മനോഹരമായ ബൊക്കെ ചിത്രങ്ങള്‍ എടുക്കേണ്ടത് ഇങ്ങനെ

0
1556

ക്രിയേറ്റീവ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ പ്രിയങ്കരമാണ് ബൊക്കെ. ഇത് മികച്ച വിധത്തില്‍ ആവിഷ്‌ക്കരിക്കാന്‍ മിറര്‍ലെസ് ക്യാമറകളില്‍ ഇന്നു കഴിയും. ബൊക്കേ ചിത്രങ്ങളൊരുക്കാന്‍ ഓട്ടോമാറ്റിക്കായി കഴിയുന്ന ഇഫക്ട് മോഡുകള്‍ ഇന്നു മിക്ക ക്യാമറയിലും കാണാം. എന്നാല്‍, മാനുവലായി ചെയ്യുന്നതാണ് ക്രിയേറ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നത്. ഫോക്കസ് അല്ലാത്ത എല്ലാ ഭാഗങ്ങളിലും ഉള്ള പ്രകാശ ബിന്ദുക്കള്‍ക്ക് അപ്പെര്‍ച്വറിന്റെ ആകൃതി കൈവരുന്നു രീതിയാണിത്. മിക്കവാറും അത് ഒരു വൃത്തം ആയിരിക്കും. ചിത്ത്രതിന്റെ ഡെപ്ത്ത് ഓഫ് ഫീല്‍ഡിനെ ഇല്ലാതാക്കി കൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന ഈ രീതി നിരന്തരമായ ശ്രമത്തിലൂടെ ശീലിച്ചാല്‍ നല്ല ബൊക്കെ ചിത്രങ്ങള്‍ ഏതൊരു ഫോട്ടോഗ്രാഫര്‍ക്കും ഉണ്ടാക്കാനാവും.

മാനുവലായി ബൊക്കെ സൃഷ്ടിക്കാനായി പലപ്പോഴും ഉയര്‍ന്ന അപ്പെര്‍ച്ചര്‍ ഉള്ള ലെന്‍സുകളാണ് പലരും ഉപയോഗിക്കുന്നത്. എഫ്1.4, 1.8, 2 എന്നീ അപ്പര്‍ച്ചര്‍ നല്ല റിസല്‍ട്ട് ഉണ്ടാക്കും. ഡെപ്ത്ത് ഓഫ് ഫീല്‍ഡിലേക്ക് അധികം പോകാതെ തന്നെ ദൃശ്യത്തിന്റെ ബാക്ക്ഗ്രൗണ്ട് കട്ട് ചെയ്യാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്. നല്ല ബൊക്കെ ഇമേജുകള്‍ സൃഷ്ടിക്കണമെങ്കില്‍ നല്ല പശ്ചാത്തലം കൂടി വേണമെന്നത് മറക്കരുത്. ചെറു ദീപക്കാഴ്ചകളാണ് പലരും ബാക്ക്ഗ്രൗണ്ടില്‍ കൊരുത്തിയിട്ട് നല്ല ബൊക്കെ പ്രദര്‍ശിപ്പിക്കുന്നത്. ഇതു കൂടാതെ ഇലകളിലൂടെ അരിച്ചിറങ്ങുന്ന പ്രഭാതസൂര്യന്റെ കിരണങ്ങള്‍ നല്ലൊരു സാധ്യതയാണ്. മഞ്ഞിന്‍ കണങ്ങളില്‍ വെളിച്ചത്തിന്റെ റിഫ്‌ലക്ഷനും നല്ല ക്രിയേറ്റീവ് ചിത്രം സൃഷ്ടിക്കാന്‍ സഹായിക്കും. ഇനി നല്ല അപ്പര്‍ച്ചര്‍ തരുന്ന ലെന്‍സുകള്‍ ഉപയോഗിച്ച് നല്ല ചിത്രം നിര്‍മ്മിക്കാന്‍ ശ്രമിച്ചു നോക്കൂ. പ്രകൃതിദൃശ്യങ്ങള്‍, പോര്‍ട്രെയ്റ്റുകള്‍, നൈറ്റ് ലൈഫ് എന്നിവയൊക്കെ മികച്ച ബൊക്കേ ചിത്രങ്ങള്‍ക്ക് യോജിച്ച വിഷയങ്ങളാണ്. വെഡിങ് ഫോട്ടോഗ്രാഫിയിലും ഇതിന്റെ സാധ്യത വളരെ കൂടുതലാണ്.

ബൊക്കെ ചെയ്യാന്‍ പറ്റുന്ന ഫ്രെയിമുകളില്‍ എഡിറ്റിങ്ങ് വേളയിലും മികച്ച ഇഫക്ട് സൃഷ്ടിക്കാനാവും. സ്‌നാപ്‌സീഡ് മുതല്‍ അഡോബി ഫോട്ടോഷോപ്പ് വരെയുള്ള എഡിറ്റിങ് സോഫ്റ്റ് വെയറുകളില്‍ ഇത് ചെയ്യാനാവും. മൊബൈല്‍ ഫോണുകളില്‍ ബൊക്കെ സൃഷ്ടിക്കാന്‍ പറ്റുന്ന നിരവധി ആപ്പുകളും കാണാം. പശ്ചാത്തലം ബ്ലര്‍ ചെയ്തു കൊണ്ടു മാനുവലായി എഡിറ്റ് ചെയ്ത് കൃത്രിമമായി ബൊക്കെ ഉണ്ടാക്കാം. ഫോട്ടോഷോപ്പില്‍ ബ്ലര്‍ ഓപ്ഷനുകള്‍ നിരവധിയുണ്ട്. ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനായി യോജിച്ച ചിത്രങ്ങളില്‍ മാത്രം ബൊക്കെ നല്‍കുന്നതാണ് ഉചിതം.

മികച്ച ബൊക്കെകള്‍ എന്നത് പലപ്പോഴും യാദൃശ്ചികമായി ഫ്രെയിമിനുള്ളിലേക്ക് കയറി വരുന്നതാണെന്ന് പല ഫോട്ടോഗ്രാഫര്‍മാരും പറയാറുണ്ട്. അത്തരം ഫ്രെയിമുകള്‍ക്ക് ഇരട്ടി സൗന്ദര്യമുണ്ടാവും. ബൊക്കെ ഇഫക്ട് ക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ അതിനു മുമ്പ് ആവശ്യത്തിനു പ്രകാശം ലഭ്യമാകുന്നുണ്ടെന്നു കൂടി ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ വിപരീതഫലമായിരിക്കും ഫ്രെയിം നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here