Home EDITORIAL ആത്മവിശ്വാസം കൈവിടരുത്

ആത്മവിശ്വാസം കൈവിടരുത്

1287
0
Google search engine
ആധുനികകാലത്ത് ഏതാണ്ടെല്ലാവരും ഫോട്ടോഗ്രാഫര്‍മാരാണ്. മൊബൈല്‍ ഫോണിന്റെ വരവോടെ ശിശു മുതല്‍ വൃദ്ധര്‍ വരെ ഫോട്ടോഗ്രാഫര്‍. പണ്ട് അങ്ങനെയായിരുന്നില്ല. ഫോട്ടോഗ്രാഫര്‍ എന്നാല്‍ ആ രംഗത്ത് പരിണിത പ്രജ്ഞനായ ഒരാള്‍ ആയിരുന്നു. വിവാഹഫോട്ടോഗ്രാഫി ജനങ്ങളുടെ ഇടയില്‍ കടന്നുവന്നതോടുകൂടി ഫോട്ടോഗ്രാഫര്‍ക്ക് സാമൂഹികമായ ഒരംഗീകാരവും ലഭിച്ചിരുന്നു.
നവദമ്പതികളുടെ ഫോട്ടോ വീടിന്റെ ചുവരില്‍ തൂക്കുകയെന്നത് അക്കാലത്ത് ഒരു വിവാഹ ആചാരമായിരുന്നു എന്നുവേണമെങ്കില്‍ പറയാം. വിവാഹ ഫോട്ടോ കുറച്ചുകൂടി ഒരു പടികടന്ന് ബ്ലാക്ക് &വൈറ്റ് ആല്‍ബമായി. അതിനു ചെലവേറിയതും എന്നാല്‍ കാലത്തെ അതിജീവിക്കുന്നതുമായ മിഴിവേറിയ ചിത്രങ്ങളായിരുന്നു. അക്കാലത്ത് വിവാഹ ഫോട്ടോ ആല്‍ബം എന്നത് ആര്‍ഭാടത്തിന്റെ ഭാഗമായിരുന്നു. സമ്പന്നര്‍ക്കു മാത്രമാണ് അതിനു കഴിഞ്ഞിരുന്നത്. കളര്‍ റോള്‍ ഫിലിമിന്റെ വരവോടെ കഥ പിന്നെയും മാറി. റോളിന്റെ എണ്ണം അനുസരിച്ച് ആല്‍ബത്തിന്റെ ഫോട്ടോയുടെ എണ്ണവും നിശ്ചയിച്ചിരുന്നു. സാമാന്യം മുന്നുറോള്‍ മുതല്‍ അഞ്ച് റോള്‍ ഫിലിം വരെ എക്സ്പോസുചെയ്താല്‍ ഒരു നല്ല വിവാഹ ആല്‍ബം എല്ലാ ചടങ്ങുകളും പകര്‍ത്തി ഭംഗിയായി വീട്ടുകാര്‍ക്ക് കൊടുക്കുമായിരുന്നു. അന്ന് റോളുകള്‍ ബാഗിലാക്കി വിവാഹ ഫോട്ടോ എടുക്കാന്‍ പോകുന്ന ഫോട്ടോഗ്രാഫര്‍ക്ക് ചടങ്ങുകളുടെ പാവനതയെക്കുറിച്ച് അറിവുണ്ടായിരുന്നതുപോലെ എത്ര ഫോട്ടോ എടുക്കണം എന്ന് നിശ്ചയവും ഉണ്ടായിരുന്നു. അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തിരുന്നു.
ആധുനിക വിവര സാങ്കേതിക വളര്‍ച്ച വികാസം പ്രാപിച്ച ഇക്കാലത്ത്; വിവാഹ ഫോട്ടോഗ്രാഫിക്കു പോകുന്ന ഒരു ഫോട്ടോഗ്രാഫര്‍ പുലര്‍കാലം മുതല്‍ അന്തിവരെ ഒരു മാടിനെപ്പോലെ പണിയെടുക്കുന്നു. എടുത്തുകൂട്ടുന്ന ഫ്രെയിമുകളെക്കുറിച്ച് യാതൊരു നിശ്ചയവുമില്ല. വീഡിയോഗ്രാഫര്‍ ഇരിപ്പുറയ്ക്കാതെ ഓടിനടന്ന് സ്റ്റില്‍ക്യാമറയുമായി വീഡിയോ എടുക്കുന്നു. ഒരു ഫോട്ടോഗ്രാഫര്‍ രണ്ടായിരം ഫോട്ടോയിലധികം ഒരു വിവാഹച്ചടങ്ങില്‍ എടുക്കുന്നു എന്നുപറഞ്ഞാല്‍ ആര്‍ക്കും അത്ഭുതം തോന്നുകയില്ല. ഇരുന്നും കിടന്നും പടമെടുക്കുന്ന ഫോട്ടോഗ്രാഫര്‍ ആ ഫ്രെയിമുകള്‍ ഒരു പ്രാവശ്യം പോലും ഒന്ന് കാണുകയില്ല എന്നത് അദ്ഭുതകരമാണ.് ഈ രണ്ടായിരം ഫോട്ടോഗ്രാഫില്‍ നിന്നും ഡിസൈനര്‍ അയാള്‍ക്ക്ബോധിക്കുന്ന നൂറോ നൂറ്റമ്പതോ ചിത്രം എടുത്ത് ഒരു ആല്‍ബം ഡിസൈന്‍ ചെയ്യുന്നു. നല്ല നൂറോ ഇരുന്നൂറോ ഫോട്ടോ വേണ്ടിടത്ത് ആയിരക്കണക്കിന് ഫോട്ടോകള്‍ ക്ലിക്കു ചെയ്യുന്നു. ഓപ്പസിറ്റ് ഫോട്ടോഗ്രാഫറെ തോല്‍പ്പിക്കാന്‍ ക്ലിക്കിന്റെ എണ്ണം കുത്തനെ കൂട്ടും. ഇതു ഫോട്ടോഗ്രാഫറുടെ ആത്മവിശ്വാസമില്ലായ്മയാണ്. പ്രകാശത്തെ ക്രമീകരിച്ച് എങ്ങനെ കംപോസ് ചെയ്ത് നല്ല ഫോട്ടോ എടുക്കാം എന്നതിന് ഇന്ന് ഒരു നിശ്ചയവും ഇല്ലാതായിരിക്കുന്നു. ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ഭാവനാപരമായ കര്‍മത്തില്‍ ആത്മവിശ്വാസം ഉണ്ടാകണം. അതിന് ചിന്തയും പഠനവും ആവശ്യമാണ്. അല്ലാതെ മാടുകളെപ്പോലെ പണിയെടുക്കുന്നതല്ല ഒരു നല്ല ഫോട്ടോഗ്രാഫറുടെ ലക്ഷണം.

എ.പിജോയ്
മാനേജിംഗ് എഡിറ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here