Home News ഫോട്ടോ ജേര്‍ണലിസത്തിലെ രക്തസാക്ഷിയായി ഡാനിഷ്‌

ഫോട്ടോ ജേര്‍ണലിസത്തിലെ രക്തസാക്ഷിയായി ഡാനിഷ്‌

971
0
Google search engine

ഫോട്ടോ ജേര്‍ണലിസത്തില്‍ സ്വന്തം ജീവന്‍ തൃണവത്ഗണിച്ച് മുന്നേറ്റം നടത്തിയ ഡാനിഷ് സിദ്ധിഖി ഇനിയില്ല. ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന് ആഗോളസ്പന്ദനമുണ്ടാക്കി കൊടുത്ത പ്രതിഭയായിരുന്നു അദ്ദേഹം. രോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രവാഹത്തെ ലോകത്തിന്റെ മുന്നിലെത്തിച്ച ഫോട്ടോ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തു പോലും ക്യാമറയുമായി പ്രക്ഷുബ്ധമായ മേഖലകളിലൂടെ സഞ്ചരിക്കുകയായിരുന്നു
ഡാനിഷ്. അഫ്ഗാനിസ്ഥാനിലെ യുഎസ് പിന്മാറ്റത്തിനു ശേഷം താലിബാന്‍ ശക്തി പ്രാപിക്കുന്ന ചിത്രങ്ങള്‍ ലോകത്തെ അറിയിക്കുന്നതില്‍ വ്യാപൃതനായിരുന്ന അദ്ദേഹത്തിന്റെ മരണവാര്‍ത്ത വെള്ളിയാഴ്ചയാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റായിരുന്ന ഡാനിഷ് സിദ്ദിഖി റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫി സ്റ്റാഫിന്റെ ഭാഗമായി 2018 ല്‍ പുലിറ്റ്‌സര്‍ സമ്മാനം നേടിയിരുന്നു. പാകിസ്ഥാനുമായുള്ള അതിര്‍ത്തി കടന്നുള്ള സ്ഥലത്ത് അഫ്ഗാന്‍ സുരക്ഷാ സേനയും താലിബാന്‍ പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അദ്ദേഹം കൊല്ലപ്പെട്ടതായാണ് വിവരം. ടെലിവിഷന്‍ വാര്‍ത്താ ലേഖകനായാണ് സിദ്ദിഖി തന്റെ കരിയര്‍ ആരംഭിച്ചത്. ഫോട്ടോ ജേണലിസത്തിലേക്ക് മാറിയ അദ്ദേഹം 2010 ല്‍ ഇന്റേണ്‍ ആയി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സില്‍ ചേര്‍ന്നു. അതിനുശേഷം സിദ്ദിഖി മൊസുള്‍ യുദ്ധം, 2015 ഏപ്രില്‍ നേപ്പാള്‍ ഭൂകമ്പം, രോഹിംഗ്യന്‍ വംശഹത്യയില്‍ നിന്ന് ഉണ്ടായ അഭയാര്‍ഥി പ്രതിസന്ധി, ഹോങ്കോംഗ് പ്രതിഷേധം, 2020 ദില്ലി കലാപം, ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ കോവിഡ് പകര്‍ച്ചവ്യാധി എന്നിവ ലോകത്തിന്റെ മുന്നിലെത്തിച്ചു പേരെടുത്തു. രോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രതിസന്ധി ഫീച്ചര്‍ ചെയ്യുന്നതിനായി റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫി സ്റ്റാഫിന്റെ ഭാഗമായി. സഹപ്രവര്‍ത്തകന്‍ അദ്‌നാന്‍ അബിഡിയോടൊപ്പം ഫീച്ചര്‍ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സര്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനായി. 

2020 ലെ ദില്ലി കലാപത്തില്‍ അദ്ദേഹം പകര്‍ത്തിയ ഒരു ഫോട്ടോ റോയിട്ടേഴ്‌സ് 2020 ലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫുകളിലൊന്നായി അവതരിപ്പിച്ചു. ഇന്ത്യയിലെ റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ് ടീമിന്റെ തലവനായിരുന്നു അദ്ദേഹം. ജൂലൈ 16 ന് കാന്തഹാറിലെ സ്പിന്‍ ബുള്‍ഡാക്കില്‍ അഫ്ഗാന്‍ സൈനികരും താലിബാനും തമ്മിലുള്ള പോരാട്ടത്തിനിടെ മുതിര്‍ന്ന അഫ്ഗാന്‍ ഉദ്യോഗസ്ഥനോടൊപ്പം സിദ്ദിഖി കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഡാനിഷി 2007 ല്‍ ജാമിയയിലെ എജെകെ മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ വാസം.

LEAVE A REPLY

Please enter your comment!
Please enter your name here