100എംപിയുമായി ഫ്യൂജി ജിഎഫ്എക്‌സ് മീഡിയം ഫോര്‍മാറ്റ് ക്യാമറ

0
1119

സെപ്തംബര്‍ 2018-ല്‍ ഫോട്ടോകിനയിലാണ് ഫ്യൂജിഫിലിം തങ്ങളുടെ അടുത്ത തലമുറ ജിഎഫ്എക്‌സ് മീഡിയം ഫോര്‍മാറ്റ് ക്യാമറകളെക്കുറിച്ച് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് അന്ന് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ദുബായില്‍ നടക്കുന്ന ഗള്‍ഫ് ഫോട്ടോ പ്ലസ് ഇവന്റില്‍ വച്ച് ഫ്യുജിഫിലിം പറയുന്നു, തങ്ങള്‍ ഈ പദ്ധതിയില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല. ഇതിന്റെ ചില പ്രോട്ടോടൈപ്പ് സാംപിള്‍ എന്ന നിലയ്ക്ക് ജിഎഫ്എക്‌സ് 100 എന്നു പേരിട്ടിരിക്കുന്ന ഒരു ക്യാമറയുടെ ബോഡി ഫ്യുജി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

100 എംപി ബിഎസ്‌ഐ സിമോസ് സെന്‍സറാണ് ഈ ക്യാമറയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഫ്യുജി വെളിപ്പെടുത്തുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ലക്ഷ്യമിടുന്ന ഈ മീഡിയം ഫോര്‍മാറ്റ് ക്യാമറയില്‍ ബില്‍ട്ട് ഇന്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ തുടങ്ങി ആധുനിക സങ്കേതങ്ങള്‍ ഒട്ടനവധിയുണ്ട്. ജിഎഫ്എക്‌സ് 100 എന്ന ഇത് ജിഎഫ്ക്‌സ് 50 എസിന്റെ അടുത്ത തലമുറ ക്യാമറയാണെന്നു വേണമെങ്കില്‍ പറയാം. ഫ്യൂജിയുടെ ജി മൗണ്ട് ഉപയോഗിച്ച 50എസ് ക്യാമറയില്‍ അള്‍ട്രാ സോണിക്ക് വൈബ്രേഷന്‍ സെന്‍സര്‍ ക്ലീനിങ് സിസ്റ്റം പോലെ ആധുനിക സങ്കേതങ്ങള്‍ ഒട്ടനവധിയുണ്ടായിരുന്നു. ഒഐഎസ് ടൈപ്പ് ലൈന്‍സുകള്‍ക്ക് വേണ്ടി ഇമേജ് സ്റ്റെബിലൈസര്‍ ചെയ്യപ്പെട്ട ഈ ക്യാമറയില്‍ ഫോക്കല്‍ പ്ലെയ്ന്‍ ഷട്ടറാണ് ഉണ്ടായിരുന്നത്.

മെക്കാനിക്കല്‍ ഷട്ടര്‍, ഇലക്ട്രോണിക്ക് ഷട്ടര്‍, ഇലക്ട്രോണിക്ക് ഫ്രണ്ട് കര്‍ട്ടന്‍ ഷട്ടര്‍, മെക്കാനിക്കലും ഇലക്ട്രോണിക്കും ചേര്‍ന്ന ഷട്ടര്‍, ഫ്‌ളാഷിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സിംഗ്രനൈസ്ഡ് ഷട്ടര്‍ സ്പീഡ് എന്നിങ്ങനെ വിവിധ തരത്തില്‍ ഫോട്ടോഗ്രാഫറുടെ മനസ്സ് ആഗ്രഹിക്കുന്നിടത്ത് ക്യാമറ എത്തുന്ന തരത്തിലുള്ളതായിരുന്നു 50എസ്. ജിഎഫ്എക്‌സിലേക്ക് വരുമ്പോള്‍ ഇതില്‍ നിന്നും വന്‍ പരിഷ്‌ക്കാരങ്ങള്‍ പ്രതീക്ഷിക്കാം. 3.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ (ട്വില്‍റ്റ് ചെയ്യാവുന്നത്) എല്‍സിഡി പാനല്‍ ഉണ്ടായിരുന്ന 50എസില്‍ നിന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെങ്കിലും ഒന്നിലധികം പാനലുകള്‍ പ്രോട്ടോടൈപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറയുടെ മുകള്‍ ഭാഗത്തും പ്രധാന എല്‍സിഡിയുടെ താഴെ ഭാഗത്തുമായി ആകെ മൊത്തം മൂന്നു എല്‍സിഡി ഡിസ്‌പ്ലേകള്‍ വ്യക്തമായിരുന്നു. ഇതില്‍ പ്രധാന എല്‍സിഡി മാത്രമായിരിക്കണം ടച്ച് ഓപ്ഷന്‍. മറ്റ് രണ്ടും ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്ന ഡിസ്‌പ്ലേ സ്‌ക്രീന്‍ ആവാനാണ് സാധ്യത. 

സ്റ്റില്‍ ക്യാമറ എന്നതിനൊപ്പം മാറുന്ന കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ മൂവികളെയും കാര്യമായി സപ്പോര്‍ട്ട് ചെയ്യുന്ന വിധത്തിലായിരിക്കണം ഈ ക്യാമറ ആവിഷ്‌ക്കരിക്കുന്നത്. 50 എസില്‍ ഉണ്ടായിരുന്ന ഫുള്‍ എച്ച്ഡിയില്‍ നിന്നും 4കെ, 6കെ മാറ്റം തീര്‍ച്ചയായും ഉണ്ടാവുമെന്നുറപ്പ്. 50എസില്‍ ഉണ്ടായിരുന്ന ടച്ച് സ്‌ക്രീന്‍ മോഡ് (ഷൂട്ടിങ് മോഡ്, പ്ലേബാക്ക് മോഡ്) വീണ്ടും പരിഷ്‌ക്കരിച്ചേക്കാം. കൂടുതല്‍ ഫീച്ചറുകള്‍ ഇക്കാര്യത്തിലുണ്ടായേക്കുമെന്നാണ് സൂചന.

ലിയോണ്‍ ബാറ്ററി (എന്‍പി-ടി125)യിലും മാറ്റം ഉണ്ടായേക്കാം. 50എസില്‍ ഇത് 400 ഷോട്ടുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 100 എംപിയിലേക്ക് വരുമ്പോള്‍ ഈ ബാറ്ററിയും ശക്തിയാര്‍ജ്ജിക്കുമെന്നുറപ്പ്. 850 ഗ്രാം മാത്രമായിരുന്നു 50 എസിന്റെ ഭാരമെങ്കില്‍ പുതിയ ക്യാമറയ്ക്ക് അല്‍പ്പം കൂടി ഭാരം വര്‍ദ്ധിച്ചാലും അതിശയിക്കേണ്ടതില്ല. ബോഡി അല്‍പ്പം കൂടി ഡൈനാമിക്ക് ആക്കുന്നതിനൊപ്പം റാഡിക്കല്‍ ഷെയ്പ്പിലേക്ക് മാറുന്ന സൂചനയും പ്രോട്ടോടൈപ്പ് നല്‍കുന്നു.

ഫുള്‍ഫ്രെയിം ക്യാമറയില്‍ ചിത്രങ്ങള്‍ ലഭിക്കുന്ന രീതിയില്‍ തന്നെ സെന്‍സര്‍ വിഡ്ത്ത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇതിനായി മെക്കാനിക്കല്‍ ഷട്ടറും ഐബിഐഎസ് യൂണിറ്റും പ്രവര്‍ത്തിപ്പിച്ച് 1.7 എക്‌സ് സെന്‍സര്‍ സ്റ്റെബിലൈസ് ചെയ്യുകയാണ് ഇവിടെ. ഇതു കൊണ്ട് മികച്ച ദൃശ്യങ്ങള്‍ നല്‍കാന്‍ ഈ ക്യാമറയ്ക്കു കഴിയുമെന്നാണ് ഫ്യൂജിയുടെ അവകാശവാദം.
മൂവി, സ്റ്റില്‍, മള്‍ട്ടിപ്പിള്‍ എക്‌സ്‌പോഷര്‍ മോഡുകള്‍ എന്നിവയ്ക്ക് വേണ്ടി ക്യാമറയുടെ ഇടതു വശത്തായി വലിയ ത്രീ പൊസിഷന്‍ ഡയല്‍ നല്‍കിയിരിക്കുന്നു. ഇതില്‍ മാറ്റം ഉണ്ടാകാനിടയില്ല. എന്നാല്‍ 50എസിനെ അപേക്ഷിച്ച് ഇലക്ട്രോണിക്ക് വ്യൂഫൈന്‍ഡറില്‍ മാറ്റം വന്നേക്കാം. ഫോക്കസ് മോഡ് വ്യൂ ഫൈന്‍ഡറിന്റെ വലതു ഭാഗത്തു നിന്നും ഇടതു ഭാഗത്തേക്ക് മാറ്റിയിരിക്കുന്നു. സ്‌ക്രീനിന്റെ വലതു ഭാഗത്തേക്ക് റീ ലൊക്കേറ്റ് ചെയ്തിരിക്കുന്ന പ്ലേബാക്ക്, പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്ന 4 വേ കണ്‍ട്രോളര്‍, ടോപ്പ് മൗണ്ട് ഡിസ്‌പ്ലേയ്‌ക്കൊപ്പം തന്നെ ക്യാമറയുടെ പിന്നില്‍ (മെയിന്‍ എല്‍സിഡിയ്ക്ക് താഴെയായി) നല്‍കിയിരിക്കുന്ന ക്യാമറ സെറ്റിങ്ങുകള്‍ വിശദമാക്കുന്ന ഒഎല്‍ഇഡി റിബണ്‍ ഡിസ്‌പ്ലേ എന്നിവയൊക്കെയും പ്രധാന മാറ്റങ്ങള്‍ തന്നെ.

ഇപ്പോള്‍ കാണുന്ന വിധത്തില്‍ ജിഎഫ്എക്‌സ് 100 എത്തണമെന്നില്ല. എന്നാലും ആധുനികമായ പല സങ്കേതങ്ങളും ഇതില്‍ ഫ്യുജി ഒളിപ്പിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ചിലപ്പോള്‍ അടുത്ത വര്‍ഷം വിപണിയിലെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഈ ക്യാമറ ഇപ്പോള്‍ തന്നെ എതിരാളികളുടെ ഉറക്കം കെടുത്തിയിരിക്കുന്ന എന്ന കാര്യത്തില്‍ ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here