(മാതൃഭൂമി മുന്‍ ഫോട്ടോഗ്രാഫര്‍ ബി. ചന്ദ്രകുമാര്‍ രാജന്പൊതുവാളുമായി നടത്തിയ അഭിമുഖം)
അതെ, മലയാളികള്‍ക്ക് രാജന് പൊതുവാള് എന്ന പേരിന് ഒരു വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
മാതൃഭൂമി പത്രത്തിന്റെ ഫോട്ടോ എഡിറ്റര്‍ പദവിയില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന ടി. രാജന് പൊതുവാള് നാല്‍പ്പത് വര്‍ഷം നീണ്ട പത്ര പ്രവര്‍ത്തന ജീവിതം കൊണ്ട് വായനക്കാരുടെ മനസ്സില്‍ സൃഷ്ടിച്ച ഇമേജ് അസൂയാവഹമാണ്. റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ കണ്ടെത്തിയ ശേഷം ഫോട്ടോഗ്രാഫറെ വിളിച്ചു ഫോട്ടോ എടുപ്പിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായ വഴിയിലൂടെ നടക്കാന്‍ ഇഷ്ടപ്പെട്ട പത്ര ഫോട്ടോഗ്രാഫര്‍മാരില്‍ മുന്നില്‍ നില്ക്കുന്ന രാജന് പൊതുവാള് ഒരു കാലഘട്ടത്തിന്റെ ആശയും ആവേശവും ആയിരുന്നു.
അഡ്വക്കേറ്റ് അല്ല ചീഫ് ജസ്റ്റിസ് പോലും വഴിമാറികൊടുക്കുന്ന ഒരു പത്രഫോട്ടോഗ്രാഫര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ അത് രാജന് പൊതുവാള് അല്ലാതെ മറ്റാരുമല്ല എന്ന് പറഞ്ഞാല്‍ അസൂയക്കാര് പോലും സമ്മതിക്കും.
ഹൈക്കോടതിയില്‍ പത്രക്കാര്‍ക്ക് വിലക്ക് ഏര്‍പെടുത്തുന്ന ഇന്നത്തെ അവസ്ഥയിലാണ് രാജന് പൊതുവാള് എന്ന ഫോട്ടോഗ്രാഫര്‍ സമൂഹത്തില്‍ ഉണ്ടാക്കിയ സല്പേരിന്റെ പ്രസക്തിയേറുന്നത്.
കവച്ചു വെക്കുന്ന കഴിവ് തെളിയിച്ചവരുണ്ടെന്നു സമ്മതിക്കുന്നു. പക്ഷെ ഗുരുവായൂര്‍ കേശവനെപോലെ തല ഉയര്‍ത്തി നില്ക്കുന്ന രാജന് പൊതുവാളിന്റെ ഗരിമ തികച്ചും മാതൃകാപരമാണ്. ആരും ആര്‍ക്കും സമമല്ല എന്ന സത്യം ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ പറയട്ടെ, പല കാര്യത്തിലും, ആരും രാജന് പൊതുവാളിനെക്കാള് ഉയരെയല്ല.കഴിഞ്ഞ മുപ്പത് വര്‍ഷമായി ഞാന്‍ അദ്ദേഹത്തെ നിരീക്ഷിക്കുന്നു. കയറി ചെല്ലുന്നിടത്തൊക്കെ തന്റെ സാന്നിധ്യം അറിയിച്ച് കടന്നു പോകാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ.
തൃശ്ശൂരില്‍ ജോലി ചെയ്തിരുന്ന പത്ര ഫോട്ടോഗ്രാഫര്‍മാര്‍, തങ്ങളുടെ തൃശ്ശൂര്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഈയിടെ ഒത്തു ചേര്‍ന്നപ്പോള്‍ ഉണ്ടായ ഒരനുഭവം പറയാം. അന്ന് പ്രസംഗിച്ച ഓരോ വ്യക്തിക്കും പറയാന്‍ ഉണ്ടായിരുന്നത് രാജന് പൊതുവാളിനെക്കുറിച്ചായിരുന്നു. തൃശ്ശൂരിലെ അനുഭവം പങ്കു വെക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് പൊതുവാളിന്റെ മഹത്വം വാഴ്ത്തുന്ന വേദിയായി മാറി എന്ന് ചുരുക്കം. അതാണ് രാജന് പൊതുവാള്.
മറ്റൊരു പത്രഫോട്ടോഗ്രാഫര്ക്കും ഇല്ലാത്ത ഒരു തേജസ് ആ പ്രതിഭയെ വലയം വെക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ ഇനി മറ്റൊരു ഉദാഹരണം പറയേണ്ടതില്ല. അങ്ങനെയുള്ള രാജന് പൊതുവാളിനെക്കുറിച്ച് ഫോട്ടോവൈഡില് ഇതാദ്യമായാണ് ഒരു അഭിമുഖം വരുന്നത്.

അന്ത്യയാത്രയ്ക്കിടയിലെ നാടകം: തമിഴ്പത്രങ്ങള്ക്കു പോലും കിട്ടാത്ത ഈ ചിത്രമാണ് ജയലളിതക്ക് തമിഴില്‍ വെന്നിക്കൊടി പാറിക്കാന്‍ തക്ക സഹതാപതരംഗം സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു.
അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ ദുബായില്‍ ആയിരുന്നു. പിന്നൊരിക്കല്‍ വിളിച്ചപ്പോള്‍ ബാംഗ്ലൂരില്‍. പിന്നെ വിളിച്ചപ്പോള്‍ ശബരിമലയില്‍.
‘ചന്ദ്രാ, എന്നെക്കുറിച്ച് നിനക്ക് എല്ലാം അറിയാല്ലോ, നിനക്ക് എഴുതാവുന്നതല്ലേയുള്ളൂ…..ശബരിമലയില്‍ നിന്ന് എത്തിയാല്‍ ഉടനെ ഞാന്‍ നിന്നെ വിളിക്കാം. വീട്ടിലോട്ടു വന്നാല്‍ മതി…നമുക്ക് അവിടിരുന്നു സംസാരിക്കാം.
അദ്ദേഹം എന്നോട് ഫോണില്‍ പറഞ്ഞു.
‘ശരി ചീഫ്’- ഞാന്‍ പറഞ്ഞു.
(ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ കീഴില്‍ ജോലി നോക്കിയിരുന്ന മാതൃഭുമി ഫോട്ടോഗ്രാഫര്‍മാരെല്ലാം ഇന്നും അദ്ദേഹത്തെ ചീഫ് എന്ന് തന്നെയാണ് വിളിക്കുന്നത്.)
ഫോണില്‍ പറഞ്ഞതനുസരിച്ച്, തിരുവനന്തപുരം ചെമ്പകശേരിയിലുള്ള അദ്ദേഹത്തിന്റെ വീടായ ‘പദ്മത്തില്‍’ ഒമ്പത് മണിയോടെ എത്താം എന്നാണ് ഞാന്‍ സമ്മതിച്ചിരുന്നത്. അതനുസരിച്ച് ഞാന്‍ തയ്യാറാവുകയും ചെയ്തു. അപ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു സുഹൃത്തിന്റെ വിളി.
‘ചന്ദ്രാ, കനകക്കുന്നില്‍ ഒരു പരിപാടിയുണ്ട് എട്ടര മണിക്കാണ്; കുറച്ചു ഫോട്ടോ എടുക്കണം. നീ വരുമോ ? ഉടനേ നിനക്ക് മടങ്ങി പോകാം….’ സുഹൃത്ത് പറഞ്ഞു.
‘അയ്യോ രക്ഷയില്ല എനിക്ക് വേറൊരു പരിപാടിയുണ്ട്, ഒമ്പത് മണിക്ക്.’- ഞാന്‍ പറഞ്ഞു.

‘അത് ഒമ്പത് മണിക്കല്ലേ, അതിനു മുമ്പ് നിനക്ക് ഇവിടന്നു പോകാം. എന്ത് പരിപാടിയാണ് ?’- സുഹൃത്ത് ചോദിച്ചു.
‘രാജന് പൊതുവാളിന്റെ ഒരു പ്രോഗ്രാമാണ്’- ഞാന്‍ പറഞ്ഞു.
‘അയ്യോ, ന്നാ നീ പൊയ്ക്കോ, അത് മുടക്കണ്ട…’ സുഹൃത്ത് പറഞ്ഞു. കണ്ടില്ലേ; രാജന് പൊതുവാള് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാര്ക്കും ഒരു മതിപ്പാണ്.
അങ്ങനെയുള്ള രാജന് പൊതുവാളിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ കൃത്യം ഒമ്പത് മണിക്ക് തന്നെ ഞാന്‍ എത്തി. ചെന്ന് കയറിയതും അദ്ദേഹം കസവ് മുണ്ടും ഉത്തരീയവും, ശ്രീ പദ്മനാഭന്റെ ലോക്കറ്റ് തൂങ്ങുന്ന രുദ്രാക്ഷ മാലയും ഒക്കെ അണിഞ്ഞു ക്ഷേത്ര ദര്‍ശനം കഴിഞ്ഞു ഗേറ്റ് കടന്നു വരുന്നു. (നിഷ്ടയുടെ കാര്യത്തില്‍ അഗ്രഗണ്യന്‍ ആണ് പൊതുവാള്. രാവിലെ നാല് മണിക്ക് എഴുന്നേല്ക്കുന്ന എത്ര പത്ര ഫോട്ടോഗ്രാഫര്‍മാര്‍ ഉണ്ടാവും എന്നെനിക്കറിയില്ല. പക്ഷെ പൊതുവാളിന്റെ ഒരു ദിനം തുടങ്ങുന്നത് നാല് മണിക്കാണ്. ഒരു നീണ്ട പ്രഭാത സവാരിയാണ് ആദ്യം. ആ പ്രഭാത സവാരിക്കിടിയില് മനസ്സില്‍ പതിയുന്ന ബിംബങ്ങളും കണ്ണില്‍ കാണുന്ന കാഴ്ചകളും ഉടലെടുക്കുന്ന സൗഹൃദങ്ങളും ഒക്കെയാവും ഓരോ ദിവസത്തെയും വാര്‍ത്താ ചിത്രങ്ങളായി പിറവി കൊള്ളൂന്നത്. അതുകഴിഞ്ഞ് വിശദമായ പത്ര വായനയാണ്. എല്ലാ പത്രങ്ങളും വായിക്കും. ഇന്നത്തെ വാര്‍ത്തകള്‍ നാളത്തെ വാര്‍ത്തകള്‍ക്കുള്ള നവ മുകുളങ്ങള്‍ കൂടിയാണ് . അതുകൊണ്ടു തന്നെ ഓരോ വാര്‍ത്തകളും സൂക്ഷ്മമായി വായിക്കും. എന്നിട്ടാണ് എണ്ണ തേച്ചുള്ള കുളി. അതിനു ശേഷം നേരെ അമ്പലത്തിലേക്ക്. ഭക്തി വെടിഞ്ഞുള്ള ഒരു പണിക്കും പൊതുവാള് ഇല്ല. അമ്പലത്തില്‍ നിന്നുള്ള പ്രസാദം പൂജാ മുറിയില്‍ കൊണ്ട് വെച്ച് കഴിഞ്ഞാല്‍ പിന്നെ പ്രഭാത ഭക്ഷണം. തുടര്‍ന്ന് ക്യാമറ ബാഗും തൂക്കി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ പതിവുപോലെ ഓഫീസിലേക്ക്. മൂന്നര പതിറ്റാണ്ടു പഴക്കമുള്ള ആ ബൈക് ആണ് ഏക വീക്നെസ്. ഒരിക്കല്‍ തിരുവനന്തപുരത്തു സമരക്കാര്‍ കത്തിച്ചതാണ്. എന്നിട്ടും ഉപേക്ഷിച്ചില്ല. വര്‍ക് ഷോപ്പില്‍ കൊടുത്തു നന്നാക്കിയെടുത്തു. ഇപ്പോഴും അതിലാണ് യാത്ര.) അമ്പലത്തില്‍ നിന്ന് വരുന്ന വഴി എന്നെ കണ്ടതും പറഞ്ഞു: ‘ഓണ്‍ ടൈം ആണല്ലോ ചന്ദ്രാ; വാ അകത്തു വാ….മിനീ, രണ്ടാള്‍ക്ക് ബ്രേക്ക് ഫാസ്റ്റ് എടുക്കൂ…..ഒന്നും പറയണ്ട ചന്ദ്രാ, ഇവിടിരിക്ക, കഴിക്ക…’ എന്നൊക്കെ പറഞ്ഞു കൊണ്ട് മിനി ചേച്ചി (പദ്മിനി) കൊണ്ട് വെച്ച ചിരട്ട പുട്ടില്‍ അദ്ദേഹം പയര്‍ കറി ഒഴിച്ചു തന്നിട്ട് സംസാരം തുടങ്ങി.
ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച കാര്യമാണ് പറഞ്ഞു തുടങ്ങിയത്.

‘അന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ (പി.വി. ചന്ദ്രന്) എന്നെ കോഴിക്കോടു ഹെഡ് ഓഫിസില്‍ വിളിച്ചു വരുത്തിയിട്ട് പറഞ്ഞു ഒരു ഡിജിറ്റല്‍ ക്യാമറ വന്നിട്ടുണ്ട്; നോക്കീട്ടു വാങ്ങണോ എന്ന് പറയണം’ എന്ന്.
ഞാന്‍ ആ ക്യാമറ എടുത്തു തിരിച്ചും മറിച്ചും നോക്കി. സംഗതി നിക്കോണ്‍ ച90 ക്യാമറയുടെ ഫിലിം ലോഡ് ചെയ്യുന്ന ഭാഗം പൊളിച്ചു കളഞ്ഞ ശേഷം അവിടെ കൊഡാക് കമ്പനിയുടെ ഡിജിറ്റല്‍ പാക് ഘടിപ്പിച്ചിരിക്കുന്നു. ഫിലിമിന്റെ ഭാഗത്തു സെന്‍സറാണ്. ഫിലിം വേണ്ട എന്ന് സാരം. പക്ഷെ ഇത് എങ്ങനെ പ്രവര്‍ത്തിപ്പിക്കും എന്നതിനെക്കുറിച്ചു ആര്‍ക്കും ഒരു നിശ്ചയവുമില്ല. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ്. ഫോട്ടോ എടുത്ത് ഏല്‍പ്പിച്ചാല്‍ എന്‍ജിനീയര്‍ ബാക്കികാര്യങ്ങള് ശരിയാക്കിക്കോളും എന്ന നിലയിലാണ് കാര്യങ്ങള്‍. അങ്ങനെ ഞാന്‍ ക്യാമറ വാങ്ങി നോക്കി ഒരു ധാരണയില്‍ കുറെ പടങ്ങള്‍ എടുത്തു. എന്നിട്ടു എന്‍ജിനീയറെ ഏല്പിച്ചു. എന്‍ജിനീയര്‍ അതിനെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാന്‍ കുറെ സമയം എടുത്തു. അങ്ങനെ ഒരു ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കാന്‍ ഞാന്‍ പഠിച്ചു. പക്ഷെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യാന്‍ എന്‍ജിനീയറുടെ സഹായം വേണം എന്നത് അപ്രായോഗികമായി തോന്നി. എന്തായാലും മാതൃഭൂമി രണ്ടും കല്പിച്ചു ആ ക്യാമറ വാങ്ങി.
അങ്ങനെ ഒരു ദിവസം ഞാന്‍ ഈ ക്യാമറയും കൊണ്ട് ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ 1996 ലെ മിസ്സ് വേള്‍ഡ് മത്സരം കവര്‍ ചെയ്യാന്‍ പോയി. ഐശ്വര്യറായ്യും മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റേഡിയത്തിനു പുറത്തു സൗന്ദര്യ മത്സരത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നു. ആകെ ബഹള മയം. എനിക്കാണെങ്കില്‍ പുതിയ ഡിജിറ്റല്‍ ക്യാമറയില്‍ പടമെടുത്തു എന്‍ജിനീയറെ ഏല്‍പ്പിക്കണം എന്ന കടമ്പ കടക്കാനുള്ള വെപ്രാളം. പടമെടുത്ത് കഴിഞ്ഞു.

കിരീടമണിയിക്കുന്ന പടമാണ് എടുത്തയക്കേണ്ടത്. രാത്രി പന്ത്രണ്ടു മണി ആയപ്പോഴേക്കും കിരീട ധാരണത്തിനുള്ള സമയമായി. ഞാന്‍ ക്യാമറ ഓണ്‍ ചെയ്തു. എല്ലാ ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് റെഡി ആയി നിന്നു.കിരീടധാരണത്തിന്റെ ഏതാനും ചിത്രങ്ങള്‍ എടുത്തുകൊണ്ടു ഞാന്‍ സ്റ്റേഡിയത്തിനു പുറത്തേക്കു ഓടി . ഓട്ടോ പോലും കിട്ടാനില്ല. ക്യാമറയും ലാപ്ടോപ്പും എല്ലാമായി ഞാന്‍ റോഡിലൂടെ നടന്നു. വല്ല വിധവും മാതൃഭൂമി ബാംഗ്ലൂര്‍ ഓഫീസില്‍ എത്തി ക്യാമറ എന്‍ജിനീയറെ ഏല്പിച്ചു.
അദ്ദേഹം ഒരു മണിയോടെ ടെലിഫോണ്‍ ലൈന്‍ വഴി കോഴിക്കോട് ഓഫീസില്‍ പടം എത്തിച്ചു. രാവിലെ എട്ടു മണി ആയപ്പോള്‍ മാതൃഭുമി പത്രം കിട്ടി. അത് കണ്ടപ്പോഴാണ് സമാധാനമായത്. ഒന്നാം പേജില്‍ ആ പടമുണ്ട്. വെനിന്സോല സുന്ദരി ഐറിന് മിസ്സ് വേള്‍ഡ് ആയി കിരീടം അണിയുന്ന ചിത്രം. അതോടെ ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത ഒരു ന്യൂസ് ഫോട്ടോ അച്ചടിക്കുന്ന ഇന്ത്യയിലെ ആദ്യ പത്രം (1996 നവംബര്‍ 24) മാതൃഭുമിയും ഫോട്ടോഗ്രാഫര്‍ ഞാനും എന്ന ചരിത്രത്തിന് കാലം സാക്ഷിയായി. ആ അനുഭവത്തെക്കുറിച്ചു മാതൃഭൂമി വീക്കെന്റിലും ഫോട്ടോവൈഡിലും ലേഖനം എഴുതിയിട്ടുണ്ട്. അദ്ദേഹം അനുഭവങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. കൗതുകപൂര്‍വ്വം ഞാന്‍ കേട്ടിരുന്നു. മിനിചേച്ചി ഇടയ്ക്കു പപ്പടവും ചായയും ഒക്കെ കൊണ്ട് വെച്ചു.
ചിരട്ട പുട്ടിനു മീതെ പയര്‍ കറി ഒഴിച്ച് തന്നു.

‘അത് കഴിഞ്ഞാല്‍ പിന്നെ എന്റെ ഏറ്റവും പ്രധാന ചിത്രം ജയലളിതയുടേതാണ്…തുടര്‍ച്ചയായി മൂന്നു സംഭവങ്ങളാണ് ഞാന്‍ എടുത്ത ചിത്രങ്ങളിലൂടെ ലോകം അറിഞ്ഞത്….
തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആര് അത്യാസന്ന നിലയിലാണ് എന്നറിഞ്ഞ് ഞാന്‍ തമിഴ്നാട്ടില്‍ എത്തുന്നു. ഒരുമാസം വരെ തമിഴ്നാട്ടില്‍ തങ്ങി. ഓരോ ദിവസവും ആശുപത്രിയില്‍ വരും. കാര്യങ്ങള്‍ അന്വേഷിക്കും. റൂമിലേക്ക് മടങ്ങും….എന്നെപ്പോലെ തന്നെ എല്ലാ ദിവസവും വന്നു പോകുന്ന മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു, എം.ജി. ആറിന്റെ ഇദയക്കനി എന്ന് അറിയപ്പെട്ടിരുന്ന ജയലളിത. വെളുത്തു സുന്ദരിയായ അവര്‍ ഒരു കറുത്ത സാരിയുടുത്ത് ഠച 9999 ബ്ലാക് അംബാസഡര്‍ കാറില്‍ ആശുപത്രീല് വന്നു പോകുന്നുണ്ട്. ഞാന്‍ അത് ഫോട്ടോ എടുത്തു വാര്‍ത്തയാക്കി . അതോടെ എം.ജി.ആറിന്റെ ഭാര്യ ജാനകിയും ബന്ധുക്കളും ജാഗ്രതയിലായി. ജയലളിതയെ അടുപ്പിക്കാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ അവര്‍ ചെയ്തു തുടങ്ങി. മുഖ്യ മന്ത്രിയുടെ ഭാര്യ എന്ന നിലയിലുള്ള സകല സ്വാധീനവും ഉപയോഗിച്ച് ജയലളിതയെ ആശുപത്രിയുടെ പരിസരത്തു നിന്നു മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജയലളിത ആ പതിവ് തുടര്‍ന്ന് കൊണ്ടിരുന്നു.
എന്നും വരുന്നുണ്ടെങ്കിലും എം ജി ആറിനെ കയറി കാണാന്‍ ആര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല . പുറത്തു നിന്നു വിവരങ്ങള്‍ അന്വേഷിച്ചു മടങ്ങുന്നു എന്ന് മാത്രം.
ആസ്പത്രിക്ക് പുറത്തു നില്ക്കുന്ന ആരാധകരില്‍ ചിലരുടെ കൈകളില്‍ മണ്ണെണ്ണയും കാണാമായിരുന്നു!. എം ജി. ആറിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ ആത്മഹത്യ ചെയ്യാനാണ് അവരുടെ പരിപാടി. എല്ലാം കൊണ്ടും നാടകീയമായ രംഗങ്ങളാണ് ഓരോ ദിവസവും. എന്തും സംഭവിക്കാം എന്ന അവസ്ഥ. ഇന്ത്യ മുഴുവന്‍ തമിഴ്നാട്ടില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. ഞാന്‍ ഓരോ ദിവസവും ചിത്രങ്ങള്‍ അടങ്ങുന്ന ഫിലിം റോള്‍ ട്രെയിനില്‍ കൊടുത്തു വിടും. റിപ്പോര്‍ട്ടര്‍ എ. സഹദേവന് ആയിരുന്നു അന്നെന്നോടൊപ്പം ഉണ്ടായിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എം ജി ആറിനെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ട് പോയി.
അങ്ങനെ ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി. ചികിത്സ കഴിഞ്ഞെത്തിയപ്പോള്‍ ഞങ്ങള്‍ വീണ്ടും പോയി. പക്ഷെ ഭയങ്കര സെക്യൂരിറ്റി. ആരെയും അടുപ്പിക്കുന്നില്ല. ഞാന്‍ വിമാന താവളത്തിലേക്ക് പാഞ്ഞു. അവിടെ ചെന്നപ്പോള്‍ ഒരു പോലീസുകാരന് വന്ന് ജയലളിതയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നു എന്ന് പറഞ്ഞു. ഞാന്‍ ക്യാമറയുമായി ഓടി ചെന്നപ്പോള്‍ ജയലളിതയെ മുറിയില്‍ നിന്നും പോലീസുകാര്‍ വളഞ്ഞു കൊണ്ട് പോകുന്ന രംഗമാണ് കണ്ടത്. ഞാന്‍ അത് ഫോട്ടോ എടുത്തു. ഉടന്‍ തന്നെ ഫ്ളൈറ്റില്‍ കയറി. ഫ്ളൈറ്റില്‍ ഇരുന്നു വാര്‍ത്തയും എഴുതി . തിരുവനന്തപുരത്തു വന്നിറങ്ങിയ ഉടന്‍ നേരെ ഓഫിസിലേക്കു പോയി . എന്‍ എന്‍ സത്യവ്രതന് ആയിരുന്നു അന്ന് ന്യൂസ് കോ ഓഡിനേറ്റര്‍. ഞാന്‍ വാര്‍ത്ത കൊടുത്തു വിവരവും പറഞ്ഞു. നമ്മുടെ ലേഖകന്‍ പോലും ആ സംഭവം അറിഞ്ഞിരുന്നില്ല. പിറ്റേ ദിവസത്തെ മാതൃഭൂമിയുടെ ഒന്നാം പേജില്‍ ആ എക്സ്ക്ലൂസിവ് പടവും വാര്‍ത്തയും ഉണ്ടായിരുന്നു.
‘ഇദയക്കനിക്ക് മാത്രം വിലക്ക്’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തക്കും ചിത്രത്തിനും രാജന് പൊതുവാള് എന്ന് ബൈലൈന്‍ ഉണ്ടായിരുന്നു. അങ്ങനെ മാതൃഭൂമി ഓരോ ദിവസവും ഞെട്ടിച്ചു കൊണ്ടേയിരുന്നു. തമിഴ്നാട്ടിലെ പത്രങ്ങള്‍ക്കു പോലും കിട്ടാത്ത വാര്‍ത്തകള്‍ കേരളത്തില്‍ നിന്നുള്ള മാതൃഭൂമിക്ക് കിട്ടുന്നു എന്നത് ചര്‍ച്ചാ വിഷയമായി. എനിക്ക് എഡിറ്ററുടെ പ്രതേക അഭിനന്ദനവും ഇന്‍ക്രിമെന്റും ഒക്കെ കിട്ടി.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം (1987 ഡിസംബര്‍ 25)എം ജി ആര് മരിച്ചു. അപ്പോള്‍ ഞാന്‍ തിരുവനന്തപുരത്താണ്. സംഭവം അറിഞ്ഞ ഉടനെ ഫ്ളൈറ്റില്‍ ചെന്നൈയിലേക്ക് പുറപ്പെട്ടു. അന്നത്തെ മുഖ്യ മന്ത്രി കെ. കരുണാകരനും ആ ഫ്ളൈറ്റില്‍ ഉണ്ടായിരുന്നു. എം.ജി.ആറിന്റെ വിയോഗം തമിഴ് മക്കള്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു. ഫ്ളൈറ്റില്‍ ഇരിക്കുമ്പോള്‍ എത്രയും വേഗം അവിടെ എത്തണം എന്ന ചിന്തയില്‍ എന്റെ മനസ് പിടച്ചു. ചെന്നിറങ്ങുമ്പോള്‍ ചെന്നൈ നഗരമാകെ ശോകം തളം കെട്ടി നിശ്ചലമായി നില്ക്കുന്നു. ഒരു വണ്ടിയും പോകുന്നില്ല. റോഡുകള്‍ നിറയെ ജനം. പിടിച്ചു നിറുത്താനാവാത്ത ഗദ്ഗദങ്ങള്‍ കൂട്ട നിലവിളികളായി മാറിക്കൊണ്ടിരുന്നു. വാവിട്ടുനിലവിളിക്കുന്ന സാധാരണക്കാരുടെ മുഖങ്ങള്‍ എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട് .
രക്തയോട്ടം നിലച്ച ശരീരം പോലെ തമിഴ്നാടിന്റെ മനസ് മരവിച്ചു കിടക്കുന്നു. അതിനു മീതെ എം ജി ആറിന്റെ ശവമഞ്ചം വഹിക്കുന്ന വാഹനം വിലാപയാത്രയായി മെല്ലെ നീങ്ങുന്നു. മുന്നിലെ വാഹനമാണ് കെട്ടി വലിക്കുന്നത്. അതിനുള്ളില്‍ എം ജി ആറിന്റെ ഭാര്യ ജാനകിയും ബന്ധുക്കളും ഇരിപ്പുണ്ട്. ജനം ഒരു പുഴ പോലെ പിന്നാലെ ഒഴുകി വരുന്നു. പെട്ടെന്ന് വെള്ള സാരി ഉടുത്ത ജയലളിത ആ വാഹനത്തിലേക്ക് ചാടിക്കയറുന്നു. ആ വണ്ടിയിലെ പരിമിതമായ സ്ഥലത്തു കൂടെ ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ്വഴക്കത്തോടെ നടന്നു ചെന്ന് എം ജി ആറിന്റെ തലയുടെ അടുത്തായി ഇരിക്കാനായി ഇടം നോക്കുന്നു. അതിനായി അവര്‍ തന്നെ മൃതദേഹം അടങ്ങിയ പേടകം അല്പം നീക്കി വെക്കാന്‍ ശ്രമിക്കുന്നു. വാഹനത്തിന്റെ താഴെ നില്ക്കുന്നവരില് ചിലര്‍ അവരെ സഹായിക്കുന്നു. മറ്റു ചിലര്‍ അരിശം പ്രകടിപ്പിക്കുന്നു…
അപ്പോള്‍ ആ വാഹനത്തില്‍ എംജിആറും ജയലളിതയും മാത്രം. എം ജി ആറിന്റെ മൃതദേഹത്തിനരികെ സത്യവാന്റെ അരികിലെ സാവിത്രിയെ പോലെ അവര്‍ തല ഉയര്‍ത്തിപ്പിടിച്ചിരുന്നു. തൊട്ടു മുന്നിലെ വിഐപി വാഹനത്തില്‍ ഇരിക്കുകയായിരുന്ന എം ജി ആറിന്റെ ഭാര്യ ജാനകിക്കും മറ്റു ബന്ധുക്കള്‍ക്കും അത് ഒട്ടും സഹിച്ചില്ല. അവര്‍ ആക്രോശിച്ചു. ഒട്ടും താമസിയാതെ, അവരുടെ കിങ്കരന്മാര് വന്ന് ജയലളിതയെ തള്ളി താഴെയിട്ടു. പിടിച്ചു നില്ക്കാന് അവര്‍ പഠിച്ച പണി പതിനെട്ടും നോക്കി സാധിച്ചില്ല. അവര്‍ താഴെ വീണു. പിന്നെ ആള്ത്തിരക്കിലെങ്ങോ അവര്‍ മറഞ്ഞു.
ആ നാടകീയ സംഭവങ്ങളെല്ലാം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി … അതെ, ഞാന്‍ മാത്രമേ ഫോട്ടോഗ്രാഫറായി അവിടെ ഉണ്ടായിരുന്നുള്ളൂ; അതുകൊണ്ടു പിറ്റേ ദിവസം മാതൃഭുമിയുടെ ഒന്നാം പേജില്‍ കൊടുക്കേണ്ട എക്സ്ക്ലൂസിവ് ചിത്രവുമായി ഞാന്‍ വിമാന താവളത്തിലേക്ക് ഓടി. ജനസാഗരത്തിനു നടുവിലൂടെ ഞാന്‍ ഒഴുക്കിനെതിരെ നീന്തുകയായിരുന്നു എന്ന് വേണം പറയാന്‍. അങ്ങനെ വല്ല വിധവും വിമാന താവളത്തിലെത്തി. ഫ്ളൈറ്റില്‍ ഫിലിം കൊടുത്തു വിട്ടു. പിറ്റേ ദിവസം മാതൃഭൂമി ഇന്ത്യയിലെ എല്ലാ പത്രങ്ങളെയും ഞെട്ടിച്ചു. ഒന്നാം പേജില്‍ തന്നെ ആ നാടകീയ സംഭവങ്ങളുടെ ചിത്രവും വാര്‍ത്തയും വന്നു.
അടുത്ത ദിവസം തമിഴ്നാട്ടിലെ പത്രങ്ങളെല്ലാം മാതൃഭൂമിയിലെ പടം റീ പ്രൊഡ്യൂസ് ചെയ്തു. റീ പ്രൊഡ്യൂസ് ചെയ്യുന്ന ചരിത്രമില്ലാത്ത ഹിന്ദു പത്രത്തിന് പോലും അത് ചെയ്യേണ്ടി വന്നു. അതോടെ ജയലളിത വല്യ സംഭവമായി. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ആഞ്ഞടിച്ചു. എം.ജി.ആറിന്റെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ആയ ജാനകിയെ നിഷ്കാസനം ചെയ്തുകൊണ്ട് ജയലളിതയുടെ പാര്‍ട്ടി സീറ്റുകളത്രയും തൂത്തു വാരി. പിന്നെ അവര്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയും പുരട്ചി തലവിയും അമ്മയും ഒക്കെ ആയി മാറി.
‘ഞാന്‍ ജയലളിതയെ പിന്നെ ഒരിക്കലും കണ്ടിട്ടില്ല … അവരുടെ പ്രൈവറ്റ് സെക്രട്ടറി ആ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരിക്കല്‍ കത്ത് എഴുതിയിരുന്നു. മാതൃഭൂമിയില്‍ നിന്നും അനുമതി കിട്ടാത്തതിനാല്‍ ഞാന്‍ അതിനോട് പ്രതികരിച്ചില്ല.്’ അദ്ദേഹം പറഞ്ഞു നിറുത്തി.

അതാണ് രാജന് പൊതുവാള്; അങ്ങേയറ്റം ആത്മാര്‍ഥതയോടെ ജോലി നോക്കുമ്പോഴും മാതൃഭൂമി എന്ന സ്ഥാപനത്തെ അന്നവും ജീവനും ആയി കണ്ടു കൊണ്ട് അച്ചടക്കത്തോടെ പ്രവര്‍ത്തിച്ച ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ്. ആ ഒരു ഫോട്ടോ കൊടുത്തുകൊണ്ട്, ജയലളിതയുമായി നല്ല ബന്ധം സ്ഥാപിച്ച്, ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പോകാന്‍ ശ്രമിക്കാതെ മാതൃഭൂമി എന്ന പ്രസ്ഥാനത്തിന്റെ തണലില്‍ സംതൃപ്തി കണ്ടെത്തുകയായിരുന്നു അദ്ദേഹം.
അതിനു അദ്ദേഹം പറയുന്ന ഒരു ന്യായീകരണം ഇങ്ങനെയാണ്:
‘മാതൃഭൂമി വിട്ടു പോകണമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല .സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എന്‍ പി രാഘവ പൊതുവാളിന്റെ ചെറുമകനായ എനിക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലായിരുന്നു.’
പണം സമ്പാദിക്കുക, ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നൊക്കെയുള്ള മോഹങ്ങളൊന്നും പൊതുവാളിനെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. ജോലി, കുടുംബം, ഭക്തി, പിന്നെ ചില സൗഹൃദങ്ങള്‍ എന്നിവയില്‍ ജീവിതത്തെ നിയന്ത്രിച്ചു നിറുത്തി. മറ്റാര്‍ക്കും കിട്ടാത്ത ചിത്രങ്ങള്‍ മാതൃഭൂമിയില്‍ അച്ചടിച്ച് വരുന്നത് കാണുമ്പോള്‍ ഉള്ള ഒരു സന്തോഷം മാത്രമായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ ഓരോ ദിവസത്തെയും സ്വപ്നം. അതിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയുള്ള ചിന്തകളും കാത്തിരിപ്പും അദ്ധ്വാനവും ആയിരുന്നു പ്രധാന അജണ്ട. എന്നും പുറത്തിറങ്ങുമ്പോള്‍ ആള്ക്കാര് പറയണം. ‘ഇന്നത്തെ പടം കണ്ടു. അസ്സലായിട്ടുണ്ട്’ എന്ന്. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും ആ ചിത്രം ഉണ്ടാക്കുന്ന ചലനങ്ങള്‍ കാണുമ്പോള്‍ ഉള്ള സംതൃപ്തിയും കൊണ്ട് സമ്പന്നമായിരുന്നു നാല് പതിറ്റാണ്ടു നീണ്ട മാതൃഭൂമിയിലെ പൊതുവാളിന്റെ ജീവിതം.
തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. 1975 ല്‍ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലാണ് ആദ്യം ജോയിന്‍ ചെയ്യുന്നത്. മലയാള പത്രപ്രവര്‍ത്തകരിലെ ഗജ കേസരികളായ എല്ലാരും അന്ന് മാതൃഭൂമിയില്‍ ആയിരുന്നു. കെ.പി.കേശവമേനോന്, നാലപ്പാട്, കൊറാത്ത്, എം ടി, വിംസി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എന്‍. എന്‍. സത്യവ്രതന് എന്നിവരൊക്കെ നിയന്ത്രിച്ചിരുന്ന അന്നത്തെ മാതൃഭൂമിയില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമായി കരുതുന്നു. ബഹുമുഖ പ്രതിഭയായ മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും, മാനേജിങ് എഡിറ്റര്‍ പി വി. ചന്ദ്രനും ഡയറക്ടര്‍ ശ്രേയംസ്കുമാറും ഒക്കെ എന്നോട് പ്രത്യേക സ്നേഹ വാത്സല്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മരിക്കാത്ത ഓര്‍മ്മകള്‍ ഒരുപാടുണ്ട്. ഊട്ടിയില്‍ ഫ്ളവര്‍ ഷോ കവര്‍ ചെയ്യാന്‍ പോയപ്പോഴാണ് ഞാന്‍ പദ്മിനിയെ പരിചയപ്പെടുന്നത്. ഊട്ടിയില്‍ താമസിക്കുന്ന പൊതുവാള് കുടുംബത്തിലെയാണ് എന്നറിഞ്ഞപ്പോള്‍ ഇഷ്ടം തോന്നി. അങ്ങനെ ചെന്ന് പെണ്ണ് കണ്ടു. വിവാഹം നിശ്ചയിച്ചു. 1979ല്‍ കുടുംബക്കാര് ഞങ്ങളെ ചേര്‍ത്ത് വെച്ചു. ആറു മാസം കഴിഞ്ഞപ്പോള്‍ മാതൃഭൂമിയില്‍ സമരം വന്നു.കമ്പനി പൂട്ടി. ശമ്പളമില്ല. ജീവിതം വഴിമുട്ടി . കല്യാണത്തിന് ഫോട്ടോ എടുത്തു ജീവിക്കാം എന്ന് വെച്ചാല്‍ വില കുറഞ്ഞ മത്സരത്തിനിറങ്ങാന്‍ മനസ് അനുവദിച്ചില്ല. പട്ടിണിയാവും എന്നായപ്പോള്‍ ഊട്ടിയിലെ പദ്മിനിയുടെ വീട്ടിലേക്കു ഞങ്ങള്‍ പോയി. ഇനിയെന്ത് എന്ന ചിന്തയുമായി ഞങ്ങള്‍ അവിടെ കുറച്ചു നാള് അങ്ങനെ കഴിച്ചുകൂട്ടി.
രണ്ടു മാസം കഴിഞ്ഞപ്പോള്‍ മാതൃഭൂമി വീണ്ടും തുറന്ന വിവരം റേഡിയോയിലൂടെ അറിഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ക്ക് മനസമാധാനം ആയത്. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എമ്പതോളം പേരെ സ്ഥലം മാറ്റി. അക്കൂട്ടത്തില്‍ എന്നെ തിരുവനന്തപുരത്തേക്ക് മാറ്റി. മനസില്ലാ മനസോടെയാണ് തിരുവനന്തപുരത്തേക്ക് പോയത്. പക്ഷെ അതെന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. തിരുവനന്തപുരമാണ് എന്നെ ഇന്നറിയുന്ന രാജന് പൊതുവാള് ആക്കിയത്- അദ്ദേഹം ഇത്രേം പറഞ്ഞു നിറുത്തിയപ്പോള്‍ എന്റെ മനസിലേക്ക് ആ കാലം കടന്നു വന്നു.
1980ല്‍ ഒട്ടേറെ പുതുമകളുമായാണ് അന്ന് തിരുവനന്തപുരത്തു മാതൃഭൂമി എഡിഷന് തുടങ്ങുന്നത്. റോട്ടറി പ്രിന്റിങ്ങിനെ മറികടക്കുന്ന ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി ആയിരുന്നു അതില്‍ പ്രധാനം. നല്ല ഒന്നാം തരം പേപ്പറും മുല്ലപ്പൂ പോലെയുള്ള അക്ഷരങ്ങളും കാഴ്ചയുടെ വസന്തം തീര്‍ക്കുന്ന ചിത്രങ്ങളും… എല്ലാം കൊണ്ടും ഒരു സുന്ദരിയുടെ ലക്ഷണം. പട്ടു സാരിയുടുത്തു വന്ന അന്നത്തെ സിനിമാ താരം ലക്ഷ്മിയെപ്പോലെ എന്ന് തന്നെ പറയാം. കസവു മുണ്ടുടുത്ത ജയഭാരതിയെപ്പോലെ കേരള കൗമുദിയും ചട്ടയും മുണ്ടും ഉടുത്ത കെ.ആര്.വിജയയെ പോലെ മനോരമയും തിരുവനന്തപുരത്തുകാരുടെ ഹൃദയം കവര്‍ന്നു നില്ക്കുന്ന അവസരത്തിലാണ് മാതൃഭൂമിയുടെ കടന്നു വരവ്.
കുടുംബത്തിലെ അംഗത്തെപോലെ മാതൃഭൂമിയെ തിരുവനന്തപുരത്തുകാര്‍ സ്വീകരിച്ചു. അന്ന് മാതൃഭൂമി എന്ന് വെച്ചാല്‍ രാജന് പൊതുവാളും രാജന് പൊതുവാള് എന്ന് വെച്ചാല്‍ മാതൃഭൂമിയും പോലെ ആയിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ക്യാമറ ബാഗും തൂക്കി നിവര്‍ന്നിരുന്നു പോകുന്ന ആജാനബാഹു ആയ രാജന് പൊതുവാള് അക്കാലത്തു ഒരു കാഴ്ച തന്നെ ആയിരുന്നു. മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ പതിവായി വരുന്ന ചിത്രങ്ങളും അതിനടിയില്‍ രാജന് പൊതുവാള് എന്ന പേരും വളരെ വേഗം ജനം തിരിച്ചറിയുകയും മനസ്സില്‍ ആരാധന പടരുകയും ചെയ്തു. ഒരു പട്ടാളക്കാരന്റെ ലുക്കും, ആഢ്യത്വമുള്ള പെരുമാറ്റവും, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും, എടുക്കുന്ന ചിത്രങ്ങളുടെ മിഴിവും, അതിനു കീഴെയുള്ള രാജന് പൊതുവാള് എന്ന ആകര്‍ഷണവും എല്ലാം അദ്ദേഹത്തിന് ആരാധകരെ സൃഷ്ടിച്ചു എന്ന് തന്നെ പറയാം.
‘അതെ ചന്ദ്രാ,അതൊക്കെ എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരും എന്നെ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പി സി സുകുമാരന്‍ നായരും ജി ശേഖരന് നായരും പോലുള്ള മിടുക്കരായ പത്രപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത് തുണയായി. പിന്നെ വത്സകുമാര്‍ എന്ന ഡാര്‍ക്റൂം അസിസ്റ്റന്റ് ഇല്ലെങ്കില്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല .ഞാന്‍ എടുത്തയക്കുന്ന ഫിലിമുകള്‍ വളരെ ശ്രദ്ധയോടെ പ്രോസസ്സ് ചെയ്തു മനോഹരമായി പ്രിന്റിട്ടു നല്കുന്നതില് വത്സന്റെ ആത്മാര്‍ത്ഥതയെ നമിക്കണം.
ലാത്തൂരിലെ ഭൂമികുലുക്കം ചിത്രീകരിക്കാന്‍ ഞാനും റിപ്പോര്‍ട്ടര്‍ കെ. രാജഗോപാലും (ഇന്നത്തെ ഫോട്ടോവൈഡിന്റെ ചീഫ് എഡിറ്റര്‍) കൂടി പോയിരുന്നു. അവിടെ കണ്ട കാഴ്ചകള്‍ ഭീകരമായിരുന്നു. തകര്‍ന്നടിഞ്ഞ വീടുകളും, എണ്ണിയാലൊടുങ്ങാത്ത മൃതദേഹങ്ങളും, ഉറ്റവരെ തിരയുന്ന വിലാപങ്ങളും ഒക്കെയായി നൂറുകണക്കിന് ചിത്രങ്ങളാണ് ഞാന്‍ അവിടെ നിന്ന് അന്ന് എടുത്തു കൂട്ടിയത്. എത്ര എടുത്താലും തീരാത്ത വിധം ഭീകര കാഴ്ചകള്‍ ആയിരുന്നു അവിടെ കണ്ടത്. പക്ഷെ എല്ലാം എടുത്തു നടന്നാല്‍ ഞങ്ങള്‍ക്ക് തിരികെ പോകാന്‍ വിമാനം കിട്ടില്ല. അതുകൊണ്ടു ഞങ്ങള്‍ കിട്ടിയ വിമാനത്തില്‍ കയറി ഫിലിമും കൊണ്ട് പോന്നു.
ഒന്ന് രണ്ടാഴ്ച വരെ എനിക്ക് മറ്റൊന്നും ചെയ്യാന്‍ പറ്റാത്ത മാനസികാവസ്ഥ ആയിരുന്നു. കണ്ണില്‍ നിന്നും മനസ്സില്‍ നിന്നും ആ കാഴ്ചകള്‍ മായുന്നില്ല. ആ സമയത്തു കൃത്യമായി ഫിലിം പ്രോസസ്സ് ചെയ്തു പ്രിന്റിട്ടു ഏല്പിച്ചതുകൊണ്ടു മാത്രമാണ് രണ്ടു പേജ് നിറയെ ആ ചിത്രങ്ങള്‍ മാതൃഭൂമിക്ക് കൊടുക്കാന്‍ കഴിഞ്ഞത്. ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു പത്രവും ഇത്രേം പ്രാധാന്യത്തോടെ ആ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവില്ല.
1974 ല്‍ ഞാന്‍ എറണാകുളത്തു ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറെ ആവശ്യമുണ്ടെന്ന പരസ്യം കാണുന്നത്. എന്റെ മലയാളം അധ്യാപകനായിരുന്ന അച്യുതക്കുറുപ്പ് സാറാണ് അന്നെന്നെ പ്രോത്സാഹിപ്പിച്ചത്. ഞാന്‍ അപേക്ഷ അയച്ചു. ഇന്റര്‍വ്യൂവിനു വിളിച്ചു. മാതൃഭൂമി ഒറ്റപ്പാലം ലേഖകന്‍ പി. ആര്. ഉണ്ണിയുടെയും മലയാള മനോരമ ലേഖകന്‍ ദാമോദരന്റെയും കീഴില്‍ ഫോട്ടോ എടുത്തിട്ടുള്ള പരിചയം എന്നെ ഇന്റര്‍വ്യൂവിനു സഹായിച്ചു . അങ്ങനെ 1975 ല്‍ ജോയിന്‍ ചെയ്യുമ്പോള്‍ ചീഫ് എഡിറ്റര്‍ ആയിരുന്ന കെ. പി . കേശവമേനോന് എന്റെ മെലിഞ്ഞ കയ്യില്‍ പിടിച്ചു നോക്കിയിട്ടു ചോദിച്ചു: ‘കൊച്ചു കുട്ടിയാണല്ലോ ഈ പണിയൊക്കെ പറ്റുമോ ?’ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശ്രീനിവാസന് എന്റെ മുന്‍ പരിചയത്തെക്കുറിച്ചും മറ്റും വിശദീകരിച്ചു കൊടുത്തു. ആദ്യത്തെ ബൈലൈന്‍ കിട്ടുന്നത് ഞാന്‍ എടുത്ത ഗുരുവായൂര്‍ കേശവന്റെ ഫോട്ടോയ്ക്കാണ്. അന്നൊക്കെ ബൈലൈന്‍ അപൂര്‍വമായി മാത്രമേ കൊടുക്കാറുള്ളൂ.
വിംസിയാണ് എന്റെ പേര് രാജന് പൊതുവാള് എന്നാക്കിയത്. എന്റെ യഥാര്‍ഥ പേര് ടി.രാജഗോപാല്‍ എന്നായിരുന്നു. വി.രാജഗോപാലിന്റെ പേരുമായി സാമ്യമുള്ളതുകൊണ്ടാണ് പേര് മാറ്റാന്‍ പറഞ്ഞത്. എന്നെ എല്ലാരും രാജന് എന്നാണു വിളിച്ചിരുന്നത്. വിംസി അതിനൊപ്പം പൊതുവാള് എന്ന് കൂടി ചേര്‍ത്ത് വെച്ചാണ് ആദ്യ ബൈലൈന്‍ ഇട്ടത്. അങ്ങനെ അന്നുമുതല്‍ ഞാന്‍ ടി. രാജന് പൊതുവാളായി.
ഇന്ദിരാ ഗാന്ധി മുതല്‍ മോഡി വരെയുള്ള പ്രധാന മന്ത്രി മാരുടെയും ഇ.എം.എസ് മുതല്‍ പിണറായി വരെയുള്ള മുഖ്യമന്ത്രി മാരുടെ ചിത്രം എടുക്കാന്‍ ഭാഗ്യമുണ്ടായി. റോട്ടറിയില്‍ നിന്ന് ഓഫ്സെറ്റിലേക്കും ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്നും കളറിലേക്കും നെഗറ്റീവ് ഫിലിമില്‍ നിന്നും ട്രാന്സ്പരെന്സിയിലേക്കും പിന്നെ ഡിജിറ്റലിലേക്കും ഉള്ള മാറ്റങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും മറക്കാനാവില്ല.
ഞാന്‍ എടുത്ത ഇന്ദിരാഗാന്ധിയുടെ ഫോട്ടോയാണ് ഇന്ത്യയിലെ ആദ്യത്തെ കളര്‍ ന്യൂസ് ഫോട്ടോ (1984 ജനുവരി 1 ലെ പത്രത്തില്‍). ഇന്ദിര ഗാന്ധി വര്‍ക്കലയിലെ ഹെലിപാഡില്‍ വന്നിറങ്ങുന്ന ദൃശ്യം ആയിരുന്നു അത്. ട്രാന്സ്പരെന്സി ഫിലിമില്‍ ആയിരുന്നു അന്ന് ആ ഫോട്ടോ എടുത്തത്. തിരുവനന്തപുരം എല്എംഎസിലുള്ള ഫൈവ് സ്റ്റാര്‍ ഫോട്ടോഗ്രാഫേഴ്സ് ഉടമ ജസ്റ്റിന് സാര്‍ ആണ് അന്നെനിക്ക് ട്രാന്സ്പരെന്സി ഫിലിം പ്രോസസ്സ് ചെയ്തു തന്നത്.
മാതൃഭൂമി കളര്‍ ഫോട്ടോ പ്രിന്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് മറ്റു പത്രങ്ങളെയെല്ലാം പിന്നിലാക്കി മനോരമക്കൊപ്പം എത്തിയത്. പുതിയ വാര്‍ത്താ ചിത്രങ്ങള്‍ കണ്ടെത്തുന്നതില്‍ മാത്രമായിരുന്നു എന്റെ മത്സരം. ഒരിക്കല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നില്ക്കുമ്പോള് രക്ഷാപ്രവര്‍ത്തനത്തിനായി അലാറം മുഴക്കി ഓടുന്ന ഒരു ഫയര്‍ എന്‍ജിന്റെ പിന്നാലെ ഞാന്‍ ബൈക് എടുത്തു പോയി. എവിടേക്കാണ് പോകുന്നതെന്നോ എന്താണ് അപകടമെന്നോ ഒന്നും നിശ്ചയമില്ല. ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ലാത്ത കാലമാണ്. ഇതുപോലെ എന്തെങ്കിലും കണ്ടാല്‍ കൂടെ ഓടുക എന്നല്ലാതെ മാര്‍ഗമില്ല. അങ്ങനെ ഞാന്‍ ഫയര്‍ എന്‍ജിന്റെ പിന്നാലെ ക്യാമറയുമായി ബൈക്കില്‍ പാഞ്ഞു.
പോകുന്ന വഴിക്കു ആ ഫയര്‍ എന്ജിന് മറിഞ്ഞു.
നാട്ടുകാര്‍ ജീവനക്കാരെ രക്ഷിക്കുന്ന ചിത്രമാണ് അന്നെനിക്ക് കിട്ടിയത്. ആ ചിത്രത്തിന് എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടി.
രാജീവ് ഗാന്ധിയും കുടുംബവും കവടിയാര്‍ കൊട്ടാരം സന്ദര്‍ശിച്ച വേളയില്‍ ഞാന്‍ എടുത്ത, മറ്റാര്‍ക്കും കിട്ടാത്ത ചിത്രവും വാര്‍ത്തയും അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മാതൃഭൂമി വീക്കെന്‍ഡില്‍ ഞാന്‍ എഴുതിയ ഒരു സംഭവകഥ സിനിമയായതില്‍ എനിക്ക് സന്തോഷമുണ്ട്. ജയരാജ് സംവിധാനം ചെയ്ത മകള്‍ക്ക് എന്ന ആ സിനിമയില്‍ സുരേഷ് ഗോപിയും ശോഭനയും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഒരു അന്തേവാസിയെക്കുറിച്ചുള്ള എന്റെ ലേഖനമാണ് ജയരാജ് സിനിമയാക്കിയത്.
ഞാന്‍ മാതൃഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ ആകെ മൂന്നു യൂണിറ്റുകള്‍ ആണ് ഉണ്ടായിരുന്നത് . ഇന്നിപ്പോള്‍ പത്തിലധികം യൂണിറ്റുകളാണ്. ഓരോ യൂണിറ്റ് തുടങ്ങുമ്പോഴും ഞാന്‍ അവിടെ ചെന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ യത്നിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ യൂണിറ്റ് തുടങ്ങുമ്പോള്‍ ഡാര്‍ക് റൂം സൗകര്യം പോലും ഇല്ലായിരുന്നു. ഞാന്‍ അവിടെ ചെന്ന ശേഷമാണ് എല്ലാം ശരിയാക്കിയത്.
എനിക്ക് രണ്ട് ആണ് മക്കളാണ്. മൂത്തയാള്‍ അര്ജുന് ഇന്‍ഫോസിസില്‍ എന്‍ജിനീയറാണ്, ഇപ്പോള്‍ കാനഡയില്‍. മറ്റെയാള്‍ ആധിന്‍ സി.എ.ക്കു പഠിക്കുന്നു. ഭാര്യ പദ്മിനി ഹോളി ഏഞ്ചല്‍സ് സ്കൂളില്‍ ടീച്ചറാണ് . മൂത്ത മകന്റെ ഭാര്യ ദീപ ടാറ്റയില്‍ ജോലി നോക്കുന്നു. ചെറുമകന് ജഗന്.
