പ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പാട്രിക് ഡിമാഷെലിയര്‍ ( 78 ) അന്തരിച്ചു. മരണകാരണം വ്യക്തമല്ല.
ബ്രിട്ടണിലെ ഡയാന രാജകുമാരിയുടെ പേഴ്സണല്‍ ഫോട്ടോഗ്രാഫറെന്ന നിലയില്‍ പ്രശസ്തനായ അദ്ദേഹം റാല്‍ഫ് ലോറന്‍, ഡീയര്‍, ഷനെല്‍, ലൂയി വീറ്റണ്‍ തുടങ്ങി ഒട്ടേറ ഫാഷന്‍ ഹൗസുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1943ല്‍ ഫ്രാന്‍സിലെ ലെ ഹാവറില്‍ ജനിച്ച അദ്ദേഹം 20ാം വയസില്‍ പാരീസിലെത്തുകയായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം മാത്രം ലഭിച്ച തനിക്ക് ഫോട്ടോഗ്രഫിയില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലെന്നും ചെറുപ്പം മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഫോട്ടോഗ്രഫി പഠിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
1975ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെത്തിയ അദ്ദേഹം പിന്നീട് അമേരിക്കന്‍ വോഗ്, ഹാര്‍പേഴ്സ് ബസാര്‍ ഉള്‍പ്പെടെയുള്ള മാസികകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. നവോമി കാംപെല്‍, സിന്‍ഡി ക്രോഫോര്‍ഡ്, ക്രിസ്റ്റി ടര്‍ലിംഗ്ടണ്‍, മഡോണ, ആഞ്ചലീന ജോളി, റോബര്‍ട്ട് ഡി നീറോ, ആന്റണി ഹോപ്കിന്‍സ് തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ ചിത്രങ്ങള്‍ പകര്‍ത്തി. മിയ ആണ് ഭാര്യ. മൂന്ന് ആണ്‍ മക്കളുണ്ട്.