കാനോണിന്റെ ക്യാമറ വില്‍പ്പനയില്‍ കുത്തനെ കുറവു സംഭവിച്ചതായി ആഗോള ബിസിനസ്സ് റിപ്പോര്‍ട്ട്. നിക്കേ ഏഷ്യന്‍ റിവ്യുവാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. സ്മാര്‍ട്ട് ഫോണ്‍ ക്യാമറയുടെ കുതിച്ചു കയറ്റത്തെ ഡിഎസ്എല്‍ആര്‍ വിപണിയില്‍ ഇടിവുണ്ടായിരുന്നുവെങ്കിലും കാനോണിന്റെ തകര്‍ച്ച മറ്റു കമ്പനികളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് സൂചന. ഡിജിറ്റല്‍ ക്യാമറയുടെയും സെമി കണ്ടക്ടര്‍ വിപണിയിലും വന്‍ ഇടിവാണ് കാനോണ്‍ നേരിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് ഡിഎസ്എല്‍ആര്‍ ഷിപ്പിങ് മേഖലയില്‍ നിന്നും ഡിസംബര്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിക്ക് വന്‍ തിരിച്ചടിയാണ് സംഭവിച്ചത്. ഇതു മറികടക്കാന്‍ ഏഷ്യന്‍ മേഖലയില്‍ വലിയ വിപണന തന്ത്രങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും ഗുണപരമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കാനോണ്‍ കമ്പനി നേരിടുന്ന വന്‍ നഷ്ടം 2019-ലെ സാമ്പത്തിക വര്‍ഷത്തില്‍ വിപണയില്‍ അലയടിക്കുമെന്നും സൂചനയുണ്ട്. കാനോണിന്റെ അടക്കം ഡിഎസ്എല്‍ആര്‍ മേഖലയിലെ തിരിച്ചടിയെക്കുറിച്ച് ജപ്പാനിലെ ക്യാമറ ആന്‍ഡ് ഇമേജിങ് പ്രൊഡക്ട് അസോസിയേഷന് (സിഐപിഎ) ഈ മാസമാദ്യം വ്യക്തമാക്കിയിരുന്നു.
ക്യാമറ, അനുബന്ധ സാമഗ്രികളുടെയും വില്‍പ്പനയില്‍ കാനോണ്‍ കമ്പനി പുലര്‍ത്തിയിരുന്ന മേധാവിത്വത്തിനാണ് ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്. ലാഭത്തില്‍ 20 ശതമാനത്തോളം ഇടിവ് സംഭവിച്ചിരിക്കുന്നത് എങ്ങനെ മറികടക്കുമെന്നറിയാതെ നട്ടം തിരിയുകയാണ് കമ്പനി. ഏഷ്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ക്യാമറ വിറ്റിരുന്നത് ഇന്ത്യയിലായിരുന്നു. കേരളത്തിലെ തൃശൂരായിരുന്നു ഇത്തരത്തില്‍ കാനോണ്‍ മേധാവിത്വം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ബിസിനസ് തന്ത്രങ്ങള്‍ക്ക് പിന്നിലെ കുത്സിത മനോഭാവവും ധാര്‍ഷ്ട്യവും തന്പോരിമയും കാനോണിനെ ആശ്രയിച്ച ഫോട്ടോഗ്രാഫര്‍മാരെ കഴിഞ്ഞ രണ്ടു വര്‍ഷമായി അകറ്റി നിര്ത്തുകയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. സര്‍വീസ് സെന്ററുകളും സെയില്‍സ് സെന്ററുകളില്‍ പോലും കാനോണിനെതിരേയുള്ള ഫോട്ടോഗ്രാഫര്‍മാരുടെ മനോഭാവത്തെക്കുറിച്ച് ഫോട്ടോവൈഡ് മുന്‍പ് നിരവധി തവണ റിപ്പോര്‍ട്ടുകള്‍ നല്കിയിരുന്നതുമാണ്. ഈ ജാഗ്രതക്കുറവാണ് ഇപ്പോള്‍ വന്‍ വീഴ്ചയ്ക്ക് പിന്നിലെ വിവിധ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്.
(സിഐപിഎ, നിക്കേ ഏഷ്യന്‍, ഡിപി റിവ്യു എന്നിവയുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത്.)