ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാരുടെയും ഫോട്ടോഗ്രാഫി ബിസിനസ്സുകാരുടെയും പ്രിയപ്പെട്ട മേളയാണ് ഫോട്ടോകിന. ഇവിടെയാണ് പ്രമുഖ ബ്രാന്‍ഡുകളുടെയൊക്കെയും പുതിയ ഉത്പന്നങ്ങള്‍ പ്രഖ്യാപിക്കുന്നതും അവതരിപ്പിക്കുന്നതും. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഫോട്ടോകിനയില്‍ നിക്കോണ്‍, ലെയ്ക്ക, ഒളിമ്പസ് എന്നീ പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്നില്ലെന്ന് ഫോട്ടോകിന ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. ജര്‍മനിയിലാണ് ഫോട്ടോഗ്രാഫിയിലെ ഏറ്റവും വലിയ ട്രേഡ് ഷോകളിലൊന്നായ ഫോട്ടോകിന നടക്കുന്നത്. ഈ പ്രമുഖ ബ്രാന്‍ഡുകളുടെ പിന്മാറ്റത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും ഇന്‍ഡസ്ട്രിയിലെ മാന്ദ്യമാണ് പ്രതിസന്ധിക്കു കാരണമെന്നാണ് സൂചന.

ജര്‍മന്‍ ബ്രാന്‍ഡായ ലെയ്ക്കയുടെ പിന്മാറ്റമാണ് ഏറെ ശ്രദ്ധേയം. അവരുടെ തട്ടകത്തില്‍ വച്ചു നടക്കുന്ന ഷോയില്‍ അവരുടെ എതിരാളികളെ അമ്പരപ്പിക്കുന്ന ചില ബ്രാന്‍ഡുകള്‍ അടുത്ത വര്‍ഷത്തെ ഷോയില്‍ ഉണ്ടായിരിക്കുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. 50 എംപിക്കു മുകളിലുള്ള മിറര്‍ലെസ് ക്യാമറയും ലെന്‍സുമായിരുന്നു ഇത്തരത്തിലൊന്ന്. ഇതേ പോലെ തന്നെയാണ് നിക്കോണിന്റെ അസാന്നിധ്യവും പങ്കാളികള്‍ക്ക് അലോസരമുണ്ടാക്കുന്നത്. ഇവരുടെ പിന്മാറ്റം മേളയുടെ നിറം കെടുത്തുമെന്നാണ് പരക്കെ വ്യാപിക്കുന്ന വാര്‍ത്തകളെങ്കിലും ഫോട്ടോകിനയില്‍ പുതിയ ബ്രാന്‍ഡുകള്‍ എത്തിപ്പെടുമെന്നാണ് കരുതുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ ഈ മേളയില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.
കാനോണ്‍, ഗോപ്രോ, സോണി, പാനാസോണിക്ക്, കൊഡാക്ക് അലാരിസ്, സിഗ്മ, ടാമറോണ്‍, കാള്‍ സീസ്, ഹസല്‍ബ്ലാഡ്, ആരി, റോഡ് മൈക്രോഫോണ്‍, ഡിജെഐ, ഇന്‍സ്റ്റാ 360 എന്നീ കമ്പനികളാണ് ഫോട്ടോകിനയില്‍ പങ്കെടുക്കാന്‍ ഇതുവരെ താത്പര്യം അറിയിച്ചിരിക്കുന്നത്. ഇത്രയും കമ്പനികളുണ്ടെങ്കിലും തന്നെയും ഫോട്ടോഗ്രാഫിയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന മൂന്നു കമ്പനികളുടെ പിന്‍വാങ്ങല്‍ വലിയൊരു നടുക്കം ഫോട്ടോഗ്രാഫി മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവരുടെ പിന്മാറ്റത്തെക്കുറിച്ച് ഇതുവരെയും ഔദ്യോഗിക പത്രക്കുറിപ്പുകളൊന്നും പുറത്തു വന്നിട്ടില്ല. നിക്കോണ്‍ പുതിയ ഡിഎസ്എല്‍ആര്‍ ഈ വര്‍ഷം പുറത്തിറക്കുന്നതും പുതിയ മിറര്‍ലെസ് ക്യാമറകളും ലെന്‍സുകളും വിപണിയിലെത്തിക്കുന്നതും വലിയ വാര്‍ത്തയായി നില്‍ക്കവേയാണ് ഇപ്പോഴത്തെ പിന്‍വാങ്ങല്‍ എന്നതും ശ്രദ്ധേയമാണ്.