Home PROFILES പക്ഷികളുടെ കൂട്ടുകാരി രാധിക രാമസ്വാമി ഭരത്പൂര്‍ പക്ഷിസങ്കേതത്തെക്കുറിച്ച് ഫോട്ടോവൈഡിനോട്

പക്ഷികളുടെ കൂട്ടുകാരി രാധിക രാമസ്വാമി ഭരത്പൂര്‍ പക്ഷിസങ്കേതത്തെക്കുറിച്ച് ഫോട്ടോവൈഡിനോട്

1702
0
Google search engine

പക്ഷികളോടു കൂട്ടുകൂടി, പാട്ടുകേട്ടു പാട്ടുപാടി അവരുടെ ചിത്രങ്ങളെടുത്ത് രാധിക പക്ഷികളുടെ സ്വന്തം ഫോട്ടോഗ്രാഫറാവുന്നു. ഓരോ ചിത്രങ്ങളുടെയും നിറയഴക് ആരെയും വിസ്മയിപ്പിക്കും. ഈ പക്ഷികളുടെ സൗന്ദര്യം ഇത്രമേല്‍ മോഹനമാണെന്നു ഇതിനു മുമ്പു തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആണയിടും

ചിത്രങ്ങളും വിവരണവും:
രാധിക രാമസ്വാമി

ഭരത്പുര്‍ പക്ഷിസങ്കേതത്തില്‍ നിന്നു പകര്‍ത്തിയ ചിത്രങ്ങളാണിത്. ഇന്ത്യയില്‍ തന്നെ സ്വാഭാവിക പക്ഷികളുടെ ഏറ്റവും വലിയ പാര്‍ക്കും ഇതു തന്നെ. പക്ഷികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതു പോലെ മികച്ച സ്ഥലങ്ങള്‍ മറ്റു പലയിടത്തും കിട്ടിയെന്നു വരില്ല. തണുപ്പുക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. എന്നാല്‍ ഫോട്ടോഗ്രാഫിക്ക് ഏറ്റവും അനുയോജ്യം ഫെബ്രുവരി മാസമാണ്. സെപ്റ്റംബര്‍ പകുതിയോടെ തന്നെ ദേശാടനപക്ഷികളുടെ കലപിലയ്ക്കു തുടക്കമാവും.
മണ്‍സൂണ്‍ കാലത്ത് വെള്ളത്താല്‍ ഇവിടം ചുറ്റപ്പെടും. അപ്പോള്‍ അതിന്റേതായ രസം. ഇളംകുട്ടികളെയും ചേര്‍ത്തു പിടിച്ച് വെള്ളത്തിലൂളിയിടുന്ന പക്ഷികളെ കാണാം. പലതും പേരറിയാ പക്ഷികള്‍. പലതിന്റെയും പാട്ടുകള്‍ക്ക് പുതുമ. ഇവിടെ മാത്രം 370 വ്യത്യസ്ത പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. പുറമേ ദേശാടന കിളികളുമെത്തുകയായി.
ഫെബ്രുവരി മാസങ്ങള്‍ ഇവിടം പക്ഷികളെ കൊണ്ടു നിറയും. ഏതു നേരവും പക്ഷികളുടെ കളകളാരവം. പിന്നെ ചിറകടിയുടെ കൊഞ്ചല്‍. ക്യാമറ എവിടേക്കു തിരിച്ചാലും ഫ്രെയിമിനുള്ളിലേക്ക് ഒരു പക്ഷി കയറിയിറങ്ങുന്ന അപൂര്‍വ്വത.
പക്ഷിനിരീക്ഷകരുടെ സ്വര്‍ഗമെന്നാണ് ഇവിടം അറിയപ്പെടുന്നത്. പക്ഷികളെ സ്‌നേഹിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഭരത്പുരില്‍ എത്തിയാല്‍ തിരിച്ചു പോകാനേ തോന്നില്ല. കൊലാഡിയോ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമാണ് ഭരത്പുര്‍. രാജസ്ഥാനിലാണിത്. സീസണിലെത്തുന്നതാണ് സൗകര്യമെങ്കിലും ഫോട്ടോഗ്രാഫിയ്ക്കായി എപ്പോള്‍ വന്നാലും മികച്ച ചിത്രങ്ങള്‍ ലഭിക്കും. സൈബീരിയന്‍ കൊക്കുകള്‍, പെലിക്കണ്‍ പറവകള്‍ എന്നിവയെ കാണണമെങ്കിലും ഇവിടേക്കു തന്നെ വരണം. സ്വാഭാവിക രീതിയില്‍ മുട്ടയിടുകയും കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്യുന്ന രാജ്യത്തെ തന്നെ അപൂര്‍വ സ്ഥലമാണിത്.
മഹാരാജ സുരാജ് മാലാണ് പാര്‍ക്ക് നിര്‍മ്മിച്ചത്. അതും 1726-ല്‍. എന്നാല്‍ പക്ഷിനിരീക്ഷണ കേന്ദ്രവും ദേശീയോദ്യാനവുമായി പ്രഖ്യാപിച്ചത് 1981-ല്‍. വേള്‍ഡ് ഹെറിറ്റേജ് കണ്‍വെന്‍ഷനില്‍ 1985-ല്‍ ഇതു വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചു. പാര്‍ക്കിന്റെ ഒത്തനടുവില്‍ ഒരു ശിവക്ഷേത്രമുണ്ട്. ഇവിടെയും പക്ഷികളുടെ നീണ്ടനിര കാണാം. മികച്ച കാലാവസ്ഥയും ജൈവ ആവാസ വ്യവസ്ഥതിയുമാണ് പക്ഷികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്ന മുഖ്യഘടകം. വന്നാല്‍ പിന്നെ പോകാനോ തോന്നാത്ത വിധമുള്ള പ്രകൃതിയുടെ സ്വാഭാവികതയാണെങ്ങും.
ന്യൂഡല്‍ഹിയില്‍ നിന്ന് 180 കിമീ ദൂരമുണ്ട് ഭരത്പുരിലേക്ക്. ആഗ്രയില്‍ നിന്ന് 50 കിമീ ദൂരവും. ഡല്‍ഹിയില്‍ നിന്ന് ഗോള്‍ഡന്‍ ടെംപിള്‍ മെയ്ല്‍ രാവിലെ 7.55 നു പുറപ്പെടും. 10.50 നു ഭരത്പുരിലെത്തും. ആഗ്രയില്‍ നിന്ന് 56 കിമീ ദൂരം മാത്രം. ടാക്‌സിയോ ബസ് യഥേഷ്ടമുണ്ട് താനും.
സഞ്ചാരികള്‍ക്കായി രാജസ്ഥാന്‍ വൈല്‍ഡ് ലൈഫ് ടൂര്‍ പാക്കേജ് ലഭ്യമാണ്. പത്തു ദിവസ പരിപാടിയാണിത്. പത്തു രാത്രിയും പതിനൊന്നു പകലും. ആദ്യ രണ്ടു ദിവസം ഡല്‍ഹി സന്ദര്‍ശനമാണ് പാക്കേജിലുള്ളത്. റെഡ് ഫോര്‍ട്ട്, ജുമാ മസ്ജിദ്, രാജ്ഘട്ട്, പാര്‍ലമെന്റ്, അക്ഷര്‍ധാം, ലോട്ടസ് ടെംപിള്‍ എന്നിവ സന്ദര്‍ശിച്ചതിനു ശേഷം നേരെ ഭരത്പുരിലേക്ക്.
യാത്രയുടെ മൂന്നും നാലും ദിവസമാണ് ഭരത്പുര്‍ ബേര്‍ഡ് സാങ്ച്വറിയില്‍. അഞ്ചാം ദിനം സരിസ്‌കാ ദേശീയോദ്യാനത്തില്‍. ഏഴാം ദിവസം റാന്തമ്പോര്‍ നാഷണല്‍ പാര്‍ക്കില്‍. പത്താം ദിവസം ആഗ്രയില്‍. തിരിച്ച് ഡല്‍ഹിയില്‍. ഈ വിധമാണ് പാക്കേജ് ടൂര്‍ തയ്യാറാക്കിയിരിക്കുന്നത്.
പാര്‍ക്കിനുള്ളില്‍ പ്രൈവറ്റ് വാഹനങ്ങള്‍ അനുവദിക്കും. അതും ഫോറസ്റ്റ് ലോഡ്ജ് വരെ. അതിനു ശേഷം മൂന്ന് ഓപ്ഷനുകളുണ്ട്. ഒന്ന് സൈക്കിള്‍. രണ്ട്. സൈക്കിള്‍ റിക്ഷ, മൂന്ന് കാല്‍നട. നടന്നു പോകുന്നതു വിഡ്ഢിത്തമായിരിക്കും. കാരണം, പാര്‍ക്കിന്റെ വിസ്തൃതി തന്നെ പ്രശ്‌നം. സൈക്കിള്‍ വാടകയ്ക്ക് എടുക്കുന്നതാണ് അഭികാമ്യം. ആദ്യം പോകുകയാണെങ്കില്‍ ഒരു ഗൈഡിനെ തീര്‍ച്ചയായും കൂടെക്കൂട്ടണം. അല്ലെങ്കില്‍ കുഴങ്ങിയതു തന്നെ.
എപ്പോഴും പാര്‍ക്ക് തുറന്നു തന്നെ. അതു കൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും പാര്‍ക്കിനുള്ളില്‍ പ്രവേശിക്കാം. എങ്കിലും അതിരാവിലെയാണ് ഫോട്ടോഗ്രഫിയ്ക്കു പറ്റിയ സമയം. കിളികളെ ഫ്രെയിമിലാക്കാനും ഈ ഇളം ലൈറ്റപ്പ് തന്നെ ഉചിതം. രാവിലെ പത്തു മുതല്‍ നാലു മണി വരെയുള്ള സമയത്തെക്കുറിച്ച് ആലോചിക്കുക പോലും വേണ്ട.
ക്യാമറയും തൂക്കിയുളള നടപ്പ് ഒഴിവാക്കാന്‍ റിക്ഷയാവും ഉചിതം. വേനല്‍ക്കാലത്തെ യാത്ര ഒഴിവാക്കുകയാണ് നല്ലത്. നല്ല ചൂടുള്ളപ്പോള്‍ പാര്‍ക്കിനുള്ളിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. പോരെങ്കില്‍ ദീര്‍ഘമായ യാത്രയും പ്രശ്‌നമാവും. ഗൈഡിന്റെ നിര്‍ദ്ദേശമനുസരിച്ചു വേണം വനാന്തര്‍ യാത്ര. പക്ഷികളെ കാണാനും അവയുടെ ചിത്രമെടുക്കാനും യോജിച്ച സ്ഥലം ഗൈഡ് കാട്ടിത്തരും. 29 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന പാര്‍ക്കിന്റെ ചില ഭാഗങ്ങള്‍ ഉര്‍വരഭൂമിയാണ്. അവിടെ ഉണങ്ങിയകൊമ്പില്‍ തൂങ്ങിയുറങ്ങുന്ന കിളികളെയും കാണാം. ചിലത് മാനത്തു നോക്കിയിരുന്നു സ്വപ്നം കാണുകയാണെന്നു തോന്നും.
ബേര്‍ഡ് ഫോട്ടോഗ്രാഫിയ്ക്ക് ഏറെ അനുയോജ്യമാണിവിടം. പക്ഷികള്‍ ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തു നില്‍ക്കുന്ന അനുഭവം. ഏഴു നിറങ്ങളും ചാലിച്ചു ചേര്‍ത്ത കുഞ്ഞന്‍ കിളികള്‍ മുതല്‍, വിറപ്പിക്കുന്ന കഴുകനെയും പരുന്തിനെയും വരെ നേരിട്ടു കാണാം. ഇര പിടിക്കുന്നതും കൊക്കുരുമ്മി പ്രേമസല്ലാപം നടത്തുന്നതും ഓമനിച്ചോമനിച്ചു മരംചുറ്റി പറക്കുന്നതും കണ്‍മുന്നില്‍ ആസ്വദിക്കാം. ലാപ്‌ടോപ്പ്, ആവശ്യത്തിനു പവര്‍ ചാര്‍ജ്, മെമ്മറി കാര്‍ഡ് തുടങ്ങി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയ്ക്കു വേണ്ടി നടത്തുന്ന എല്ലാ തയാറെടുപ്പുകളും ഭരത്പുര്‍ യാത്രയ്ക്കും സ്വീകരിക്കണം. വസ്ത്രത്തിലും കൊണ്ടു പോകുന്ന ബാഗേജുകളുടെ കാര്യത്തിലും ഭക്ഷണത്തില്‍ പോലും ലാളിത്യം കാണിക്കണം. അത്രമേല്‍ വിശുദ്ധമായാണ് ഇവിടം പരിപാലിക്കുന്നത്. കാരണം, ലോകത്തിലെ തന്നെ അപൂര്‍വയിനം പക്ഷികള്‍ അവയുടെ ആവാസവ്യവസ്ഥിതിയുമാണ് ഇവിടെയുള്ളത്. മഹാഭാരതത്തില്‍ പറയുന്നതു പോലെ, ലോകത്തെവിടെയുമുള്ളത് ഇവിടെയുണ്ട്. ഇവിടെയില്ലാത്തത് മറ്റെവിടെയുമില്ല…

LEAVE A REPLY

Please enter your comment!
Please enter your name here