എച്ച് ഡി വീഡിയോ റെക്കോഡിങ്ങ് സ്മാര്‍ട്ട് ഫോണില്‍ വ്യാപകമായതോടെ, മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കുന്നവരുടെ എണ്ണം വ്യാപകമായി വര്‍ദ്ധിച്ചിരിക്കുന്നു. അവര്‍ക്കു വേണ്ടി ഇപ്പോഴിതാ, ഡിജെഐ ഒസ്‌മോ ഗിംബല്‍ പുറത്തിറക്കിയിട്ടുണ്ട്. നല്ല ഉപയോഗപ്രദവും മെച്ചപ്പെട്ട ഹാന്‍ഡ്‌ലിങ്ങുമുള്ള ഈ ഗിംബലിനു കാര്യമായ വിലക്കുറവുണ്ട്. ചൈനീസ് കമ്പനിയാണെങ്കിലും മെച്ചപ്പെട്ട നിലവാരമുണ്ടെന്നതാണ് വലിയ സവിശേഷത. ഒസ്‌മോ മൊബൈല്‍ 3 എന്നാണ് ഇതിന്റെ പേര്. ഇവരുടെ ഹൈ എന്‍ഡ് ഗിംബലുകളില്‍ ഉപയോഗിക്കുന്ന പല ഓപ്ഷനുകളും ഇതിലുണ്ട്.
ഒടിച്ചു മടക്കി ബാഗുകളിലും വലിയ പേഴ്‌സുകളിലും പോലും കൊണ്ടു നടക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ സൈസ് എന്നത് 285 × 125 × 103 mm (11.2 x 4.92 x 4.06in) മാത്രമാണ്. എന്നാല്‍ മടക്കി കഴിയുമ്പോള്‍ നോക്കൂ, ദാ ഇത്രയും മാത്രം- 157 × 130 × 46 mm (6.18 x 5.12 x 1.81in). ഭാരമാവട്ടെ 405 ഗ്രാമും.

മൊബൈല്‍ നല്ല വിധത്തില്‍ ഫഌപ്പ് ചെയ്തു വെക്കാവുന്ന ഇതില്‍ ജോയ്‌സ്റ്റിക്ക്, റെക്കോഡ് ബട്ടണ്‍/ ഷട്ടര്‍ ബട്ടണ്‍, മോഡ് ബട്ടണ്‍ (പവര്‍ ബട്ടണ്‍), ബാറ്ററിലൈഫ് ഇന്‍ഡിക്കേറ്റര്‍ എന്നിവയുണ്ട്. യുഎസ്ബി-സി പോര്‍ട്ടും ഇതില്‍ നല്‍കിയിരിക്കുന്നു. ചാര്‍ജ് ചെയ്താല്‍ 15 മണിക്കൂര്‍ ഉപയോഗിക്കാം. പുറമേ, ഓഡിയോ റെക്കോഡിങ്ങിനു വേണ്ടി ഓഡിയോ ജാക്ക് നല്‍കിയിരിക്കുന്നു. ഇമേജ് സ്റ്റെബിലൈസേഷന്‍ ഇല്ലെങ്കിലും അതിന്റെ എല്ലാവിധ പ്രയോജനങ്ങളും ലഭിക്കുന്ന വിധത്തില്‍ ഇത് ഉപയോഗിക്കാന്‍ കഴിയും.
കണ്‍ട്രോള്‍ഡ് ഷൂട്ടിങ്ങ്, പനോരമ, ടൈംലാപ്‌സ്, ഹൈപ്പര്‍ലാപ്‌സ് എന്നിവയൊക്കെ ഷൂട്ട് ചെയ്യാന്‍ അത്യുത്തമം തന്നെയാണ് ഈ ഗിംബല്‍. 119 ഡോളര്‍ മുടക്കിയാല്‍ ഇതു മാത്രമായി ലഭിക്കും. കാരിയിങ്ങ് കേസ്, ഗ്രിപ്പ് ട്രൈപ്പോഡ് എന്നിവ സഹിതമാണെങ്കില്‍ 139 ഡോളര്‍ വേണ്ടി വരും.
