പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാജന്‍ പോളിന്റെ ഷൂട്ടിംഗ് അനുഭവം എം.ടി

1
1642

സജി എണ്ണയ്ക്കാട്

മലയാളത്തിന്റെ പുണ്യം എം.ടി. എം.ടി.എന്ന രണ്ടക്ഷരം ഒരു സാംസ്‌കാരിക ചിഹ്നം തന്നെയായിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. മലയാളത്തിന്റെ സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ, മാധ്യമ മണ്ഡലങ്ങളില്‍ സൂര്യശോഭയോടെ തിളങ്ങിനിന്ന വ്യക്തിത്വം. എഴുതിയതെല്ലാം തന്നെയും കാലത്തെയും മനുഷ്യാവസ്ഥയുടെ ഇരുള്‍ വെളിച്ചങ്ങളെയും അത്ഭുത ദീപ്തിയോടെ കൊത്തിവച്ച എഴുത്തുകാരന്‍. 1996-ല്‍ ജ്ഞാനപീഠം അവാര്‍ഡുനേടിയ എം.ടി.വാസുദേവന്‍ നായരുടെ ജീവിതവഴികള്‍ തേടിയ ഒരു യാത്ര. കൂടല്ലൂരിന്റെ ദേശപ്പെരുമയോടൊപ്പം എം.ടി.യെ ഒപ്പിയെടുക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ പോളാണ്. ഐതീഹ്യ പശ്ചാത്തലം നിറഞ്ഞ നിളയുടെയും, കുമരനെല്ലൂരിന്റെ ഗ്രാമ വഴികളിലൂടെയും എം.ടി.വാസുദേവന്‍ നായരുടെ ഫോട്ടോഗ്രാഫുകള്‍ ഒരുക്കുവാന്‍ ജോണ്‍പോള്‍ നിയോഗിച്ചത്, നിശ്ചലഛായാഗ്രഹണത്തിന്റെ നക്ഷത്രത്തിളക്കമുള്ള രാജന്‍ പോളിനെയാണ്.
2008 സെപ്റ്റംബറില്‍ ഒരു യാത്ര തന്നെയായിരുന്നു. എം.ടി.യെപ്പോലെ ഒരു വിശ്വസാഹിത്യകാരന്റെ ചമയങ്ങള്‍ ഒന്നുമില്ലാത്ത സാധാരണ ചിത്രങ്ങള്‍ എടുക്കുക എന്ന വലിയ നിയോഗം വന്നുചേര്‍ന്നത്. ജോണ്‍ പോള്‍ അത് രാജന്‍ തന്നെ എടുക്കണം എന്നു പറഞ്ഞപ്പോള്‍ ഉത്തരവാദിത്തവും കൂടി. കൊച്ചിയില്‍ നിന്നും ഒരു യൂണിറ്റ് മൊത്തമായും ഭാരതപ്പുഴയുടെ തീരത്തേക്കുപോയിരുന്നു. രണ്ടുമൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഷൂട്ടിംഗ്. ഷൂട്ടിംഗ് എന്നാല്‍ യാതൊരു മുന്‍ ഒരുക്കവുമില്ലാതെ സാധാരണമായ ഒരു ഫോട്ടോഗ്രാഫി വര്‍ക്ക്.
രാജന്‍ പോളിന് ഉത്തരവാദിത്വം ഏറെയായിരുന്നു. ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരം നേടിയ, എം.ടി. എന്ന എഴുത്തുകാരന്റെ വ്യക്തിത്വം, ശൈലി എന്നിവ ഫോട്ടോഗ്രാഫുകളില്‍ ഉള്‍ക്കൊള്ളിക്കുക എന്ന വലിയ ശ്രമം. സാധാരണ അഡ് വര്‍ടൈസിംഗ് ഫോട്ടോഗ്രാഫിക്ക് മിക്കവാറും സ്റ്റുഡിയോ തന്നെയാണ് ഉപയോഗിക്കുന്നത്. അവിടെ സെറ്റ് ക്രമീകരിച്ച് ആക്ഷന്‍ പറഞ്ഞു ഷൂട്ടിംഗ് ആരംഭിക്കുകയാണ് പതിവ്. എന്നാല്‍ പതിവില്‍നിന്നും ഏറെ വിപരീതമായി ഒരു ‘ലൈവ്’ ഷൂട്ടിംഗ് എന്നു വേണമെങ്കില്‍ എം.ടിയുടെ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിക്കാം.
അന്‍പതിലധികം സിനിമകള്‍ക്ക് തിരക്കഥയെഴുതി, നിരവധി സിനിമകള്‍ സംവിധാനം ചെയ്ത എം.ടിയെ ഒരു ആക്ഷന്‍ പറഞ്ഞ് ഷൂട്ട് ചെയ്യുക എന്നത് മനസില്‍പ്പോലും കരുതുക വയ്യ. അങ്ങനെ ശങ്കിച്ചുനില്‍ക്കുമ്പോള്‍ എം.ടി.തന്നെ പറഞ്ഞു: ”രാജാ ഞാന്‍ ഏതു പോസില്‍ ഇരിക്കണം, നിക്കണം പറഞ്ഞാല്‍ മതി.” ഇത്രയും കേട്ടത് ഏറെ ധൈര്യംപകര്‍ന്നു. ആദ്യമായാണ് രാജന്‍പോള്‍ ഇത്തരം ഒരു പോര്‍ട്രയിറ്റ് ഫോട്ടോഗ്രാഫി ചെയ്യുന്നത്. സ്വാഭാവിക ചിത്രങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കിയിരുന്നത്.
എം.ടി. നിളയുടെ തീരത്തേക്കു നടന്നു. രാജന്‍ പോള്‍ ക്യാമറയുമായി പിന്നാലെ. എം.ടി. തന്നെ നിളയുടെ തീരത്തെ മണല്‍പ്പരപ്പുകള്‍ കണ്ടെത്തി. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഇടങ്ങളില്‍ സാവധാനം നടന്നു. ഫോട്ടോ ഷൂട്ട് ചെയ്യുന്നു എന്നു അറിയാം എന്നുമാത്രം. എല്ലാം സ്വാഭാവികമായ ചലനങ്ങള്‍ മാത്രം. മിക്ക ലൊക്കേഷനും എം.ടി.തന്നെയാണ് തിരഞ്ഞെടുത്തത്. ഏറ്റവും പ്രധാനം അദ്ദേഹം പഠിച്ച സ്‌കൂളിന്റെ പരിസരത്തെ നടവഴികളായിരുന്നു. എം.ടി. കഥകളുടെ നടവഴികള്‍. അദ്ദേഹത്തിന്റെ സ്‌കൂള്‍ പഠനകാലത്ത് സ്ഥിരമായി വന്നിരിക്കാറുള്ള ഒരിടമുണ്ടായിരുന്നു. അവിടെ ഇരുന്നാണ് ഇന്നത്തെ കഥകളുടെ ബീജം കണ്ടെത്തിയതെന്ന് എം.ടി. ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇന്ന ഇടം എന്നില്ലാതെ എം.ടി.യോടൊപ്പം ആ ഗ്രാമവഴികള്‍ നടന്ന് ഫോട്ടോഗ്രാഫി ചെയ്യുകയായിരുന്നു.
മറ്റൊരു പ്രധാന ലൊക്കേഷന്‍ ഉത്രാളിക്കാവ് ആയിരുന്നു. ക്ഷേത്രവും പരിസരവും അദ്ദേഹത്തിന് ഏറെ പ്രിയങ്കരമായിരുന്നു. അമ്പലനടയും നീണ്ടവഴികളും ചേര്‍ത്ത് എം.ടിയുടെ മികച്ച ഫോട്ടോഗ്രാഫുകള്‍ എടുക്കുവാന്‍ കഴിഞ്ഞു. യാത്രയില്‍ ഒരു യൂണിറ്റ് ഒപ്പം ഉണ്ടായിരുന്നതിനാല്‍ സാഹിത്യകാരന് വിശ്രമിക്കാന്‍ കസേരയും കരുതിയിരുന്നു. നിളാ നദിയുടെ കരയില്‍ പുല്‍മേട് നിറഞ്ഞ ഒരിടത്ത് അദ്ദേഹം തന്നെ കസേരയിട്ട് ഇരുപ്പായി. അടുത്തുകൂടുന്ന നാട്ടുകാരുമായി അദ്ദേഹത്തിന്റെ കുശലാന്വേഷണവും നാട്ടുസല്ലാപവും ഫോട്ടോഗ്രാഫിക്ക് പുത്തന്‍ ഫ്രെയിമുകള്‍ സമ്മാനിച്ചു.
എം.ടിയുടെ സ്വതസിദ്ധമായ ശൈലി, അതായത് മുണ്ട് മടക്കിക്കുത്തി കൈകള്‍ പിന്നില്‍ കെട്ടിയ നില്‍പ്പ് ഒരു എം.ടി.ശൈലിയാണ്. ബീഡി വലിക്കുന്ന സ്വഭാവക്കാരനായ എം.ടിയുടെ ചുണ്ടില്‍ കത്തിച്ച ബീഡിയും പുറം കൈയ്യില്‍ കരുതിയ തീപ്പെട്ടിയും ഒക്കെച്ചേര്‍ത്ത് തനി നാടന്‍ ശൈലിയില്‍ ഫോട്ടോഗ്രാഫുകള്‍ എടുക്കാന്‍ കഴിഞ്ഞു.
ഒരു എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സിനിമാക്കാരന്‍ എന്നീ നിലകളില്‍ ഫോട്ടോ എടുക്കുവാന്‍ ചെറുതുരുത്തി കലാമണ്ഡലത്തില്‍ ഒരു സെറ്റ് ഒരുക്കിയിരുന്നു. അവിടെ സിനിമാ ലൊക്കേഷന്റെ രൂപഭാവത്തോടെ ഒരുക്കിയ സെറ്റില്‍ മാത്രമാണ് ഒരു അറേഞ്ചഡ് ഫോട്ടോഷൂട്ട് നടത്തിയത്. അത് അദ്ദേഹത്തിനു ഏറെ സ്വീകാര്യമായ ഒന്നായിരുന്നു. കലാമണ്ഡലത്തിന്റെ ഉമ്മറത്ത് ക്രമീകരിച്ച ലൊക്കേഷനില്‍ അത് നിര്‍വഹിച്ചു മനോഹരമാക്കി രാജന്‍പോള്‍.
എം.ടി.ടച്ച് എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്രീകരണവും നടന്നു. കത്തുന്ന ബീഡി വലിക്കുന്ന എം.ടി.യുടെ ചിത്രം പിന്നീട് ഏറെ പ്രശസ്തമായി. ഭാഷാപോഷിണിയും, മലയാളം വാരികയും അവ കവര്‍ച്ചിത്രമാക്കി. നിഴലിന്റെയും അരണ്ട വെളിച്ചത്തിന്റെയും പശ്ചാത്തലത്തില്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ എടുത്ത സന്ദര്‍ഭം രാജന്‍പോള്‍ അത്ഭുതത്തോടെ വിവരിച്ചു. ഒരു വലിയ എഴുത്തുകാരന്‍ ഫോട്ടോ എടുക്കാന്‍ എന്തിനാണ് മൂന്നുദിവസം എന്നു ചോദിച്ചതേയില്ല. ഒരു നിമിഷം പോലും മുഷിയാതെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ഒരു അനുഭവം തന്നെയായിരുന്നു.
എം.ടി.വാസുദേവന്‍ നായരുടെ ജീവിതവഴികളിലെ ഫോട്ടോഗ്രാഫുകള്‍ മാത്രം വച്ച് ഒരു ഫോട്ടോ പ്രദര്‍ശനം നടത്താന്‍ മുന്‍കൈയെടുത്തത് സൂര്യാകൃഷ്ണമൂര്‍ത്തിയാണ്. ആവര്‍ഷം തിരുവനന്തപുരത്തു നടന്ന സൂര്യ ഫെസ്റ്റിവലില്‍ പ്രത്യേകം തയാറാക്കിയ പ്രദര്‍ശന ശാലയില്‍ എം.ടിയുടെ മാത്രം ഫോട്ടോഗ്രാഫുകളുടെ ഒരു വലിയ പ്രദര്‍ശനം നടന്നു. എം.ടി.ഫോട്ടോസ് ബൈ രാജന്‍ പോള്‍. ശബ്‌ന ആസ്മി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജാവേദ് അക്ബറും സന്നിഹിതനായിരുന്നു. പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ഫോട്ടോഗ്രാഫുകളില്‍ പലതും നോവലുകളുടെയും കഥകളുടെയും പുറം ചട്ടകളായി വന്നിരുന്നു. ജോണ്‍ പോള്‍ സാറിന് ഏറെ സന്തോഷമാണ് ഈ ചിത്രങ്ങള്‍ നല്‍കിയത്.
”എന്റെ ഫോട്ടോഗ്രാഫി ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ട ഒരു ഫോട്ടോ ഷൂട്ട് കൂടിയായിരുന്നു എം.ടി.യുടേത്. കാരണം എം.ടി. ചിരിക്കുന്ന ഒരു ഫോട്ടോ എടുക്കാന്‍ എനിക്ക് ഈ മൂന്നുദിവസവും കഴിഞ്ഞില്ല. എം.ടി.ഒന്ന് ചിരിക്കുന്ന ഫോട്ടോയ്ക്കുവേണ്ടി എന്റെ ക്യാമറ മിഴികള്‍ തുറന്നിരുന്നു. നിരാശയായിരുന്നു ഫലം.”
ഈ ഒരൊറ്റ കാര്യം കഴിച്ചാല്‍ ജീവിതത്തില്‍ മറക്കാനാകാത്ത ഷൂട്ടിംഗ് അനുഭവമാണ് അന്നത്തേത്. സന്തോഷം കൊണ്ട് ഉള്ള് നിറഞ്ഞിരുന്നു. രാജ്യത്തെ ഒരു വലിയ സാഹിത്യകാരനും ചലച്ചിത്രകാരനുമായ എം.ടി.വാസുദേവന്‍ സാറിനോടൊപ്പം നടന്ന നിമിഷങ്ങള്‍ ധന്യമാണ്. ക്യാമറയില്‍ പതിഞ്ഞത് കാലം മറക്കാത്ത ചിത്രങ്ങളും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here