നല്ല സമരിയാക്കാരനായ ഫോട്ടോഗ്രാഫര്‍ അനില്‍ കണിയാമല.

0
3010
ALT TEXT
gcv
ഇതു അനില്‍ കണിയാമല..
ഫോട്ടോ വൈഡ് ക്യാമറ ക്ലബ്ബിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, മികച്ച ഫോട്ടോഗ്രാഫര്‍ അതിലുപരി പരോപകാരി.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍
കോട്ടയം ചിങ്ങവനം സ്വദേശി.
നിറപുഞ്ചിരിയോടെ അനില്‍ കണിയാമല നില്‍ക്കുന്നു.
മനുഷ്യത്വം മരവിച്ചവര്‍ക്കിടയില്‍ ഇതാ ഒരു നല്ല സമരിയക്കാരന്‍ എന്ന് നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന ഫോട്ടോഗ്രാഫര്‍. പ്രളയമുണ്ടായപ്പോള്‍ വീട്ടില്‍ കതകടച്ചിരിക്കുക അല്ല ചെയ്തത്.. താന്‍ എന്ന വ്യക്തിയില്‍ കൂടെ ഈ നാടിനു എന്തു സഹായം നല്‍കാന്‍ കഴിയും എന്ന് ചിന്തിച്ചു. അനില്‍ ഊണും ഉറക്കവും തൊഴിലിന് താത്ക്കാലിക അവധിയും നല്‍കിയാണ് പ്രളയം പിടിച്ചുലച്ച കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഈ ഫോട്ടോഗ്രാഫര്‍ നന്മയുടെ പൂക്കാലം തീര്‍ത്തത് കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ ആണ്ടു. ജൂലൈ മാസത്തിലെ ആ ദുരന്തത്തില്‍ ക്യാമ്പുകളില്‍ ആശ്രയം തേടിയവര്‍ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഫോട്ടോ വൈഡ് ക്യാമറ ക്ലബ്ബ് അംഗങ്ങള്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകരില്‍ നിന്നും പിടിച്ചെടുത്ത തുകയ്ക്ക് വാങ്ങിയ ക്ലീനിംഗ്കിറ്റുകള്‍ കോട്ടയത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്തു. ഇത് ഫോട്ടോവൈഡ് ക്യാമറക്ലബ്ബ് അംഗങ്ങളായ ഒരുപറ്റം ഫോട്ടോഗ്രാഫറുമാരുടെ സേവനത്തിന്റെ തുടക്കം ആയിരുന്നു. അയ്മനം വരമ്പിനകം പ്രദേശത്തുള്ളവര്‍ക്ക് ജൂലൈ 24 ന് ക്ലീനിംഗ് കിറ്റ് വിതരണം ചെയ്തു. അന്ന് ഇതിന്റെ ചുക്കാന്‍ പിടിച്ചത് ഫോട്ടോ വൈഡ് ക്യാമറക്ലബ്ബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍എന്ന നിലയില്‍ അനില്‍ കണിയാമലയായിരുന്നു. ഫോട്ടോവൈഡ് ക്യാമറ ക്ലബ്ബ് അംഗങ്ങള്‍ നല്‍കിയ ഫണ്ടു ഉപയോഗിച്ച് ക്യാമറ ക്ലബ്ബ് അംഗങ്ങളുടെ സഹായത്തോടെ മൂന്നു ബോട്ടുകളില്‍ പ്രളയ ബാധിത മേഖലയില്‍ എത്തിയായിരുന്നു ക്ലീനിംഗ് കിറ്റ് നല്‍കിയത്. അന്ന് ഇതിന്റെ ഉത്ഘാടനം മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. പ്രളയബാധിത മേഖലകളില്‍ ഫോട്ടോവൈഡ് ക്യാമറക്ലബ്ബ് അംഗങ്ങള്‍ കണ്ട കാഴ്ചകള്‍ ഫേസ്ബുക്കിലൂടെ ലൈവ് ആയി നല്‍കിയതോടെ സഹായ പ്രവാഹവുമായി പല ആളുകളും മുന്നോട്ടുവന്നു. തുടര്‍ന്ന് ക്യാമറ ക്ലബിന്റെ പ്രവര്‍ത്തനം…കണ്ട് ഓഗസ്റ്റ് 15 നു തിരുവനന്തപുരത്തുള്ള അല്‍മാ ഫോട്ടോഗ്രാഫി ഇമേജ് ഗ്രൂപ്പ് 1ലക്ഷം രൂപയുടെ സാധങ്ങള്‍ നല്‍കി. ഫോട്ടോവൈഡ് ക്യാമറ ക്ലബ്ബ് മെമ്പര്‍മാരുമായി ഈകിട്ടിയ സാധനങ്ങള്‍ 2,3, ബോട്ടുകളില്‍ ആയി ആര്‍.ബ്ലോക്ക്,ചിത്തിര,റാണി, തുടങ്ങിയ സ്ഥലങ്ങളില്‍ പെരുമഴയത്ത് കൃത്യമായി എത്തിച്ചു. പുത്തന്‍ വസ്ത്രങ്ങളും വീടുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങളും എത്തി തുടങ്ങി. തൊട്ടുപുറകെ വന്നമഹാപ്രളയം അനിലിനെ ജോലി സ്ഥലത്തേക്ക് പറഞ്ഞു വിട്ടില്ല. പ്രത്യേകിച്ച് ഒരു രാഷ്ട്രീയവും ഇല്ലാത്ത ഈ മനുഷ്യന്‍ തന്റെ വലിയ സൗഹൃദ കൂട്ടായ്മയില്‍ ഒന്നായ ഫോട്ടോവൈഡ് ക്യാമറക്ലബ്ബിലെ മെമ്പര്‍മാരെ സഹകരിപ്പിച്ച് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഫോട്ടോ വൈഡ് ക്യാമറ ക്ലബ്ബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്ന നിലക്ക് നേതൃത്വം നല്‍കി. കെ.എസ്.ഇ.ബി യിലെ ഉദ്യോഗസ്ഥനായ അനില്‍ ലീവിനുവേണ്ടി കാത്തു നില്‍ക്കാതെ പ്രളയഭൂമിയിലേയ്ക്ക് ഇറങ്ങി, തന്നാല്‍ കഴിയാവുന്ന സഹായഹസ്തവുമായി തന്റെ ക്യാമറപോലും ആ ദിവസങ്ങളില്‍ അനക്കിയില്ല. സഹായത്തിന് ഫോട്ടോവൈഡ് ഒറ്റപ്പെട്ടുപോയവരുടെ വിവരം ഈ ഫോട്ടോഗ്രാഫര്‍ സമൂഹമാധ്യമങ്ങളിലൂടെ അധികൃത ശ്രദ്ധയില്‍ കൊണ്ടുവന്ന് അവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനുള്ള ശ്രമവും നടത്തി. എന്തിനേറെപറയുന്നു മഹാപ്രളയത്തിലേയ്ക്ക് അനില്‍ വഴി മൂന്നു കണ്ടയിനറുകളിലായി കോടിക്കണക്കിനു രൂപയുടെ കിറ്റുകള്‍ എത്തി. അതെല്ലാം തന്നെ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിക്കാന്‍ അനില്‍ രാത്രിയും പകലുമില്ലാതെ അദ്ധ്വാനിച്ചു. ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളിലെ സന്നദ്ധ സംഘടനകളും. മലയാളി അസോസിയേഷനുകളുമൊക്കെ സഹായ വസ്തുക്കള്‍ എത്തിച്ചു. അനിലിനെ കണ്ടിട്ടില്ലയെങ്കിലും അനില്‍ ചെയ്യുന്ന സേവനം സമൂഹ മാധ്യമങ്ങളിലൂടെ മനസിലാക്കിയ ഗോവ വൈദ്യുതി മന്ത്രി നിലേഷ് കമ്പ്രാള്‍ 10 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കോട്ടയത്ത് എത്തിച്ചു. സര്‍ക്കാരിന് വിവിധ സ്ഥലങ്ങളില്‍ നിന്നും ലഭിച്ച സാധനങ്ങള്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോഴും കെട്ടിക്കിടക്കുമ്പോഴാണ് അനില്‍ ഇതെല്ലാം അര്‍ഹമായ കൈകളില്‍ എത്തിച്ചത്. പുറംലോകവുമായി ബന്ധമില്ലാതെ കിടക്കുന്ന ആര്‍.ബ്ലോക്ക് അടക്കം തുരുത്തുകളില്‍ ഒറ്റപ്പെട്ടവര്‍ക്കു നേരെയും ക്യാമറക്ലബ്ബ് അംഗങ്ങള്‍ക്ക് നേതൃത്വം നല്‍കി അനില്‍ സഹായഹസ്തവുമായി എത്തി. 50ദിവസം നീണ്ടു നിന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ജോലിസ്ഥലമായ ഉടുമ്പും ചോലയിലേയ്ക്ക് പോകും മുമ്പ് വെള്ളം കയറി സ്‌കൂള്‍ ബാഗ് നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗ് നല്‍കിയിരുന്നു അനില്‍. ഫോട്ടോ വൈഡ് ക്യാമറക്ലബിന്റെ ആദ്യകാല പ്രവര്‍ത്തനം മുതല്‍ തന്നെ അനില്‍ സജീവമായി രംഗത്തുണ്ട്. ഫോട്ടോ വൈഡിന്റെ ബെസ്റ്റ് മെമ്പര്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അവസരത്തില്‍ നടത്തിയ ലക്ഷദ്വീപ് ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലമായി അനിലിന്റെ ഭാര്യ അമ്പിളി നടത്തുന്ന അനഘ സ്റ്റുഡിയോയുടെ ലാഭവിഹിതത്തില്‍ നിന്നും വിവിധപഞ്ചായത്തു മുനിസിപ്പാലിറ്റി മെമ്പറുമാരുടെ ശുപാര്‍ശ പ്രകാരം പതിനായിരം രൂപയുടെ സഹായം രോഗികള്‍ക്ക് നല്‍കി വരുന്നു. സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് ഫോട്ടോ വൈഡ് മാഗസിന്‍ അവാര്‍ഡ് നല്‍കി അനിലിനെ ആദരിച്ചിട്ടുണ്ട്. വേറിട്ട പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ചെയ്യുന്നതിനും ഫോട്ടോഗ്രാഫിയെ വ്യത്യസ്ത കാഴ്ചപ്പാടില്‍ കാണുന്നതിനും കോട്ടയം നഗരസഭ 2017-ല്‍ കേരള പിറവി ദിനത്തില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ വെച്ച് ആദരിച്ചു. ചിങ്ങവനം ജേസീസ് അനിലിനെ ആദരിച്ചിട്ടുണ്ട്. പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ കേരളകൗമുദി പത്രത്തിന്റെ സഹായത്തോടെ ചിത്രപ്രദര്‍ശനം നടത്തി. കൂടാതെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചിത്രങ്ങള്‍ പകര്‍ത്തി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. ഇതില്‍ കംബോഡിയായിലെ പ്രസിദ്ധ ക്ഷേത്രമായ ആംങ്കോവാട്ടര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്രങ്ങള്‍ അനില്‍ പകര്‍ത്തിയിട്ടുണ്ട്. ഫോട്ടോ വൈഡ് ക്യാമറ ക്ലബ്ബ് നടത്തുന്ന മിക്ക ഫോട്ടോഗ്രാഫി ശില്പശാലകള്‍ക്കും അനിലാണ് നേതൃത്വം നല്‍കുന്നത്. കോട്ടയം ജില്ല സമ്പൂര്‍ണ വൈദ്യുതികരണത്തിലെ മികച്ച പങ്കാളിത്തത്തിന് അനിലിനെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ആദരിച്ചു. പത്തോളം വീടുകള്‍ക്ക് വയറിംഗ് നടത്തി വൈദ്യുതി കൊടുക്കുന്നതിനുള്ള ചിലവ് വഹിക്കുകയും ഒപ്പം ഒട്ടനവധി ആള്‍ക്കാരെ കണ്ടെത്തി വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള ശ്രമങ്ങളും നടത്തി. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയോ എന്തിന് വെള്ളത്തില്‍ കാലു നനയാത്ത കള്ളനാണയങ്ങള്‍ വരെ യോഗം സംഘടിപ്പിച്ച് മന്ത്രിമാരില്‍ നിന്ന് ആദരവ് സ്വയം പിടിച്ചു വാങ്ങൂമ്പോഴും ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുതെന്ന ആപ്തവാക്യമോര്‍ത്ത് അനില്‍ ആരോടും പരിഭവമില്ലാതെ നിറചിരിയോടെ വീണ്ടും ജോലിയില്‍ മുഴുകുന്നു. എവിടെയെങ്കിലും ആരുടെയെങ്കിലും കണ്ണീര്‍ വീണാല്‍ അവിടേക്ക് ഓടിയെത്താനുള്ള മനസുമായാണ് അനില്‍ ഇപ്പോഴും നില്‍ക്കുന്നത്. ഈ മനുഷ്യ സ്‌നേഹിയെ സമൂഹംകാണാതെപോകരുത്.. അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നോണം അനിലിനെ മനുഷ്യത്വം മരവിച്ചവരുടെമുന്നില്‍ നാം ആദരിക്കേണ്ടിയിരിക്കുന്നു അത് അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. അനിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നത് കുടുംബമാണ്. അമ്പിളിയാണ് ഭാര്യ അനഘ അദിദേവ് എന്നിവര്‍ മക്കളാണ് .
വൈദ്യുതി ബോര്‍ഡിലെ മികച്ച സേവനങ്ങള്‍ക്ക്
വൈദ്യുതി മന്ത്രി എം.എം.മണി അനിലിനെ
ആദരിച്ചപ്പോള്‍.

ഫോട്ടോവൈഡ് ക്യാമറ ക്ലബ്ബ് അംഗങ്ങള്‍ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ദുരിതാശ്വാസ കിറ്റുകളുടെ വിതരണം മുന്‍ എം.എല്‍ എ വി.എന്‍.വാസവന്‍ ഉത്ഘാടനം ചെയ്യുന്നു.

കേരള പിറവി ദിനത്തില്‍ വേറിട്ട ഫോട്ടോഗ്രാഫി സേവനങ്ങള്‍ക്ക് കോട്ടയം നഗരസഭ നല്‍കിയ അംഗീകാരം അനിലിന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ: പി ആര്‍ സോന നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here