ഗോഡോക്‌സിന്റെ ക്ലാസുകള്‍ ഫോട്ടോഗ്രാഫര്‍മാര്‍ കബളിപ്പിക്കപ്പെടുന്നു.

0
1913

കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോഡോക്‌സ് ലൈറ്റ് കമ്പനി ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും ഫീസ് ഈടാക്കി കമ്പനിയുടെ ലൈറ്റുകള്‍ പരിചയപ്പെടുത്തുന്ന ക്ലാസുകള്‍ നടത്തുന്നു. കമ്പനിയുടെ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും ഫീസ് ഈടാക്കുന്നത് ഫോട്ടോഗ്രാഫര്‍മാരിലും ഡീലര്‍മാരിലും അമര്‍ഷം ഉണ്ടാക്കിയിരിക്കുന്നു. 250 രൂപ മുതല്‍ 1000 രുപ വരെ ഈടാക്കി 2 മണിക്കൂറാണ് ക്ലാസ് നടത്തുന്നത്. ഒരു ചായയും വടയുമാണ് ക്ലാസിനെത്തുന്നവര്‍ക്കുള്ള ഭക്ഷണവിഭവം. ഗോഡോക്‌സിന്റെ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി വെഡിംഗ് ഫോട്ടോഗ്രാഫി, മോഡലിംഗ് ഫോട്ടോഗ്രാഫി, ലൈറ്റിംഗ് ഫോട്ടോഗ്രാഫി എന്നിങ്ങനെ പേരുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ഫോട്ടോഗ്രാഫര്‍മാരോ സംഘാടകരോ തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് അറിയുന്നില്ല. ഈ ക്ലാസുകളുടെ ഫോട്ടോസും വീഡിയോസും കാണിച്ചു കൊടുത്ത് ഡിസ്ട്രിബ്യൂട്ടര്‍ ചൈന കമ്പനിയില്‍ നിന്നും ഫോറിന്‍ ഫണ്ട് നേടിയെടുക്കുകയാണ് ചെയ്യുന്നതെന്ന് ആരോപണമുണ്ട്. ഒരു വെടിക്ക് രണ്ടു പക്ഷി. ഡിസ്ട്രിബ്യൂട്ടറിന് പൈസ ചിലവാക്കാതെ ഉല്പന്നത്തിന്റെ പ്രൊമോഷനും ഫോറിന്‍ ഫണ്ടും. ഈ ക്ലാസ് നടത്തുന്ന ഡിസ്ട്രിബ്യൂട്ടര്‍ പറയുന്നത് ഗോഡോക്‌സ് ലൈറ്റ് കമ്പനിക്ക് ഇവിടെ സര്‍വീസ് സെന്റര്‍ ഉണ്ടെന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വാറന്റിയുണ്ടെന്നുമാണ്. ചൈനാ പ്രോഡക്ടായ ഗോഡോക്‌സ് ലൈറ്റുകള്‍ക്ക് കമ്പനി നേരിട്ട് നടത്തുന്ന സര്‍വീസ് സെന്റര്‍ ഇന്ത്യയില്‍ ഒരിടത്തും ഇല്ല. എന്നാല്‍ പല സ്ഥലങ്ങളിലും ഗോഡോക്‌സിന്റെ സര്‍വീസ് സെന്ററുകള്‍ ഉണ്ടെന്ന് ഇതിന്റെ മൊത്ത വിതരണക്കാര്‍ പലരും അവകാശപ്പെടുന്നു. ഇന്ത്യയിലെ ഒരു മെയിന്‍ ഡിസ്ട്രിബ്യൂട്ടറാണ് ഫോട്ടോഗ്രാഫര്‍മാരുടെ ചിലവില്‍ പ്രൊഡക്ട് പ്രൊമോഷനുവേണ്ടി ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ക്ലാസുകള്‍ നയിച്ചിരുന്ന ഒരു മെന്റര്‍ ഈ പരിപാടിയില്‍ നിന്നും പിന്മാറിയതായും അറിയുന്നു. ഫ്രീയായി ക്ലാസുകള്‍ നടത്തണമെന്ന് ഡീലര്‍മാര്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഡിസ്ട്രിബ്യൂട്ടര്‍ അത് ചെയ്യുന്നില്ല. ഡീലര്‍മാര്‍ അതുകൊണ്ട് ഗോഡോക്‌സിന്റെ ക്ലാസുകളുമായി സഹകരിക്കാറില്ല. ഇന്ത്യയില്‍ പത്തില്‍ താഴെ ഡിസ്ട്രിബ്യൂട്ടര്‍മാരാണ് ഗോഡോക്‌സിനുള്ളത്.
(അന്വേഷണത്തിന്റെ അടുത്ത ഭാഗം അടുത്ത ദിവസം.)

LEAVE A REPLY

Please enter your comment!
Please enter your name here