീല്‍ഡ് കവചവുമുണ്ട്. 1699 ഡോളറാണ് ഇതിനു പാനാസോണിക്ക് വിലയിട്ടിരിക്കുന്നത്.

ലുമിക്‌സ് എസ് 24-105 എംഎം എഫ്4 മാക്രോ ലെന്‍സാണ് മൂന്നാമത്തെ ലെന്‍സ്. മിനിമം ഫോക്കസ് പോയിന്റ് 0.3 മീറ്ററാണ്. 0.5 എക്‌സ് പരമാവധി മാഗ്നിഫിക്കേഷനും. 480 എഫ്പിഎസില്‍ ഓട്ടോ ഫോക്കസ് കണ്‍ട്രോളോടു കൂടി പ്രവര്‍ത്തിക്കുന്ന ഈ ലെന്‍സില്‍ ലീനിയര്‍ മോട്ടോര്‍ ആണുള്ളത്. സ്‌റ്റെബിലൈസേഷന്‍ പിന്തുണയോടു കൂടി പ്രവര്‍ത്തിക്കുന്ന ഇതില്‍ ഇഡി. രണ്ട് ആസ്ഫറിക്കല്‍ ഇഡ്, രണ്ട് ആസ്ഫറിക്കല്‍, മൂന്നു ഇഡി എലമെന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 1299 ഡോളറാണ് വില.

മൂന്നു ലെന്‍സുകളും ഏപ്രിലിലാണ് ലഭ്യമാവുക. മാക്രോ ലെന്‍സ് എസ്1/എസ്1ആര്‍ കിറ്റിനൊപ്പം നേടിയാല്‍ 899 ഡോളര്‍ നല്‍കിയാല്‍ മതി.

LEAVE A REPLY

Please enter your comment!
Please enter your name here