Home Interview എബ്രിഡ് ഷൈന്‍

എബ്രിഡ് ഷൈന്‍

2201
0
Google search engine
വനിത മാഗസിന്റെ മുന്‍ ഫോട്ടോഗ്രാഫറും സംവിധായകനുമായ എബ്രിഡ് ഷൈന്റെ ഫോട്ടോ വൈഡ് 151-ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂ ഫോട്ടോഗ്രാഫി രംഗത്ത് ഇന്നും പ്രസക്തമാണ്. ആ ഇന്റര്‍വ്യൂ പുനഃപ്രസിദ്ധീകരിക്കുന്നു.

? ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള മാഗസിനിലെ ഫോട്ടോഗ്രാഫര്‍.നല്ല ശമ്പളമുണ്ടാകുമല്ലോ? സൗകര്യങ്ങള്‍, മുന്തിയ ഉപകരണങ്ങള്‍, പ്രശസ്തരുടെ ചങ്ങാത്തം എങ്ങിനെ ആസ്വദിക്കുന്നു ജോലി.
= വനിതയില്‍ എത്തിയിട്ട് ഇപ്പോള്‍ ആറു വര്‍ഷം . തീര്‍ച്ചയായും സന്തോഷമാണ്. ജനങ്ങളുടെ ഇടയില്‍ വനിതയ്ക്കുള്ള പ്രചാരം, ഇഷ്ടം, വിശ്വാസ്യത ഒന്നും പറയേണ്ടതില്ലല്ലോ. അതിന്റെ ഒഴുക്കില്‍ ഏതെങ്കിലും ഒരു കാലത്ത് ഞാനും ഭാഗമായിരുന്നു എന്നു പറയുന്നതു തന്നെ മഹാഭാഗ്യം.നമ്മളിവിടെഉണ്ടായിരുന്നു എന്ന ഒരു അടയാളം ഇടാനായാല്‍ സന്തോഷം. മനോരമയിലെ ജോലി നമ്മുടെ സെല്‍ഫ് റെസ്പക്ട് കൂട്ടും എന്നു തോന്നിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും കിട്ടുന്നുമുണ്ട്.
ഫോട്ടോഗ്രാഫി എന്റെ ജോലിയല്ല എന്നതാണ് മറ്റൊരു കാര്യം. ഇതെന്റെ ഇഷ്ടമാണ്. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യുമ്പോള്‍ അതൊരു ജോലിയായി കണക്കാക്കി എനിക്ക് പ്രതിഫലം ലഭിക്കുന്നു. നല്ല കാര്യമല്ലേ? നമ്മള്‍ ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ്ണമായ അര്‍പ്പണമുണ്ടങ്കില്‍ പണം നമ്മുടെ പുറകേ എത്തിക്കൊള്ളും.

? എങ്ങനെയുള്ള ചിത്രങ്ങള്‍ എടുക്കാനാണ് കൂടുതല്‍ ഇഷ്ടം.
= മനുഷ്യരുടെ മുഖങ്ങള്‍, ചലനങ്ങള്‍, ഭാവങ്ങള്‍ … പോര്‍ട്രെയിറ്റ്, ഫാഷന്‍ ഇവ തന്നെയാണ് കൂടുതല്‍ ഇഷ്ടം. ചിത്രം കാണുമ്പോള്‍ ലളിതമെന്ന് തോന്നുന്ന അത്ര ലളിതമല്ലാത്ത ലൈറ്റിങ് ഡ്രാമ ഇഷ്ടമാണ്…

? പെട്ടെന്ന് ഓര്‍ത്തെടുക്കുന്ന നല്ല ചിത്രങ്ങള്‍.
= നല്ലത് തികച്ചും ആപേക്ഷികമായ ഒരു പദമാണ്. എനിക്ക് നല്ലതെന്ന് തോന്നുന്ന എന്റെ ചിത്രങ്ങള്‍ ഒരു പക്ഷേ ഞാന്‍ ഷൂട്ട് ചെയ്ത വ്യക്തികളോടുള്ള ഇഷ്ടം അല്ലെങ്കില്‍ കണ്ട കാഴ്ചയോടുള്ള ഇഷ്ടം. അതുമല്ലെങ്കില്‍ ഷൂട്ടുചെയ്ത സാഹചര്യത്തെ ഒക്കെ ഓര്‍ത്ത് ആവാം. അങ്ങനെ പറയുമ്പോള്‍ ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ സന്തോഷ് ശിവന്‍ എന്ന ഗ്രേറ്റ് മാസ്റ്ററുടെ പോര്‍ട്രെയിറ്റുകള്‍, അരുന്ധതി റോയിയുടെ ചിത്രങ്ങള്‍, മമ്മൂട്ടിയുടെ മഹാരാജാസില്‍ വച്ചെടുത്ത ചിത്രം, സുസ്മിതസെന്നിന്റെ ചിത്രം, ലോകപ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിക്കി കോണ്‍ട്രാകര്‍ക്ക് ഒപ്പം ഇന്റര്‍നാഷണല്‍ ഡിസൈനേഴ്‌സ് ആയ രോഹിത്ബാല്‍, മനീഷ് മല്‍ഹോത്ര തുടങ്ങിയവര്‍ക്കൊപ്പം ചെയ്ത ഫാഷന്‍ ഷൂട്ടൊക്കെ വരും.
നാം ചെറുപ്പംതൊട്ട് ആരാധിക്കുന്ന എത്രയോ വ്യക്തികള്‍- ഒഎന്‍വി സാര്‍, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി എത്രയോ മഹാരഥന്മാരെ തൊട്ടടുത്ത് കാണാന്‍ സാധിച്ചത് തന്നെ ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ടാണ്. കിട്ടുന്ന അവസരങ്ങള്‍ ഒരു നല്ല ചിത്രമെടുക്കാനെങ്കിലും ശ്രമിക്കാറുണ്ട്. നല്ലത് എന്നു ഞാന്‍ പറഞ്ഞത് മുന്‍പ് പറഞ്ഞതുപോലെ ആപേക്ഷികമാണ്.
? എങ്ങനെയാണ് ഫോട്ടോഗ്രാഫിയിലെ തുടക്കകാലം.
= സെനിത്ത് എന്ന റഷ്യന്‍ മെയ്ഡ് ക്യാമറയാണ് ഞാന്‍ ആദ്യം ഉപയോഗിക്കുന്ന എസ് എല്‍ആര്‍ ക്യാമറ. ആദ്യഫിലിം റോള്‍ വാഷ് ചെയ്ത് വന്നപ്പോള്‍ പകുതിയോളം ചിത്രങ്ങള്‍ കൃത്യമായി പതിഞ്ഞിരുന്നില്ല. എന്തുകൊണ്ട് പകുതി പതിഞ്ഞില്ല എന്ന അന്വേഷണമാണ് യഥാര്‍ത്ഥത്തില്‍ ആദ്യകാല പഠനങ്ങള്‍.
? പഠനം വിശദീകരിക്കാമോ.
= ക്യാമറയുടെ ടെക്‌നിക്കല്‍ സൈഡില്‍ നിന്ന് ഫോക്കസ്, അപ്പര്‍ച്ചര്‍, ഷട്ടര്‍ സ്പീഡ്, ഐഎസ് ഒ, ഫ്‌ളാഷ് സിങ്ക്രണൈസേഷന്‍ ഫ്‌ളാഷിന്റെ ഔട്ട് പുട്ടും ക്യാമറയുടെ അപ്പര്‍ച്ചറുമായുള്ള ബന്ധം ഇവ തന്നെയാണ് പഠിച്ചത്. ഫിലിം ക്യാമറയില്‍ എടുത്തു പഠിച്ചവര്‍ക്ക് ഇത്തരത്തിലുള്ള അടിസ്ഥാന പാഠം വളരെ നന്നായി അറിഞ്ഞിരിക്കും. ഈ ബേസ് കാര്യങ്ങള്‍ക്കപ്പുറം ടെക്‌നിക്കല്‍ ആയി വളരെ കാര്യങ്ങള്‍ പഠിച്ചിട്ടില്ല. ഉദാഹരണത്തിന് ബ്രൗണ്‍കളര്‍ ലൈറ്റ് എന്നു പറഞ്ഞാല്‍ വിശദമായി എനിക്ക് പറയാനൊന്നും അറിഞ്ഞുകൂടാ. ഒരു ലൈറ്റ് എവിടെ വച്ചാല്‍ ഞാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു ഇമേജ് കിട്ടും എന്നറിയാം.
ഏസ്‌തെറ്റിക് സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ഒരു ഓബ്ജക്ടില്‍ എങ്ങനെ ലൈറ്റ് വീഴുന്നു എന്നായിരുന്നു ആദ്യകാലത്ത് പ്രധാനമായും ശ്രദ്ധിച്ചത്. പിന്നീട് കാഴ്ചകള്‍ കുറച്ചുകൂടി വിശാലമായി.
? പിന്നീട് എന്തായിരുന്നു ശ്രദ്ധിച്ചത്.
= ഏസ്‌തെറ്റിക് സൈഡ് മാത്രമല്ല ഒരു ചിത്രത്തിനുള്ളത് എന്ന് മനസിലാക്കി. ഒരു കാഴ്ചയ്ക്ക് ഒരു ഭാവമുണ്ടായിരിക്കും. ആ മൂഡ് നഷ്ടപ്പെടുത്താതെ ഛായഗ്രഹകന് അത് കാഴ്ചക്കാരനില്‍ എത്തിക്കാന്‍ സാധിക്കണം. വിക്ടര്‍ ജോര്‍ജ് ചിത്രങ്ങള്‍ വലിയ പ്രചോദനങ്ങള്‍ ആയിരുന്നു. ആര്‍.എസ്. അയ്യരേയും ഇഷ്ടമായിരുന്നു.

? തുടങ്ങിയത് ന്യൂസ് ഫോട്ടോഗ്രാഫി ആയിരുന്നോ.
= സുഹൃത്തുക്കളുടേയും, ബന്ധുക്കളുടേയും, ചിത്രങ്ങളെടുത്ത് തന്നെയായിരുന്നു തുടക്കം. പിന്നീട് കുറച്ചുകാലം കല്യാണ ചിത്രങ്ങളെടുത്തു. ആ കാലത്ത് ഫോട്ടോ വൈഡ് സംഘടിപ്പിച്ച ഒരു ഫോട്ടോ ജേര്‍ണിലിസം ക്യാമ്പാണ് ജീവിതം മാറ്റിയത്. അവിടെ ക്യാമ്പില്‍ അന്നത്തെ മംഗളം പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റര്‍ ഗോപികൃഷ്ണന്‍ സാര്‍ ഞങ്ങളോട് കല്യാണ ചിത്രങ്ങളുടെ ഇടയില്‍ ന്യൂസ് ആംഗിളില്‍ ഉള്ള ചിത്രങ്ങള്‍ കൂടി എടുക്കുന്നെങ്കില്‍ ബൈലൈന്‍ തരാം എന്നു പറഞ്ഞു. പിറ്റേദിവസം തന്നെ എറണാകുളത്തു ക്യാമറയുമായി അലഞ്ഞു നടന്ന് ചിത്രങ്ങളെടുത്തു. അതില്‍ ഒരെണ്ണം അമ്മയെ കാണാതെ കരയുന്ന ഒരു നടോടിക്കുട്ടിയുടെ ചിത്രമായിരുന്നു. ഗോപികൃഷ്ണന്‍ സാര്‍ വാക്കു പാലിച്ചു. പടം ഒന്നാം പേജില്‍ കളറില്‍ അടിച്ചുവന്നു. ബൈലൈന്‍ ‘ഹെബ്രിഡ് ഷൈന്‍ ‘എന്നായിരുന്നു. അന്ന് ആ ബൈലൈന്‍ നോക്കി സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുണ്ടായ വൈകാരികത പിന്നീടൊരിക്കലും തോന്നിയിട്ടില്ല.
അന്നത്തെ ക്യാമ്പില്‍ സ്റ്റുഡിയോ ഇന്‍ഡോര്‍ ഫോട്ടോഗ്രാഫി ക്ലാസ് എടുത്തിരുന്ന പ്രിന്‍സ് പോള്‍ എന്ന അദ്ധ്യാപകന്‍ ആണ് അന്നേവരയുള്ള എന്റെ അറിവിനെ മറ്റൊരുമേഖലയില്‍ എത്തിച്ചത്. ഇന്‍ഡോര്‍ ലൈറ്റിംഗ് ട്രാന്‍സ് പരന്‍സി ഫിലിം, മാനുവല്‍ പ്രോസസിംഗ്, ഡ്രംസ്‌കാനിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ , പ്രിന്റിംഗ് തുടങ്ങിയ കാര്യങ്ങളില്‍ അന്നുതൊട്ടിന്നുവരെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിപോരുന്നു.
അദ്ദേഹത്തിന്റെ ഗുരുവായ കൊച്ചിയിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ. അനില്‍ കുമാര്‍ സാര്‍ പിന്നീട് അദ്ദേഹത്തിന്റെ ട്രാന്‍സ് പേരന്‍സി പ്രോസസ്സിംഗ്കിറ്റ് എനിക്ക് തന്നു വിട്ടു . അത് വീട്ടില്‍ സെറ്റുചെയ്തു മാനുവല്‍ പ്രോസസ്സിംഗ് പഠിച്ചു. ഷൂട്ട് കഴിഞ്ഞ് ഡാര്‍ക്കുറൂമില്‍ കയറി 45 മിനിട്ട് വിയര്‍ത്തൊലിച്ച് വന്ന് ഫിലിം കാണുമ്പോ അനുഭവിച്ച സമ്മര്‍ദ്ദവും, സംഘര്‍ഷവും, സന്തോഷവും ഒരു പ്രത്യേക സുഖം തന്നെയായിരുന്നു.
? ഫിലിമായിരുന്നോ ഡിജിറ്റലിനേക്കാള്‍ മെച്ചം.
= അങ്ങനെ പറയാനാവില്ല. ആ ത്രില്‍ ഇന്നില്ലെന്നുമാത്രം. ഇന്നു നിങ്ങള്‍ക്ക് കുറച്ചുകൂടി ക്രിയാത്മകമായി ചിന്തിക്കാം. പതിഞ്ഞിട്ടുണ്ടാവുമോ എന്ന ടെന്‍ഷനില്ല താനും.
? എന്നിട്ട് ആദ്യ ചിത്രം അച്ചടിച്ചശേഷം എന്തു സംഭവിച്ചു.
= മംഗളത്തില്‍ തന്നെ കൂറെ ഫ്രിലാന്‍സ് വര്‍ക്കു ചെയ്തു. മംഗളത്തില്‍ സീനിയര്‍ സബ് എഡിറ്ററായ സണ്ണി ചെറിയാനോടൊപ്പം നടത്തിയ ഹ്യൂമന്‍ ഇന്ററസ്റ്റിംഗ് സ്റ്റോറിക്കുള്ള യാത്രകള്‍ ഒരു പ്രസ് ഫോട്ടോഗ്രാഫര്‍ ആക്കിയെന്ന് പറയാം. അവിടുന്നു മുന്‍പ് സൂചിപ്പിച്ച ഇന്‍ഡോര്‍ സ്റ്റുഡിയോ ലൈറ്റിംഗ് പഠനത്തിന്റെ ബലത്തില്‍ കന്യക മാഗസിനില്‍. 4 വര്‍ഷം നിരന്തരം പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും കന്യക അവസരം നല്‍കി. അവിടുന്ന് വനിതയിലേയ്ക്ക്.
? എങ്ങനെയാണ് വിമന്‍സ് മാഗസിന്‍ ഫോട്ടോഗ്രാഫി രീതി
= ഓരോ മാഗസിനും അതിന്റേതായ സ്ഥാനം, സ്വാഭാവം ഒക്കെ ഉണ്ടാവും. അത് ടാര്‍ജറ്റ് ചെയ്യുന്ന വായനക്കാരുടെ ഇഷ്ടങ്ങള്‍ പ്രധാനമാണ്. വായനക്കാര്‍ക്കും പ്രസിദ്ധീകരണത്തിനും ഇടയിലുള്ള അദൃശ്യമായ ഒരു ചരട് അറിയാവുന്ന മാഗസിന്‍ എഡിറ്റര്‍ മാഗസിന് ഏത് തരത്തിലുള്ള ചിത്രങ്ങളാണ് ആവശ്യം എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. അത നുസരിച്ചുള്ള ഇമേജുകള്‍ നമ്മുടെ സൗന്ദര്യബോധവും ടെക്‌നിക്കല്‍ സെന്‍സും മിക്‌സ് ചെയ്ത് എടുക്കണം. അതിന് നമ്മുക്ക് പ്രധാനമായും വേണ്ടത് കോമണ്‍ സെന്‍സ് ആണ്.

? ഫാഷന്‍, കവര്‍ പേജ് തുടങ്ങിയ ചിത്രങ്ങള്‍ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത്.
= ഒരു ടീമിനെ വിദഗ്ദമായി ഉപയോഗിച്ചാണ് ഒരു ചിത്രം ഒരുക്കേണ്ടത്. മോഡല്‍, മേക്കപ്പ് മാന്‍, സൈറ്റ്‌ലിസ്റ്റ് , കോസ്റ്റ്യും ഡിസൈനര്‍, ആര്‍ട്ട്, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍, ലേഔട്ട് തൊട്ട് എഡിറ്ററുടെ അപ്രൂവല്‍ വരെ നീണ്ടു നില്ക്കും. പ്രസിലേക്ക് പോകുന്നതിനു മുന്‍പ്‌വരെയുള്ള സ്റ്റേജ്. പിന്നെ കൊടുക്കുന്ന ഇമേജ് നന്നായി പ്രിന്റ് ചെയ്തുവരികയും വേണം ഒരു ചിത്രം എഡിറ്ററുടെ ഡെസ്‌കില്‍ എത്തുന്നതിനു മുന്‍പ് വരെ കൂടെ സഹകരിക്കുന്ന എല്ലാവരുടെയും കഴിവുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫര്‍ ആണ് നമ്മളാവേണ്ടത്.

? നിങ്ങള്‍ ഇത്ര ശ്രമപ്പെട്ട ഒരുക്കിയ ചിത്രം എഡിറ്റര്‍ നിരാകരിച്ചാല്‍.
= സംഭവിക്കാം. ചിത്രമൊരുക്കുന്നതിനുമുന്‍പ് എഡിറ്ററും ആയി നല്ല കമ്യൂണിക്കേഷന്‍ ആവശ്യമുണ്ട്. ചില സാഹചര്യങ്ങളില്‍ പ്ലാന്‍ ചെയ്തപോലെ വര്‍ക്ക് ഔട്ട് ആവണമെന്നില്ല. ഒരു മിനിമം ഗാരണ്ടിയുള്ള ചിത്രമൊരുക്കാന്‍ നമ്മള്‍ പ്രാപതരാകുക മാത്രമാണ് ‘പോംവഴി.’ നമ്മളെ ചിത്രമൊരുക്കാന്‍ അയയ്ക്കുന്ന എഡിറ്ററെയോ ക്ലൈന്റിനേയോ, ഏജന്‍സിയേയോ തൃപ്തിപ്പെടുത്തുകതന്നെയാണ് മുഖ്യം. നമ്മള്‍ അതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് നന്നായിരിക്കില്ല. മാത്രമല്ല വ്യക്തികളുടെ ഇഷ്ടം, കാഴ്ച, കാഴ്ചപ്പാട് ഒക്കെ വിഭിന്നമായിരിക്കും. സങ്കീര്‍ണ്ണമായ വിഷയവും ആണത്.

? ഒരു ചിത്രം നന്നാക്കാന്‍ എന്തൊക്കെ ടെക്‌നിക്കുകള്‍ ആണ് ഉപയോഗിക്കുന്നത്.
= നമ്മുടെ കാഴ്ച വളരെ പ്രധാനമാണ്. എടുക്കേണ്ട ചിത്രത്തിന്റെ ഭാവം എന്തായിരിക്കണം. എന്ന ധാരണ ആദ്യം വേണം. ഞാന്‍ മുന്‍പ് സൂചിപ്പിച്ച ടീമംഗങ്ങളെ വേണ്ട രീതിയില്‍ ഡയറക്റ്റ് ചെയ്യുക. നമ്മള്‍ തൃപ്തനാവുമ്പോള്‍ നിറുത്തുക. നമ്മള്‍ സെലക്ട് ചെയ്ത ചിത്രമായിരിക്കും നമ്മുടെ യഥാര്‍ത്ഥ സെന്‍സ്. ചിലപ്പോള്‍ നമ്മള്‍ തെരഞ്ഞെടുത്ത ചിത്രത്തിനേക്കാള്‍ മികച്ചത് ഒരു എഡിറ്റര്‍ ചൂണ്ടിക്കാട്ടി തന്നുവെന്നും വരാം. അതും ഒരു പഠനമാണ്. നിങ്ങളുടെ സൗന്ദര്യബോധവും ടെക്‌നിക്കും ഇംപ്രൂവ് ചെയ്യാം. ചിലപ്പോള്‍ ഒരു പോയിന്റില്‍ നിന്ന് കറങ്ങി ആ പോയിന്റ് തിരികെയുമെത്താം.

? എന്താണ് നിങ്ങളുടെ കാഴ്ചയില്‍ സൗന്ദര്യം.
= ഹൃദയം കാണുന്ന സൗന്ദര്യവും ക്യാമറ കാണുന്ന സൗന്ദര്യവും രണ്ടും രണ്ടാണ്. നമ്മള്‍ നമ്മുടെ പ്രിയപ്പെട്ടവരെ കാണുന്നത് ഹൃദയം കൊണ്ടായിരിക്കും. അപ്പോള്‍ അവരെല്ലാവരും നിങ്ങള്‍ക്ക് സുന്ദരന്മാരും സുന്ദരികളും ആയിരിക്കും. ക്യാമറയ്ക്ക് ഹൃദയവുമില്ല, ബുദ്ധിയുമില്ല. ഇതില്‍ നിങ്ങള്‍ ക്യാമറയ്ക്കു കൊടുക്കേണ്ടത് ബുദ്ധിയാണ്. ഒരു കാഴ്ചയിലെ സൗന്ദര്യം നമ്മളുടെ സൗന്ദര്യബോധമനുസരിച്ച് കണ്ടെത്തി അത് ക്യാമറയ്ക്ക് പറഞ്ഞുകൊടുക്കണം. എല്ലാറ്റിലും എല്ലാവരിലും സൗന്ദര്യമുണ്ടുതാനും.
? കണ്‍വന്‍ഷന്‍ണല്‍ സൗന്ദര്യമില്ലാത്ത ഒരാളുടെ ചിത്രം നിങ്ങള്‍ കവര്‍പേജില്‍ കൊടുക്കുമോ?
= നേരത്തെ ഞാന്‍ പറഞ്ഞതുപോലെ ഒരു മാഗസിന്റെ എഡിറ്റര്‍ ആണ് അത് തീരുമാനിക്കേണ്ടത്. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് ഞാന്‍ സ്വതന്ത്രനാണ്. നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ആരുടെ ചിത്രവും എന്റേതായ ഭാഷയില്‍ ഞാന്‍ സൗന്ദര്യം കണ്ടെത്തും.

? മേക്കപ്പ് എങ്ങനെയായിരിക്കണം.
= കുളിച്ച് ഫ്രഷ് ആയി നില്‍ക്കുന്ന ഒരാളുടെ നാച്ചുറല്‍ ലുക്ക് ആണ് ഏറ്റവും ഭംഗി. റിയാലിസ്റ്റിക് കാഴ്ചയില്‍നിന്നു മാറി ഒരു വിഷ്വല്‍ എഫക്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ അത് മറ്റൊരു തരത്തില്‍ ഇന്ററസ്റ്റിംഗ് ആവും. അതിനാണ് യഥാര്‍ഥത്തില്‍ മേക്കപ്പ് വേണ്ടത്. ഇന്ററസ്റ്റിംഗ് ആവണം എന്നത് പ്രധാനമാണ്. കേരളത്തില്‍ ഇവിടെ മേക്കപ്പിന്റെ കാര്യത്തില്‍ ഇനിയും മുന്നോട്ടു പോകാനുണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
? ക്യാമറകള്‍ ഏതാണ് ഉപയോഗിക്കുന്നത്.
= ഇപ്പോള്‍ കാനണ്‍ 1 ഉ െങമൃസ 3 ആണ് ഉപയോഗിക്കുന്നത്. മീഡിയം ഫോര്‍മാറ്റ് ക്യാമറകളും ഉപയോഗിക്കാറുണ്ട്. നമ്മള്‍ ഏതു ക്യാമറ ഉപയോഗിക്കുന്നു എന്നതിനേക്കാള്‍ നമുക്ക് മൊബൈലില്‍ ആയാലും ചിത്രമൊരുക്കുമ്പോള്‍ ഒരു വിഷ്വല്‍ഭാഷ മനസിലാക്കാനാണ് ശീലിക്കേണ്ടത് എന്നു എനിക്കു തോന്നുന്നു. ആ ചിത്രം ഔട്ട് ഓഫ് ഫോക്കസോ, ഷെയ്‌ക്കോ ആവട്ടെ. അത് എന്തെങ്കിലും വിളിച്ചുപറയുന്നുണ്ടോ എന്നതാണ് പ്രധാനം. കൊമേഴ്‌സ് ലവലില്‍ എത്തുമ്പോഴെ ക്വാളിറ്റി പ്രശ്‌നമാവൂ.

? മുന്നോട്ട്.
= കൊമേഴ്‌സല്‍ ഫോട്ടോഗ്രാഫി തന്നെയാണ് ഇഷ്ടം. എന്നാല്‍ ഭാവിയെക്കുറിച്ച് കൃത്യമായ പ്ലാന്‍ ഒന്നുമില്ല. ഇപ്പോള്‍ ചെയ്യുന്നത് വീണ്ടും ആസ്വദിച്ച് ചെയ്യുക. ദൈവം ഭാവി തീരുമാനിച്ചിട്ടുണ്ടാവും. ഇതിനിടയ്ക്ക് പറ്റുമ്പോള്‍ സമൂഹത്തിന് നേരെ ക്യാമറ തിരിച്ചുവയ്ക്കണം. ഒരു നല്ല ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമെന്ന് എത്രയോ വട്ടം നമ്മള്‍ പഠിച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here