Home Cameras ഫ്യുജിയുടെ ജിഎഫ്എക്‌സ് 100 മിറര്‍ലെസ് ക്യാമറ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഫ്യുജിയുടെ ജിഎഫ്എക്‌സ് 100 മിറര്‍ലെസ് ക്യാമറ ഇന്ത്യയില്‍ അവതരിപ്പിച്ചു

1610
0
Google search engine

ഫ്യുജിയുടെ പ്രസ്റ്റീജ് ക്യാമറയായ ജിഎഫ്എക്‌സ് 100 മിറര്‍ലെസ് ഡിജിറ്റല്‍ ക്യാമറ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫ്യുജി ഫിലിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഹരൂതോ ഇവാത, സെലിബ്രിറ്റിയും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഡാബു രത്‌നാനി, കോര്‍പ്പറേറ്റ് ഫോട്ടോഗ്രാഫര്‍ സാക്ക് ഏരിയാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യയില്‍ ക്യാമറ 7,86, 999 രൂപയ്ക്ക് ലഭിക്കും. പ്രെമിസ്റ്റ സീരിസ് സൂം ലെന്‍സുകള്‍ ഒപ്പം പുറത്തിറക്കുന്ന കാര്യവും ചടങ്ങില്‍ പ്രഖ്യാപിച്ചു. 28-100 എംഎം ടി2.9 സൂം ലെന്‍സ് ഓഗസ്റ്റില്‍ പുറത്തിറങ്ങും. 38,800 യുഎസ്ഡിയാണ് വില. ഇതിനൊപ്പം തന്നെ പ്രെമിസ്റ്റ 80-250എംഎം ടി2.9-3.5 ലെന്‍സും ഈ വര്‍ഷം തന്നെ പുറത്തിറക്കും. ഇതിന് ഏകദേശം 39,800 രൂപ വില വരും.

മിറര്‍ലെസ് ക്യാമറ ചരിത്രത്തില്‍ ഫ്യുജി ചരിത്രമെഴുതുന്നു. 100 എംപി റെസല്യൂഷനുള്ള ആദ്യത്തെ മിറര്‍ലെസ് ക്യാമറ ഫ്യുജിയുടെ പേരിലെത്തുന്നു. ജിഎഫ്എക്‌സ് 100 എന്നാണ് ഇതിന്റെ പേര്. എസ്എല്‍ആര്‍ സ്‌റ്റൈല്‍ മിറര്‍ലെസ് ക്യാമറയാണ് ജിഎഫ്എക്‌സ് 100. ജിഎഫ്എക്‌സ് ശ്രേണിയില്‍ പെട്ട മറ്റു രണ്ടു ക്യാമറകള്‍ വിപണിയില്‍ ഇപ്പോള്‍ തന്നെയുണ്ടെങ്കിലും അവയോടൊന്നും ഇതിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. മഗ്നീഷ്യം അലോയില്‍ തീര്‍ത്ത ഉറച്ച ബോഡി. സാധാരണ മിറര്‍ലെസ് ക്യാമറകളുടെ വലിയ ഹൈലൈറ്റ് ഭാരരഹിതമാണെങ്കില്‍ ഇവിടെ ഒന്നര കിലോയ്ക്ക് അടുത്ത് ബോഡിക്ക് മാത്രം ഭാരമുണ്ട് ഇതിന്. 44-33 എംഎം മീഡിയം ഫോര്‍മാറ്റ് ക്യാമറയാണിത്. ബിഎസ്‌ഐ സിമോസ് സെന്‍സറോടു കൂടിയ 102 മില്യണ്‍ പിക്‌സലുകള്‍. ക്വാഡ് കോര്‍ എക്‌സ് പ്രോസ്സസ്സര്‍ 4 ആണ് ഇതിന്റെ ശക്തികേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. 

അമ്പരപ്പിക്കുന്ന 100 മെഗാപിക്‌സലുമായി ഫ്യുജിയുടെ ജിഎഫ്എക്‌സ് 100 നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ ക്യാമറയുടെ ഇന്ത്യയിലെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങും ഏറെ ശ്രദ്ധേയമായി.
100 മുതല്‍ ആരംഭിച്ച് 12800 ല്‍ അവസാനിക്കുന്ന ഐഎസ്ഒ, 16 ബിറ്റ് റോ ഫയലുകളെ പിന്തുണക്കുന്ന കരുത്ത്, ഒപ്പം ഇന്‍ ബോഡി 5 ആക്‌സിസ് ഇമേജ് സ്‌റ്റെബിലൈസേഷനും വരുമ്പോള്‍ എതിരാളികളില്ലാതെ കുറച്ചുകാലമെങ്കിലും വിപണിയില്‍ വാഴാന്‍ GFX 100 നു കഴിഞ്ഞേക്കും. ലോ ലൈറ്റ്, ഉയര്‍ന്ന ഐഎസ്ഒ പെര്‍ഫോമന്‍സ് എന്നിവ കൂടി ചേരുന്നതോടെ ക്യാമറ ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ക്യാമറയായി ഇതു മാറിയേക്കാം. 
പ്രീസെറ്റ് ചെയ്യാവുന്ന ഏഴു വൈറ്റ് ബാലന്‍സുകള്‍ക്കു പുറമേ കസ്റ്റം ചെയ്‌തെടുക്കാവുന്ന 3 സ്ലോട്ട് വൈറ്റ് ബാലന്‍സും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സെന്‍സര്‍ ഷിഫ്‌റ്റോടു കൂടിയ ഇമേജ് സ്‌റ്റെബിലൈസേഷനാണ് ഇതിലുള്ളത്. ട്വിന്‍ എസ്ഡി കാര്‍ഡ് സ്‌ളോട്ടുകളുണ്ട്. എച്ച്ഡിഎംഐ, വയേഡ് റിമോട്ട്, എക്‌സ്‌റ്റേണല്‍ മൈക്ക്- ഹെഡ്‌ഫോണുകള്‍, യുഎസ്ബി 3.2 (ടൈപ്പ് സി), 3.2 ഇഞ്ച് വലിപ്പമേറിയ ടച്ച് സ്‌ക്രീന്‍ എല്‍സിഡി എന്നിവയൊക്കെ ഇതിലുണ്ട്. 

ഹൈബ്രിഡ് ഓട്ടോഫോക്കസ് രീതിയാണ് ക്യാമറയിലുള്ളത്. ഫ്രെയിമിന്റെ 100 ശതമാനവും കവര്‍ ചെയ്യുന്ന രീതിയിലുള്ള 3.76 മില്യണ്‍ ഫേസ് ഡിറ്റക്ട് പിക്‌സല്‍ ഓട്ടോഫോക്കസ് രീതിയാണ് ഫ്യൂജി ഇതില്‍ അവലംബിച്ചിരിക്കുന്നത്. Contrast Detect (sensor), Phase Detect, Multi-area, Center, Selective single-point, Tracking, Single, Continuous, Touch, Face Detection, Live View എന്നിങ്ങനെ പ്രീസെറ്റ് ചെയ്തിരിക്കുന്ന ഓട്ടോ ഫോക്കസ് ഈ ക്യാമറയില്‍ ഫ്യൂജി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓട്ടോഫോക്കസ് അസിസ്റ്റ് ലാംപ് ഇതിലുണ്ട്. മാനുവല്‍ ഫോക്കസ് ചെയ്യാം. 425 ഫോക്കസ് പോയിന്റുകളുണ്ട്. ഫ്യുജിഫിലിം ജി ലെന്‍സ് മൗണ്ടാണ് ഇതിലുള്ളത്. ഉയര്‍ന്ന ബാറ്ററി ശേഷിയും ഇതിനുണ്ട്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 800 ഷോട്ടുകള്‍ വരെ ഇതില്‍ പകര്‍ത്താനാവും. 

മികച്ച വീഡിയോ പെര്‍ഫോമന്‍സ് നല്‍കാന്‍ ജിഎഫ്എക്‌സ് 100 നു കഴിയും. ഡിസിഐ, യുഎച്ച്ഡി 4കെ (400 എംബിപിഎസ് ബിറ്റ് റേറ്റില്‍) എന്നിവയില്‍ വീഡിയോ ഷൂട്ട് ചെയ്യാം. ഫ്യുജിയുടെ എറ്റേര്‍ണ ഫിലിം സിമുലേഷന്‍ മോഡിനെ പിന്തുണക്കുന്ന ക്യാമറയാണിത്. മിനിമം ഷട്ടര്‍ സ്പീഡ് 30 സെക്കന്‍ഡാണ്. മാക്‌സിമം 1/4000 സെക്കന്‍ഡും. ഇലക്ട്രോണിക്ക് മാക്‌സിമം ഷട്ടര്‍സ്പീഡ് 1/16000 സെക്കന്‍ഡും. പ്രോഗ്രാം, അപ്പര്‍ച്ചര്‍ പ്രയോറിട്ടി, ഷട്ടര്‍ പ്രയോറിട്ടി, മാനുവല്‍ എന്നിങ്ങനെ എക്‌സ്‌പോഷര്‍ മോഡുകളുണ്ട്. ബില്‍ട്ട് ഇന്‍ ഫഌഷ് ഇല്ല. എക്‌സ്റ്റേണല്‍ ഫഌഷ് ഉപയോഗിക്കാം. സെല്‍ഫ് ടൈമര്‍ ഉണ്ട്. തുടര്‍ച്ചയായി അഞ്ച് ഫ്രെയിമുകള്‍ പകര്‍ത്താം. മള്‍ട്ടി, സെന്റര്‍ വെയിറ്റഡ്, ആവറേജ്, സ്‌പോട്ട് എന്നിങ്ങനെ മീറ്ററിങ് മോഡുകളുമുണ്ട്. ഓറിയന്റേഷന്‍ സെന്‍സര്‍, ടൈംലാപ്‌സ് റെക്കോഡിങ് എന്നിവയൊക്കെ സാധ്യമാവും. ഈ മാസം മുതല്‍ക്കു തന്നെ ക്യാമറ വിപണിയില്‍ സജീവമാകും.

LEAVE A REPLY

Please enter your comment!
Please enter your name here