Home Cameras SONY വ്‌ളോഗര്‍മാരെ ലക്ഷ്യമിട്ട് സോണിയുടെ ആര്‍എക്‌സ്ഒ-2 ചെറു ക്യാമറ

വ്‌ളോഗര്‍മാരെ ലക്ഷ്യമിട്ട് സോണിയുടെ ആര്‍എക്‌സ്ഒ-2 ചെറു ക്യാമറ

1886
0
Google search engine

യുട്യൂബില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ ഉറപ്പായും വേണം. വ്‌ളോഗര്‍മാരെയും (യുട്യൂബേഴ്‌സ്) ആക്ഷന്‍ ഫോട്ടോഗ്രാഫര്‍മാരെയും ലക്ഷ്യമിട്ട് വീണ്ടും സോണിയുടെ ചെറിയ ക്യാമറ എത്തുന്നു. മുന്‍പുണ്ടായിരുന്ന ആര്‍എക്‌സ്ഒ-യുടെ പരിഷ്‌ക്കരിച്ച രൂപമാണിത്. ഗോപ്രോയുടെ അത്രയും വലുപ്പമേ ഇതിനുമുള്ളു. ആര്‍എക്‌സ്ഒ-2 എന്നാണ് പേര്. കോംപാക്ട് ശ്രേണിയിലുള്ള ഇത് പ്രധാനമായും ലക്ഷ്യമിടുന്നത് അഡ്വഞ്ചര്‍ ഫോട്ടോഗ്രാഫിയേയാണ്. ഗോപ്രോയുമായുള്ള മത്സരത്തില്‍ വ്‌ളോഗര്‍മാരെ പരമാവധി കൂടെനിര്‍ത്തുക എന്നതാണ് സോണിയുടെ ഈ ക്യാമറ ലക്ഷ്യം വയ്ക്കുന്നത്. 

ഐഎസ്ഒ 80-12800 എന്ന സെന്‍സിറ്റിവിറ്റി ശ്രേണിയിലുള്ള ഇതില്‍ സോണിയുടെ ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസസിംഗ് എഞ്ചിന്‍ നല്‍കുന്ന, ഒരു ഇഞ്ച് വലിപ്പമുള്ള എക്‌സ്‌മോര്‍ ആര്‍എസ് സിമോസ് സെന്‍സറാണ് ഉള്ളത്. 15.3 മെഗാപിക്‌സല്‍ ശേഷിയില്‍ ഇതില്‍ ചിത്രങ്ങളെടുക്കാനാവും. സീസിസ് ടെസ്സാര്‍ ടി 24 എംഎം എഫ്4.0 വൈഡ് ആംഗിള്‍ ലെന്‍സാണ് ഇതിനുള്ളത്. 20 സെമി അകലത്തില്‍ നിന്നു വരെ ഫോക്കസ് ചെയ്യാന്‍ ഇതിനു കഴിയും. 132 ഗ്രാം ഭാരം മാത്രമേ ഇതിനുള്ളു. ഉള്ളം കൈയില്‍ പിടിക്കാന്‍ കഴിയുന്ന അത്ര വലിപ്പം. 10 മീറ്റര്‍ വരെ വാട്ടര്‍പ്രൂഫാണ് ഇത്. 2 മീറ്റര്‍ ഉയരത്തില്‍ നിന്നു താഴേയ്ക്കു വീണാലും ഒന്നും സംഭവിക്കില്ല. 200 കിലോ ഭാരവുമായി കൂട്ടിയിടിച്ചാലും സംഗതി സുരക്ഷിതമാണത്രേ. ഇതിന്റെ പിന്നിലുള്ള എല്‍സിഡി സ്‌ക്രീന്‍ തിരിക്കുകയും മറിക്കുകയുമൊക്കെ ചെയ്യാം. വെള്ളത്തില്‍ വച്ചു പോലും അനായാസം ഇതു പ്രവര്‍ത്തിപ്പിക്കാനാവും. അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ സ്വിമ്മിങ് പൂളില്‍ വച്ച് ഉപയോഗിക്കാം.

സ്റ്റില്‍ ഫോട്ടോഗ്രാഫിയേക്കാളും വീഡിയോ ചെയ്യാനായി ഉപയോഗിക്കുന്ന ഈ ക്യാമറയില്‍ യാതൊരു തരത്തിലുള്ള പിക്‌സല്‍ ബിന്നിങ്ങും ഇല്ലാതെ 4കെ വീഡിയോ ഷൂട്ട് ചെയ്യാം. സെക്കന്‍ഡില്‍ ആയിരം ഫ്രെയിമുകള്‍ വരെ ഷൂട്ട് ചെയ്യാമെന്ന സവിശേഷത ഉള്ള ഇതില്‍ കംപ്രസ് ചെയ്യാത്ത 4കെ എച്ഡിഎംഐ ഔട്ട്പുട്ടിലൂടെ എടുത്ത് തുടര്‍ച്ചയായി മൂവി റെക്കോഡ് ചെയ്യാം. പിക്ചര്‍ പ്രൊഫൈല്‍, എസ്-ലോഗ്2, ടൈംകോഡ് ഫംഗ്ഷനുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മുന്‍പുണ്ടായിരുന്ന മോഡലില്‍ നിന്നും കളര്‍ റീപ്രൊഡക്ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സോഫ്റ്റ് സ്‌കിന്‍ എഫ്ക്ട് ഓപ്ഷണലായി നല്‍കിയിരിക്കുന്നു. ഇത് ഉപയോഗിച്ച് പ്രൊഫൈലുകള്‍ ചിത്രീകരിക്കാം. ഐ ഓട്ടോഫോക്കസ് ഫംഗ്ഷനും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സബ്ജക്ടിന്റെ കണ്ണുകളിലേക്ക് ഫോക്കസ് ചെയ്ത് ഷട്ടര്‍ പകുതി പ്രസ് ചെയ്താല്‍ അതു ലോക്ക് ആവുകയും തുടര്‍ന്ന് ആ സബ്ജക്ടിനെ പിന്തുടര്‍ന്ന ഓട്ടോ ഫോക്കസ് നിര്‍വ്വഹിക്കാനും ഇതിനു കഴിയും. വീഡിയോഗ്രാഫിയില്‍ ഇത് ഏറെ ഗുണം ചെയ്യും. വ്‌ളോഗ് ചെയ്യുന്നവര്‍ക്ക് നല്ല രീതിയില്‍ വൈഡ് ആംഗിളില്‍ വീഡിയോ ഷൂട്ട് ചെയ്യാനാവുമെന്നതാണ് ഇതിന്റെ മെച്ചം.

സോണിയുടെ ഇമേജിങ് എഡ്ജ് മൊബൈല്‍ ആപ്പ് വഴി വയര്‍ലെസ് ആയി വേണമെങ്കിലും ഇതു നിയന്ത്രിക്കാം. 700 ഡോളറാണ് ക്യാമറയുടെ വില. ഏപ്രില്‍ മാസം മുതല്‍ ലഭ്യമാവും.

LEAVE A REPLY

Please enter your comment!
Please enter your name here