Home CAMERA CLUB ചിത്രങ്ങള്‍ക്കൊന്നും അടിക്കുറിപ്പുകള്‍ ആവശ്യമില്ലെന്നതാണ് സന്ദീപ് മാറാടി എന്ന ഫോട്ടോഗ്രാഫറെ വ്യത്യസ്തനാക്കുന്നത്.

ചിത്രങ്ങള്‍ക്കൊന്നും അടിക്കുറിപ്പുകള്‍ ആവശ്യമില്ലെന്നതാണ് സന്ദീപ് മാറാടി എന്ന ഫോട്ടോഗ്രാഫറെ വ്യത്യസ്തനാക്കുന്നത്.

5020
0
Google search engine
പൊളിച്ചെഴുതുന്ന
സൗന്ദര്യം
ലളിതമാണ് സന്ദീപിന്റെ ചിത്രങ്ങള്‍; ലാളിത്യത്തിന്റെ സൗന്ദര്യമാണ് മുഖമുദ്ര. നിറങ്ങളുടെ കാര്യത്തിലാണെങ്കിലും ,ഫ്രെയിമിങ്ങിന്റെ കാര്യത്തിലാണെങ്കിലും, അങ്ങനെ തന്നെ. എന്നാല്‍ അവയ്‌ക്കൊക്കെയും
അഭൗമികമായ ഒരു സൗന്ദര്യമുണ്ട്. അതാണ് ഏതൊരു ആസ്വാദകനെയും ഒരുനിമിഷം.
ചിത്രങ്ങള്‍ക്കൊന്നും അടിക്കുറിപ്പുകള്‍ ആവശ്യമില്ലെന്നതാണ് സന്ദീപ് മാറാടി എന്ന ഫോട്ടോഗ്രാഫറെ വ്യത്യസ്തനാക്കുന്നത്. സൗന്ദര്യത്തെ പൊളിച്ചെഴുതാനുള്ള പ്രതിഭാ വൈദഗ്ധ്യമാണ് ഓരോ ക്ലിക്കുകളുടെയും പിന്നിലുള്ളത്. ഫ്രെയിം കമ്പോസ് ചെയ്യുന്ന രീതിയില്‍ പോലും കാണാം, പരമ്പരാഗത ശൈലികളെ പിന്തുടരുകയും ഒപ്പം പാരമ്പര്യേതര സവിശേഷതകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ദ്വന്ദഭാവങ്ങള്‍. ചിത്രങ്ങളുടെ വര്‍ണ്ണഭംഗി മുതല്‍, അതിന്റെ നിഴല്‍വെളിച്ചത്തില്‍ പോലും തനിക്കു മാത്രം കഴിയുന്നതൊന്നു മാറ്റിവെക്കാന്‍ ഈ ഫോട്ടോഗ്രാഫര്‍ക്ക് കഴിയുന്നു. ഓരോ ചിത്രത്തിലും അടയാളപ്പെടുത്തി വെക്കാന്‍ ഫോട്ടോഗ്രാഫി വൈദഗ്ധ്യത്തിന്റെ ഒരു വിരല്‍സ്പര്‍ശം കാണാം. സൂക്ഷ്മനിരീക്ഷണത്തില്‍ ഈ ചിത്രങ്ങള്‍ക്കെല്ലാമുള്ള പൊതുസ്വഭാവമായി അടിവരയിടേണ്ടത്, ജീവന്‍ തുടിക്കുന്ന ചില ഭാവങ്ങളാണ്. അതു പ്രകൃതിയാണെങ്കിലും മനുഷ്യരാണെങ്കിലും പക്ഷിമൃഗാദികളാണെങ്കിലും അങ്ങനെ തന്നെ. അതൊന്നും തന്നെ ക്യാമറയിലേക്കു നോക്കി പോസ് ചെയ്യുകയല്ല, മറിച്ച് അവരുടേതായ ലോകത്ത് ആനന്ദത്തില്‍ മുഴുകുകയാണ്. അത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ ക്യാമറയിലാക്കാന്‍ കഴിയുന്നുവെന്നതിലാണ് ഒരു ഫോട്ടോഗ്രാഫറുടെ ക്രാഫറ്റ് ഒളിഞ്ഞിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ തുടിച്ചു നില്‍ക്കുന്നതും അത്തരം ചില ചിന്താവിഷയങ്ങള്‍ തന്നെ.
ലളിതമാണ് സന്ദീപിന്റെ ചിത്രങ്ങള്‍. ലാളിത്യത്തിന്റെ സൗന്ദര്യമാണ് മുഖമുദ്ര. നിറങ്ങളുടെ കാര്യത്തിലാണെങ്കിലും ഫ്രെയിമിങ്ങിന്റെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ. വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെ കാര്യങ്ങള്‍ കാണുന്നുവെന്നത് പറഞ്ഞറിയിക്കേണ്ട ഒരു പ്രത്യേകതയും. ചില ചിത്രങ്ങള്‍ കണ്ടാല്‍ അറിയാം, അതിലൊക്കെയും ലോകത്തോട് വിളിച്ചു പറയേണ്ട സന്ദേശങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്. മറ്റു ചിലത്, ലോകത്തോടല്ല, കാഴ്ചക്കാരനോടു നേരിട്ടാണ് സംവേദിക്കുന്നത്. അത്തരം ഫ്രെയിമുകളെയാണ് ആസ്വാദകര്‍ എപ്പോഴും നെഞ്ചോടു ചേര്‍ത്തു വച്ചു പ്രിയപ്പെട്ടതാക്കാന്‍ ഇഷ്ടപ്പെടുന്നത്. സന്ദീപിന്റെ ചിത്രങ്ങള്‍ക്ക് അത്തരമൊരു അനുഗ്രഹം ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു.
സന്ദീപിന്റെ ഏതെങ്കിലുമൊരു ചിത്രമെടുത്ത് ഇഴകീറി പരിശോധിച്ചല്ല ഈ പ്രതിഭാധനന്റെ മാറ്റു പരിശോധിക്കുന്നത്. മറിച്ച്, ചില ചിത്രങ്ങളുടെ പൊതു സ്വഭാവത്തെ നിരീക്ഷിക്കുകയാണ്. അത് എവിടെ നിന്നെടുത്തു എന്നതു പോലുമല്ല അതിന്റെ പ്രത്യേകത, മറിച്ച് അതിലെ ഭാവദേദങ്ങളാണ്. ഇവിടെ തെരഞ്ഞെടുത്തു കൊടുത്തിട്ടുള്ള ചിത്രങ്ങളില്‍ പോലും കാണാം, ചില ചിരികള്‍, ചില ആഹ്ലാദങ്ങള്‍, ചില അനര്‍ഘനിമിഷങ്ങള്‍. അത് എങ്ങനെ പകര്‍ത്തപ്പെടുന്നതില്‍ പോലും വലിയ കാര്യമില്ല, പക്ഷേ, അത് തുറന്നു കാണിക്കാനുള്ള ഒരു അകക്കണ്ണ് ഈ ഫോട്ടോഗ്രാഫര്‍ക്ക് ഉണ്ടായി എന്നതിലാണു കാര്യം. പ്രകൃതിയെ അവതരിപ്പിക്കുമ്പോള്‍ ആകാശത്തെ അതിന്റെ പ്രൗഢോജ്വല ഭാവത്തില്‍ ഫ്രെയിമില്‍ കൊണ്ടുവരണമെന്ന കലാകാരന്റെ നിര്‍ബന്ധം സന്ദീപിന്റെ നേച്വര്‍ ഫോട്ടോഗ്രാഫിയില്‍ ഉടനീളം കാണാം. ആ ആകാശത്തിനാവട്ടെ ചലനാത്മകതയുടെ ഒരു ജ്വലനം ഒളിപ്പിച്ചു നിര്‍ത്തിയ ഭാവവുമുണ്ട്. ഇത്തരത്തിലുള്ള ഏതൊരു ചിത്രത്തിലേക്ക് മിഴികളൂന്നുമ്പോഴും നമ്മുടെയുള്ളിലെ ചിന്തകളെ വഴിതെറ്റിക്കാതെ പിടിച്ചു നിര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിയുന്നുണ്ട്. അത് ഫോട് ടോഗ്രാഫറുടെ ടെക്‌നിക്ക് അല്ല, മറിച്ച് ഫോട്ടോഗ്രാഫി എന്ന കലയോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കൊണ്ട് സ്വകീയമായി തന്നെ ഉരുത്തിരിഞ്ഞു വരുന്നതാണ്. സന്ദീപിന്റെ ചിത്രങ്ങളില്‍ അത് പലയിടത്തും തുടിച്ചു നില്‍ക്കുന്നു.
കേരളസര്‍ക്കാരിന്റെ സംസ്ഥാ ന ഫോട്ടോഗ്രാഫി അവാര്‍ഡ്, ഫോട്ടോവൈഡ് ഫോട്ടോ ഓഫ് ദി ഇയര്‍ പ്രത്യേക പുരസ്‌ക്കാരങ്ങള്‍, മറ്റ് അവാര്‍ഡുകള്‍ ഒക്കെയും സന്ദീപിനു ലഭിച്ചിട്ടുണ്ട്. ഇനിയും ലഭിക്കാനായി കാലം കാത്തു വച്ചിരിക്കുന്ന ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ പിന്നാലെയും വരാം. എന്നാലും ഒരു ഫോട്ടോഗ്രാഫറുടെ ഹൃദയത്തില്‍ ഉരുത്തിരിയുന്ന സൗന്ദര്യത്തിന് അടിക്കുറിപ്പുകളില്ലാതെ ഇങ്ങനെ നേരിട്ട് അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ ലഭിക്കുന്ന അഭിനന്ദനങ്ങളോളം വരുമോ അതൊക്കെയും. അതാണ്, ജനഹൃദയങ്ങളിലേക്ക് സന്ദീപിനെ എടുത്തുയര്‍ത്തുന്നത്.
ഒരു ലാന്‍ഡ്‌സ്‌കേപ്പ് ആവട്ടെ, ഒരു പോര്‍ട്രെയ്റ്റാവട്ടെ, എന്തിന് ഒരു വെഡ്ഡിങ് ആല്‍ബം പോലുമാകട്ടെ വ്യത്യസ്ത ഭാവങ്ങളാണ് ഓരോ ഫ്രെയിമിലും ആസ്വാദകരെ വിസ്മയിപ്പിക്കുന്നത്. ഒരു ഫ്രെയിമിന്റെ ആവര്‍ത്തനമോ, കമ്പോസിഷനോ, ആംഗിള്‍ പോലുമോ വേറൊരിടത്തും ആവര്‍ത്തിക്കാന്‍ ഈ ഫോട്ടോഗ്രാഫര്‍ ഇഷ്ടപ്പെടുന്നില്ല. ഒരു ആവര്‍ത്തനങ്ങള്‍ക്കും പിന്നാലെയും പോകുന്നില്ല, അനുകരണങ്ങള്‍ ശീലവുമില്ല.
ഇവിടെ അവതരിപ്പിക്കുന്ന സന്ദീപിന്റെ ചിത്രങ്ങള്‍ സൂക്ഷ്മമായി തന്നെ വിലയിരുത്തേണ്ടതുണ്ട്. അതിലെ ആംഗിള്‍, അതിന്റെ സബ്ജക്ട് ഒക്കെയും പലയാവര്‍ത്തി കണ്ടു നോക്കുമ്പോള്‍ മനസ്സിലാക്കാം. ഈ ഫോട്ടോഗ്രാഫര്‍ കാഴ്ചകളെ കാണുന്നത്, അവതരിപ്പിക്കുന്നത്, വെറുമൊരു ക്യാമറ കാഴ്ച എന്ന നിലയ്ക്കല്ല, മറിച്ച് ആസ്വാദകന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ടാണ്. പൊളിച്ചെഴുതുന്ന ഈ സൗന്ദര്യത്തിന്റെ മികവിലാണ് പ്രതിഭയുടെ നിഴലാട്ടവുമായി ഈ ഫോട്ടോഗ്രാഫര്‍ വിജയക്കൊടി പാറിക്കുന്നത്.
ഫോട്ടോവൈഡ് സംഘടിപ്പിച്ച ലക്ഷദ്വീപ് യാത്രയില്‍ സന്ദീപ് പങ്കെടുത്തിരുന്നു. ഇവിടെ കൊടുത്തിരിക്കുന്ന ചില ചിത്രങ്ങള്‍ ആ യാത്രയോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനം നേടിയതുമാണ്. ഈ പേജിന്റെ ഇടതു വശത്ത് യഥാക്രമം മൂന്നും നാലാമതായും കൊടുത്തിരിക്കുന്നത് അവിടെ നിന്നുള്ള ഫ്രെയിമുകളാണ്. കപ്പലില്‍ നിന്നും കടമത്ത് ദ്വീപിലേക്ക് സഞ്ചാരികളുമായി പോകുന്ന ബോട്ടിന്റേതാണ് ആദ്യ ചിത്രമെങ്കില്‍ ദ്വീപില്‍ രണ്ടു തലമുറകളെ അവതരിപ്പിക്കുന്നതാണ് മറ്റൊന്നില്‍. കൊടുങ്ങല്ലൂര്‍ ഭരണിയുടെ ചില ചിത്രങ്ങള്‍ ഭക്തിയുടെ സാന്ദ്രത കൂട്ടിയും കുറച്ചും അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫര്‍ ആനകളുടെ സ്‌നേഹകരുതല്‍ അത്രമേല്‍ കരുതലോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരവും കിട്ടിയത്.
പീക്കോക്ക് ഫോട്ടോഗ്രാഫി എന്ന പേരില്‍ മൂവാറ്റുപുഴയ്ക്കടുത്ത് മാറാടി എന്ന സ്ഥലത്ത് സ്വന്തം സ്റ്റുഡിയോയുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്ന സന്ദീപ്, നിരവധി സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ആശയാണ് ഭാര്യ. സന്ദീപിന്റെ മൊബൈല്‍: 9847430481

LEAVE A REPLY

Please enter your comment!
Please enter your name here