മിഡ് ലെവല്‍ മിറര്‍ലെസ് ക്യാമറയുമായി നിക്കോണ്‍ വരുന്നു

0
1996

മിറര്‍ലെസ് വിപണിയില്‍ ഇപ്പോള്‍ തന്നെ നിക്കോണിന്റെ പ്രകടമായ സാന്നിധ്യമുണ്ട്. Z സീരിസില്‍ പെട്ട രണ്ടു ക്യാമറകളാണ് വിപണിയില്‍ നിക്കോണിന്റെ താരമൂല്യം ഉയര്‍ത്തിയിരിക്കുന്നത്. ഇതില്‍ Z6 1800 ഡോളറിനുള്ളില്‍ പെട്ട ക്യാമറയാണ്. അതേസമയം, കുറച്ചു കൂടി പ്രൊഫഷണലാണ് Z 7. ഇതിന് ഏകദേശം 3400 ഡോളറാണ് വില (ലെന്‍സുകളില്ലാതെ). ഇതിനും താഴെയൊരു മോഡലാണ് നിക്കോണ്‍ ലക്ഷ്യമിടുന്നതെന്നാണു സൂചന. ഇതും Z സീരിസില്‍പ്പെട്ട ക്യാമറ തന്നെയാകും. മിറര്‍ലെസ് ക്യാമറയിലേക്കു കടന്നുവരുന്നവരെ ലക്ഷ്യമിട്ടു 1000 ഡോളറിനു താഴെയുള്ളൊരു മോഡലാണ് നിക്കോണ്‍ നിര്‍മ്മിക്കുന്നതെന്നാണ് ടെക്ക്‌ലോകത്തു നിന്നുള്ള വിവരം.

ആയിരം ഡോളറിനും താഴെ ക്യാമറ നല്‍കേണ്ടി വരുമ്പോള്‍ Z 6 ല്‍ ഉണ്ടായിരുന്നതു പോലെ ഹൈബ്രിഡ് ഓട്ടോഫോക്കസ് ഉണ്ടാവുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. 24 എംപി ഫുള്‍ഫ്രെയിം ബിഎസ്‌ഐ സിമോസ് സെന്‍സറായിരുന്നു Z 6 -ല്‍ നിക്കോണ്‍ നല്‍കിയിരുന്നത്. പുതിയ ക്യാമറ ഫുള്‍ഫ്രെയിം ആകാനും സാധ്യതയില്ല. എപിഎസ്-സി സെന്‍സറില്‍ 250 ഫേസ് ഡിറ്റക്ട് പോയിന്റ് സഹിതം ഓട്ടോഫോക്കസ് നല്‍കിയാല്‍ ബജറ്റ് ക്യാമറയായി പുതിയ മോഡലിനെ അവതരിപ്പിക്കാനാവുമെന്നാണ് നിക്കോണ്‍ അനുമാനിക്കുന്നത്. ഏന്തായാലും റേഞ്ച് ഫൈന്‍ഡര്‍ സ്റ്റൈല്‍ മിറര്‍ലെസ് ബജറ്റ് ക്യാമറയുടെ കാര്യത്തില്‍ നിന്നും നിക്കോണ്‍ പിന്നോട്ടു പോകുമെന്നു തോന്നുന്നില്ല.

സെന്‍സര്‍ ഷിഫ്റ്റ് ഇമേജ് സ്റ്റെബിലൈസേഷനും ബൂസ്റ്റഡ് ഐഎസ്ഒയുമൊക്കെ ഒഴിവാക്കിയാല്‍ വിലക്കുറവില്‍ ക്യാമറയെ വിപണിയിലെത്തിക്കാനാവും. ഒപ്പം ടച്ച് സ്‌ക്രീനും ആര്‍ട്ടിക്യൂലേറ്റഡ് എല്‍സിഡിയുമൊക്കെ ഒഴിവാക്കിയേക്കും. എന്നാല്‍ ലൈവ് വ്യൂ ഇലക്ട്രോണിക്ക് വ്യൂഫൈന്‍ഡര്‍ വേണ്ടിവരും. എന്നാല്‍ ഈ ക്യാമറയില്‍ 4കെ വീഡിയോ എടുക്കാന്‍ കഴിയുമോയെന്നാവും ഫോട്ടോഗ്രാഫര്‍മാര്‍ ഉറ്റുനോക്കുക. ഈ മിഡ് ലെവല്‍ ക്യാമറയെ ഫോട്ടോകിനയില്‍ അവതരിപ്പിച്ചതിനു ശേഷം വൈകാതെ തന്നെ വിപണിയിലെത്തിക്കാനാണ് നിക്കോണ്‍ ശ്രമിക്കുന്നതെന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here