ഫോട്ടോ എടുക്കാന്‍ ഉദ്ദേശിക്കുന്ന ഫ്രെയിമിലെ വെളിച്ചം മനസ്സിലാക്കി ആ സാഹചര്യത്തിനു വേണ്ട എക്സ്പോഷര്‍ വാല്യു നിര്‍ണ്ണയിക്കുന്നതിനെയാണ് മീറ്ററിങ്ങ് എന്ന് പറയുന്നത്. ചിത്രം എടുക്കുന്ന രംഗത്ത് എത്ര പ്രകാശം ലഭ്യമാണ് എന്നളക്കുന്ന ഉപകരണമാണ് പ്രകാശമാപിനി അഥവാ ലൈറ്റ് മീറ്റര്‍. ഇതിനെ എക്സ്പോഷര്‍ മീറ്റര്‍ എന്നും പറയുന്നു.
സ്പോട്ട് മീറ്ററിങ്ങ് രീതിയില്‍ ഫ്രെയ്മിന്റെ തീരെ ചെറിയ ഒരു ഭാഗത്തിലെ പ്രകാശ സാഹചര്യങ്ങളെ പരിഗണിക്കുകയുള്ളൂ. ഈ ചെറിയ ഭാഗം എന്നത് ചില ക്യാമറകള്‍ക്ക് ഫ്രെയ്മിന്റെ മധ്യഭാഗത്തെ ഒരു വൃത്തമായിരിക്കും, മറ്റു ചില ക്യാമറകള്‍ക്ക് ഫോക്കസ്സ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഭാഗമാകാം. വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒരു മീറ്ററിങ്ങ് മോഡാണ് ഇത്. നിഴലുകള്‍ ഒപ്പിയെടുക്കാനായി ഈ മോഡ് ഉപയോഗിക്കുന്നു.
മിക്ക ക്യാമറകള്‍ക്കും അതിനോടു കൂടെത്തന്നെ ലൈറ്റ് മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ക്യാമറയില്‍ ഘടിപ്പിക്കാത്ത തരത്തിലുള്ള പ്രകാശമാപിനികളും ഉപയോഗത്തിലുണ്ട്. രംഗത്തു നിന്നും വരുന്ന പ്രകാശത്തിന്റെ തീവ്രത ഈ ഉപകരണം അളക്കുന്നു. പ്രകാശം അളക്കുന്നതിന് ഒരു ഫോട്ടോസെല്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. പ്രകാശത്തെ വൈദ്യുതിയായി മാറ്റുന്ന ഉപകരണമാണ് ഫോട്ടോസെല്‍. ചില ക്യാമറകളില്‍ ഈ അളവ് ഫോട്ടോഗ്രാഫറെ അറിയിക്കുകയും പ്രകാശത്തിന്റെ അളവിനനുസരിച്ച് അപ്പര്‍ച്ചര്‍ ക്രമീകരിക്കുകയും ചെയ്യും. എന്നാല്‍ ഓട്ടോമാറ്റിക് ക്യാമറകളില്‍ ഫോട്ടോസെല്ലില്‍ നിന്നും വരുന്ന വൈദ്യുതതരംഗത്തിനനുസരിച്ച് ക്യാമറയുടെ അപ്പെര്‍ച്വറും, ഷട്ടര്‍ തുറക്കേണ്ട ഇടവേളയും തനിയേ ക്രമീകരിക്കപ്പെടുന്നു. ഇങ്ങനെ ഒരു നല്ല ചിത്രത്തിനാവശ്യമായ രീതിയില്‍ കൃത്യമായ അളവില്‍ പ്രകാശം ഫിലിമില്‍ പതിക്കാനനുവദിക്കുന്നു. ഓട്ടോമാറ്റിക്ക് അടക്കം എല്ലാ ഡിഎസ്എല്‍ആര്‍ ക്യാമറകളിലും ഒരു ലൈറ്റ് മീറ്റര്‍ ഉണ്ടാകും. പ്രധാനമായും മൂന്ന് തരം മീറ്ററിങ്ങുകളാണ് കാണപ്പെടുന്നത് 1. സോണ്‍ മീറ്ററിങ്ങ് , 2. സെന്റര്‍ വെയ്ഡ് മീറ്ററിങ്ങ്, 3. സ്പോട്ട് മീറ്ററിങ്ങ് എപ്പോഴും ഉപയോഗിക്കാന്‍ പറ്റുന്ന സൗകര്യപ്രദമായ മീറ്ററിങ്ങ് രീതിയാണ് സോണ്‍ മീറ്ററിങ്ങ് . ഓരോ ക്യാമറ കമ്പനികളും ഇതിനെ ഓരോ പേരിലാണ് വിളിക്കുന്നത്. കാനോണ്‍ ഇതിനെ ഇവാലുവേറ്റീവ് മീറ്ററിങ്ങ് എന്നും നിക്കോണ്‍ മെട്രിക്സ് മീറ്ററിങ്ങ് എന്നും സോണി ഹണികോമ്പ് മിറ്ററിങ്ങ് എന്നുമാണ് സോണ്‍ മീറ്ററിങ്ങിനെ വിശേഷിപ്പിക്കുന്നത്. ഫ്രെയ്മിനെ ചെറിയ ഭാഗങ്ങളായി വിഭജിച്ച് ഓരോ ഭാഗത്തേയും പ്രകാശ തീവ്രത, നിറം, വ്യതിയാനം, സബ്ജക്ടിലേക്കുള്ള ദൂരം, ഡെപ്ത് ഓഫ് ഫീല്‍ഡില്‍ നിന്ന് ഒബ്ജക്ടിലേക്ക് വീഴുന്ന ലൈറ്റ്, മുന്പില് നിന്ന് വീഴുന്ന ലൈറ്റ് എല്ലാം അളക്കുകയാണ് പ്രധാനം ധര്‍മ്മം. തുടര്‍ന്ന് ടോട്ടല്‍ ഫ്രെയ്മിന് വേണ്ട എക്സ്പോഷര്‍ വാല്യു ഫിക്സ് ചെയ്ത് ഞൊടിയിടയ്ക്കുള്ളില്‍ ഫോട്ടോഗ്രാഫറെ വിവരം അറിയിക്കും. ലാന്‍ഡ്സ്കേപ്പ് അടക്കമുള്ള ഔട്ട്ഡോര്‍ ഫോട്ടോഗ്രാഫിക്കായി അധികം പേരും ഉപയോഗിക്കുന്നതു ഈ മീറ്ററിങ്ങ് മോഡാണ്. സെന്റര്‍ വെയ്ഡ് മീറ്ററിങ്ങ് മേല്‍ വിവരിച്ചതു പോലെ തന്നെയാണ്. എന്നാല്‍ ഇവിടെ ഫ്രെയ്മിന്റെ മധ്യത്തിലെ കുറച്ച് ഭാഗം മാത്രം മീറ്ററിങ്ങില്‍ പ്രാധാന്യം കൊടുക്കുന്ന രീതിയാണിത്. ഫ്രെയ്മിന് സെന്റര്പോര്ഷനെ മാത്രം നന്നായി പരിഗണിക്കുന്നതു കൊണ്ട് ക്ലോസപ്പ് ചിത്രങ്ങള്‍ക്ക് മിക്കപ്പോഴും ഇത് ഉപയോഗിക്കുന്നു.