Home Cameras കാനോണിന്റെ രണ്ടാം ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ, ഇഒഎസ് ആര്‍പി

കാനോണിന്റെ രണ്ടാം ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ, ഇഒഎസ് ആര്‍പി

3095
0
Google search engine

കാനോണിന്റെ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ ശ്രേണിയിലേക്ക് രണ്ടാമത്തെ ക്യാമറ എത്തുന്നു. എന്‍ട്രിലെവല്‍ ബോഡിയുമായി വരുന്ന ഇതിന് ഇഒഎസ് ആര്‍പി എ്ന്നാണ് പേര്. ഡിജിറ്റല്‍ ഫുള്‍ ഫ്രെയിം ക്യാമറകളില്‍ ഏറ്റവും വില കുറഞ്ഞ ക്യാമറ എന്ന വിശേഷണവുമായാണ് ഈ ക്യാമറയെ കാനോണ്‍ അവതരിപ്പിക്കുന്നത്. 1299 ഡോളറാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന്റെ ബോഡിയുടെ വില. സോണിയുടെ എ7നെ അപേക്ഷിച്ച് 400 ഡോളര്‍ കുറവ്. കാനോണിന്റെ രണ്ടാമത്തെ മാത്രം ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയാണിത്.

എപിഎസ്-സി ഫോര്‍മാറ്റില്‍ നിന്നും അപ്‌ഗ്രേഡ് ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരെ മനസ്സില്‍ കണ്ടു കൊണ്ടാണ് കാനോണ്‍ ഇത്തരമൊരു ബജറ്റ് ക്യാമറ അവതരിപ്പിക്കുന്നത്. കാനോണിന്റെ ഏറ്റവും പുതിയ ആര്‍എഫ് മൗണ്ടാണ് ഇതില്‍ ഉപയോഗിക്കുന്നതെങ്കിലും ജനപ്രിയ ഇഎഫ്, ഇഎഫ്-എസ് ലെന്‍സ് മൗണ്ടുകള്‍ അഡാപ്റ്ററിന്റെ സഹായത്തോടെ ഇതില്‍ ഉപയോഗിക്കാം.

ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ് സിസ്റ്റവുമായെത്തുന്ന ക്യാമറയ്ക്ക് 26 എംപി സീമോസ് സെന്‍സര്‍ ആണുള്ളത്. ഡിജിക്ക് 8 പ്രോസ്സസ്സര്‍ നല്‍കുന്ന കരുത്ത് ചില്ലറയല്ല. ഒപ്പം ഫ്രെയിമിന്റെ ഹൊറിസോണ്ടലായി 88 ശതമാനവും വെര്‍ട്ടിക്കലായി 100 ശതമാനവും ഓട്ടോഫോക്കസ് നല്‍കാന്‍ ഇതിനാവുന്നു. ഇതിനു വേണ്ടി സെലക്ട് ചെയ്യാവുന്ന 4770 ഓട്ടോഫോക്കസ് പോയിന്റുകളാണ് ക്യാമറയിലുള്ളത്.

ഓട്ടോ, മാനുവല്‍ (100-40000 എന്നിങ്ങനെ ഐഎസ്ഒ നല്‍കിയിരിക്കുന്നു. ബൂസ്റ്റഡ് വേര്‍ഷനില്‍ ഇത് 50-102400 ആണ്. പ്രീസെറ്റ് ചെയ്യപ്പെട്ട ആറു വൈറ്റ് ബാലന്‍സുകള്‍ക്കു പുറമേ ഉപയോക്താവിന്റെ ഇഷ്ടാനുസരണം വേണമെങ്കില്‍ സെറ്റ് ചെയ്യാവുന്ന കസ്റ്റം വൈറ്റ് ബാലന്‍സ് സെറ്റിങ്ങുമുണ്ട്. 
ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഒഴിവാക്കിയിരിക്കുന്നു. എങ്ങനെ വേണമെങ്കിലും തിരിക്കുകയോ മറിക്കുകയോ ചെയ്യാവുന്ന എല്‍സിഡിക്ക് മൂന്ന് ഇഞ്ച് വലിപ്പമുണ്ട്. ടച്ച് സ്‌ക്രീനാണിത്. ഇലക്ട്രോണിക്ക് വ്യൂ ഫൈന്‍ഡര്‍ 100 ശതമാനം കവറേജ് നല്‍കുന്നു. മിനിമം ഷട്ടര്‍ സ്പീഡ് 30 സെക്കന്‍ഡാണ്. പരമാവധി ഷട്ടര്‍ സ്പീഡ് 1/4000 സെക്കന്‍ഡും. പ്രോഗ്രാം, ഷട്ടര്‍ പ്രയോറിട്ടി, അപ്പര്‍ച്ചര്‍ പ്രയോറിട്ടി, മാനുവല്‍ എന്നിങ്ങനെ എക്‌സ്‌പോഷര്‍ മോഡുകള്‍ നല്‍കിയിരിക്കുന്നു. പക്ഷേ ബില്‍ട്ട് ഇന്‍ ഫ്‌ളാഷ് ഇല്ല. സെക്കന്‍ഡില്‍ ഫുള്‍ ഫ്രെയിമില്‍ അഞ്ചു ചിത്രങ്ങള്‍ വരെ പകര്‍ത്താം. 4കെ, ഫുള്‍ എച്ച്ഡി പകര്‍ത്താവുന്ന വീഡിയോ മോഡ് നല്ല പ്രവര്‍ത്തനം കാഴ്ച വെച്ചേക്കും.

കാലാവസ്ഥകളെ പ്രതിരോധിക്കാനുള്ള സംവിധാനം ഒഴിവാക്കിയിരിക്കുന്ന ക്യാമറയ്ക്ക് പവര്‍ കണ്‍സംപ്ഷനു വേണ്ടി ബാറ്ററി പാക്കാണ് നല്‍കിയിരിക്കുന്നത്. 250 ചിത്രങ്ങള്‍ വരെ ഒറ്റചാര്‍ജില്‍ ഷൂട്ട് ചെയ്യാം. 485 ഗ്രാം ഭാരമുള്ള ക്യാമറയില്‍ ഓറിയന്റേഷന്‍ ഫീച്ചറുകള്‍ (ബില്‍ട്ട് ഇന്‍ വൈ ഫൈ, ബ്ലൂടൂത്ത്) നല്‍കിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ ക്യാമറ ലഭ്യമാകും. ബോഡിയും ആര്‍എഫ് 24-105 എംഎം എഫ്4 എല്‍ ഐഎസ് യുഎസ്എം ലെന്‍സ് കിറ്റും സഹിതം 2399 ഡോളറാകും വില. ബോഡിക്ക് മാത്രമാണ് 1299 ഡോളര്‍.

LEAVE A REPLY

Please enter your comment!
Please enter your name here