സോണി എ6400 മിറര്‍ലെസ് ക്യാമറ ഇന്ത്യന്‍ വിപണിയില്‍

0
1335

സോണിയുടെ പുത്തന്‍ മിറര്‍ലെസ് ക്യാമറ ഇന്ത്യന്‍ വിപണിയില്‍. എ6400 എന്നാണ് ഇതിന്റെ പേര്. റിയല്‍ ടൈം ഐ ഓട്ടോ ഫോക്കസ് എന്ന അത്യുഗ്രന്‍ ഫീച്ചറോടു കൂടിയാണ് ക്യാമറ എത്തുന്നത്. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ഓട്ടോഫോക്കസ് സംവിധാനമുള്ള ക്യാമറയെന്നാണ് സോണി ഇതിനെ വിശേഷിപ്പിക്കുന്നത്. വെറും 0.02 സെക്കന്‍ഡിനുള്ളില്‍ ക്യാമറ ഓട്ടോ ഫോക്കസ് ആവുമത്രേ. എ6300-നും എ 6500-നും ഇടയ്ക്കുള്ള മോഡല്‍ എന്ന നിലയിലാണ് സോണി ഈ ക്യാമറയെ അവതരിപ്പിക്കുന്നത്. എപിഎസ്-സി സെന്‍സര്‍ 24.3 എംപി കരുത്തു കാട്ടുന്നു. 30 എഫ്പിഎസില്‍ 4കെ വീഡിയോ ഷൂട്ട് ചെയ്യാം.

75,990 രൂപ (ബോഡിക്കു മാത്രമായി) മുതല്‍ക്കാണ് ഇതിന്റെ പ്രാരംഭ വില. 16-50എംഎം ലെന്‍സ് സഹിതമാണെങ്കില്‍ 85,990 രൂപയും 18-135 എംഎം ലെന്‍സിനോടൊപ്പമാണെങ്കില്‍ 1,09,990 രൂപയും നല്‍കണം. (നികുതികള്‍ അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം)

എ6300 മോഡലിന്റെ പിന്‍ഗാമി എന്ന നിലയ്ക്കാണ് ഈ മിറര്‍ലെസ് ക്യാമറ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരിലേക്ക് എത്തുന്നത്. എന്നാല്‍ സോണിയുടെ ഒരു ഫ്‌ളാഗ്ഷിപ്പ് മോഡല്‍ അല്ല ഇതെന്ന പ്രത്യേകതയും ഉണ്ട്. ഇത്തരത്തിലൊന്ന് കഴിഞ്ഞ ഡിസംബറില്‍ എ6500 എന്ന പേരില്‍ സോണി പുറത്തിറക്കിയിരുന്നു. പുതിയ മോഡല്‍ വിലക്കുറവു കൊണ്ടു മാത്രമല്ല സാങ്കേതിക തികവു കൊണ്ടും ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചേക്കും. 5 ആക്‌സിസ് ഇന്‍ ബോഡി ഇമേജ് സ്‌റ്റെബിലേസേഷന്‍ ഉള്ള ക്യാമറയാണിത്.

വേഗമേറിയ ഓട്ടോ ഫോക്കസിന്റെ കാര്യത്തില്‍ എ6500 നെയും കവച്ചു വെക്കുന്നുണ്ട് എ6400. 425 ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് പോയിന്റുകളാണ് ക്യാമറയിലുള്ളത്. അത്ര തന്നെ കോണ്‍ട്രാസ്റ്റ് ഡിറ്റക്ഷന്‍ പോയിന്റുകളും ഈ ക്യാമറയുടെ ചിത്രനിലവാരത്തെ ഉയര്‍ത്തുന്നു. അതിവേഗ എഎഫ് ക്യാമറയുടെ വേഗതയാണ് കാണിക്കുന്നത്. ഇതിനായി ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസ്സസ്സറിന്റെ സഹായവും ക്യാമറയ്ക്കുണ്ട്. 
ഇതിലുള്ള ഐ ഓട്ടോ ഫോക്കസ് ഫീച്ചര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോരുത്തരുടെയും കണ്ണുകള്‍ തിരിച്ചറിഞ്ഞ് ക്യാമറ തനിയെ ഷൂട്ട് ചെയ്യുന്ന രീതിയാണിത്. ഷട്ടര്‍ ബട്ടണ്‍ ഹാഫ് പ്രസ് ചെയ്താലുടന്‍ ക്യാമറ ഓട്ടോമാറ്റിക്കായി ഡിറ്റക്ട് ചെയ്യുന്നവരുടെ ചിത്രങ്ങള്‍ സേവ് ചെയ്യും. ഇതിനു പുറമേ ഇത്തരത്തില്‍ വന്യജീവികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഫീച്ചര്‍ വൈകാതെ സോണി അവതരിപ്പിക്കുന്നുണ്ട്. ഈ ഫീച്ചര്‍ വൈകാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാന്‍ സോണി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കഴിയും. ഇത്തരമൊരു ഫീച്ചര്‍ സോണിയുടെ ക്യാമറകളില്‍ ഇത് ആദ്യമാണ്. സബജക്ട് റെക്കഗ്നീഷനു (വിഷയത്തെ തിരിച്ചറിയാന്‍) വേണ്ടി ഒരു പുതിയ റിയല്‍ ടൈം ട്രാക്കിങ് ഫീച്ചറും ഈ ക്യാമറയിലുണ്ട്.

180 ഡിഗ്രിയില്‍ തിരിക്കാവുന്ന 3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എല്‍സിഡി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയ്ക്കു പുറമേ 32,000 ഐഎസ്ഒ, പിക്‌സല്‍ ബിന്നിങ് ഇല്ലാതെ 4കെ വീഡിയോ റെക്കോഡ് ചെയ്യാവുന്ന സൗകര്യം എന്നിവയൊക്കെ എ6400-ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here