പുലിയെ തേടി കാട്ടിലൂടെ അലഞ്ഞത് നീണ്ട പന്ത്രണ്ട് വര്‍ഷം. ഒടുവില്‍, വരം കിട്ടിയതു പോലെ കാടിന്റെ വന്യതയില്‍ നിന്നും അവന്‍ ഇറങ്ങി അയാള്‍ക്കു മുന്നിലേക്കു വന്നു. ദ്രംഷ്ടകള്‍ കാട്ടി, മൂര്‍ച്ചയേറിയ കണ്ണുകള്‍ ജ്വലിപ്പിച്ച്, ഇരയുടെ മേല്‍ ദാക്ഷിണ്യമേതുമില്ലാത്ത ശരീരഭാഷയുമായി, ഒരു ഉന്മാദിയെ പോലെ.. പതിറ്റാണ്ടു നീണ്ട കാനനയാത്രയ്ക്കു ശേഷം ആദ്യമായി ഒരു പുലിയെ നേരിട്ടു കാണുമ്പോള്‍, എന്താണ് തോന്നുക? അതും ഒരു വൈല്‍ഡ് ലൈഫ് സ്‌പെഷ്യലിസ്റ്റ് ഫോട്ടോഗ്രാഫര്‍ ആവുമ്പോള്‍? മോഹന്‍ തോമസ് എന്ന ഫോട്ടോഗ്രാഫര്‍ മൃദുവായി അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.
പിന്നെ ക്യാമറ പുറത്തെടുത്തു. മെല്ലെ ലെന്‍സിന്റെ ക്യാപ് ഊരി, അത്രമേല്‍ മൃദുവായി ക്ലിക്ക് ചെയ്യാന്‍ കൊതിച്ചെങ്കിലും കഴിഞ്ഞില്ല. ആരെയും മോഹിപ്പിക്കുന്ന കാടിന്റെ വന്യതയുമായി മുന്നില്‍ നില്‍ക്കുന്ന മാംസഭോജിയെ ആരാധനയോടെ അദ്ദേഹം നോക്കി. പുലിയെ കണ്ടപ്പോള്‍ ഭയമല്ല, തേടി നടന്നത് കണ്ടെത്തിയ ആഹ്ലാദമായിരുന്നു മനസ്സു നിറയെ. ഫോട്ടോയെടുക്കാന്‍ മറന്ന അദ്ദേഹം പുലി യെ സാകൂതം വീക്ഷിച്ചു, അറിഞ്ഞതും കണ്ടതും കേട്ടതുമായ എല്ലാ വിശേഷണങ്ങളുമായി ഒരു പുലി എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നിന്നപ്പോള്‍, ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നു മോഹന്‍ തോമസ് പറയുമ്പോള്‍- അത് ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ പ്രകൃതിയോടുള്ള അഗാധവും ശക്തിഭരിതവുമായ പ്രണയത്തിന്റെ ബാക്കിപത്രമാണെന്ന് എഴുതേണ്ടി വരും.
അന്നത്തെ സംഭവത്തിനു ശേഷം, ഓരോ പുലി യും മോഹന്‍ തോമസ് എന്ന ഫോട്ടോഗ്രാഫര്‍ക്കു മുന്നില്‍ പോസ് ചെയ്തു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കാരണം, തുടര്‍ന്നു വന്ന അഞ്ചു വര്‍ഷക്കാലയളവിനുള്ളില്‍ മോഹന്‍ തോമസിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത പുലികളുടെ വന്‍ ചിത്രശേഖരം കാണുമ്പോള്‍ ഏതൊരാള്‍ക്കും അതു ബോധ്യമാവും. ആള് ശരിക്കുമൊരു പുലി തന്നെ !
ഇന്ത്യയിലെ ഒട്ടുമിക്ക പുലിമടകളിലും കറങ്ങിയിറങ്ങിയ മോഹന്‍ തോമസ് പുലികളുടെ എല്ലാ പ്രത്യേകതകളെ കുറിച്ചും പഠിച്ചതിനു ശേഷമാണ് അവയെ ക്യാമറയിലാക്കിയത്. ഇതിന്റെ ബാക്കിപത്രമായി റഷ്യ, ഫിന്‍ലന്‍ഡ്, നോര്‍വേ, ടാന്‍സാനിയ, കെനിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ വനഭൂമിയിലൂടെയും മോഹന്‍ തോമസ് സഞ്ചരിച്ചു. അവിടെയും പുലികള്‍ ഒളിഞ്ഞു നിന്നില്ല, എല്ലാം തന്നെ മോഹന്‍ തോമസിനു മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. അവയുടെ സാന്നിധ്യം തിരിച്ചറിയുമ്പോള്‍ മണിക്കൂറുകളോളം ഇലയനക്കമില്ലാതെ അവയുടെ പ്രത്യക്ഷപ്പെടലിനു വേണ്ടി ഈ ഫോട്ടോഗ്രാഫര്‍ ധ്യാനത്തോടെ കാത്തിരുന്നു. ക്ഷമയുടെ മൂര്‍ത്തിമദ്ഭാവമായി, അദ്ദേഹമെടുത്ത ഓരോ ചിത്രത്തെയും കാഴ്ചക്കാരന്‍ കാണുന്നതും ഇതു കൊണ്ടു തന്നെ. ഓരോ ചിത്രവും കാത്തിരിപ്പിന്റെ ധന്യതയാണ്. ഓരോ ഫ്രെയിമും സംസാരിക്കുന്നത് മനുഷ്യനും മൃഗവും തമ്മിലുള്ള സന്ധിസംഭാഷണമാണ്. അദ്ദേഹം ഒപ്പിയെടുത്തു അവതരിപ്പിക്കുന്ന പുലിചിത്രങ്ങളില്‍, വന്യതയുടെ അഴകും ശാന്തതയുടെ കുലീനതയും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്ന പുലികളെ കാണാം. അത് ജീവന്‍ പണയം വച്ചെടുത്ത ചിത്രങ്ങളാണെന്ന് പറയാന്‍ ഈ ഫ്രെയിമുകളുടെ ധാരാളിത്തം മാത്രം മതി.
പുലികള്‍ മനുഷ്യര്‍ക്കു മുന്നില്‍ വരുന്നത് തന്നെ അപൂര്‍വ്വമാണ്, അപ്പോള്‍ അവയുടെ ചിത്രമെടുക്കാന്‍ കഴിയുക എന്നത് അത്യപൂര്‍വ്വമാണെന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ പറയും. അതു കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രവും ഓരോ കഥ പറയുന്നത്. വ്യത്യസ്തമായ ലൊക്കേഷന്‍, വ്യത്യസ്തമായ അനുഭവം, വ്യത്യസ്തമായ കാഴ്ച. മോഹന്‍ തോമസിന്റെ ക്യാമറ കണ്ടത് പുലിയുടെ ഓരോ സ്പന്ദനങ്ങളുമായിരുന്നു. അവയുടെ ദൃശ്യഭാഷ്യം രാജ്യങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് നീങ്ങുന്നു…
മാസായി മാരയില്‍ നിന്നും ലഭിച്ചതാണ് മരക്കൊമ്പിലിരുന്ന് ഇണയെ ആകര്‍ഷിക്കുന്ന പെണ്‍ പുലിയുടെ ചിത്രത്തില്‍ കാമനയുടെ കാടിളക്കുന്ന വന്യത നിഴലിക്കുന്നതു കാണാം. ഈ സമയത്ത് മനുഷ്യസാന്നിധ്യമോ, എന്തിന് മറ്റ് സാന്നിധ്യങ്ങളോ ഉണ്ടാവുന്നത് ഇവയെ അക്രമാസക്തരാക്കും. ഒറ്റയ്ക്ക് കഴിയുന്ന ഇവ പ്രജനന കാലത്ത് മാത്രമേ ഇണയോടൊപ്പം ജീവിക്കാറുള്ളു. മൂന്നോ നാലോ വര്‍ഷത്തില്‍ ഒരിക്കല്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. 105 മുതല്‍ 110 ദിവസമാണ് ഗര്‍ഭകാലം. പ്രസവിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമെ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കുകയുള്ളു. പ്രായപൂര്‍ത്തിയാവുന്നത് രണ്ടു രണ്ടര വര്‍ഷംകൊണ്ടാണ്. 12 വയസ്സാണ് ഇവയുടെ ആയുര്‍ ദൈര്‍ഘ്യം. കാട് അടക്കിവാഴും വിധം വാസസ്ഥലങ്ങളില്‍ അധീനപ്രദേശപരിധി നിലനിര്‍ത്തി റോന്തു ചുറ്റുന്ന സ്വഭാവം ഇവയ്ക്കുണ്ട്.
മാസായി മാരായില്‍ നിന്ന് മോഹന്‍ തോമസ് ഈ ചിത്രം പകര്‍ത്തുമ്പോള്‍ പെണ്‍പുലികളുടെ അധീനപ്രദേശത്ത്, ഏറ്റവും അപകടമേറിയ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. അവിടെ, പുലികളുടെ പ്രത്യക്ഷപ്പെടലിനു വേണ്ടി മണിക്കൂറുകള്‍ കാത്തിരുന്നതിനു ശേഷമാണ് ചിത്രം ലഭിച്ചത്. മരത്തില്‍ നിന്നും താഴേയ്ക്ക് ഇറങ്ങി വരുന്ന പുലി മൃഗവാസനയുടെ എല്ലാ സവിശേഷതയും പ്രകടിപ്പിക്കുന്നു.
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും, അവസരോചിതമായി ഇരപിടിക്കുന്ന ശീലവും, വലിയ ഭാരവും വഹിച്ചു കൊണ്ട് മരങ്ങളില്‍ കയറാനുള്ള കഴിവും, കുപ്രശസ്തമായ ഗൂഡനീക്കങ്ങളും എല്ലാം ഒത്തിണങ്ങിയതു കൊണ്ട് പുലികള്‍ നിലനില്‍ക്കുന്നു.
പുള്ളിപ്പുലികള്‍ക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറില്‍ 60 കി.മീ. വേഗതയില്‍ ഓടാന്‍ ഇവയ്ക്ക് കഴിയും. ജാഗ്വറുമായി കാഴ്ചക്ക് സാമ്യം തോന്നുമെങ്കിലും പുലികള്‍ ജാഗ്വറുകളേക്കാള്‍ ചെറുതും ഒതുങ്ങിയ ശരീരം ഉള്ളവയുമാണ്. രണ്ടു വര്‍ഗ്ഗത്തിനും ശരീരത്തില്‍ പുള്ളികള്‍ ഉണ്ട്, പുലിയുടെ പുള്ളികള്‍ ജാഗ്വറിന്റേതിനേക്കാള്‍ ചെറുതും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നവയുമാണ്. ജാഗ്വറുകളുടെ പുള്ളിക്ക് നടുവില്‍ കാണപ്പെടുന്ന പാട് പുലിയുടെ പുള്ളികളില്‍ ഇല്ല. ജാഗ്വാര്‍ കാഴ്ചയില്‍ പുള്ളിപ്പുലിയേക്കാള്‍ വലുതും കടുവയുടെ സ്വഭാവ സവിശേഷതകള്‍ പുലര്‍ത്തുകയും ചെയ്യുന്ന ജീവിയാണ്. ജലസാന്നിധ്യമുള്ള ഇടതിങ്ങിയ കാടുകളിലാണു പ്രധാനമായും കണ്ടുവരുന്നത്. പൊതുവെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജാഗ്വാര്‍, കടുവയെപ്പോലെ നീന്താന്‍ ഇഷ്ടപ്പെടുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ ഭാഗങ്ങളിലും, മെക്‌സിക്കൊ, പരാഗ്വെ, വടക്കന്‍ അര്‍ജന്റീന എന്നിവിടങ്ങളിലും ജാഗ്വാര്‍ കാണപ്പെടുന്നു.
പുലിയെന്നല്ല, ഒരു മൃഗത്തെയും ഓടിച്ചെന്നാല്‍ കാട്ടില്‍ കാണാനാവില്ലെന്നാണ് മോഹന്‍ തോമസിന്റെ പക്ഷം. ഓരോന്നിനോടും ഇണങ്ങിച്ചേരണം, അപ്പോള്‍ മാത്രമാണ് അവ നമ്മുടെ മുന്നിലെത്തുകയുള്ളു. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതരീതി പുലര്‍ത്തിയാല്‍ മാത്രമേ കാട് ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ വഴങ്ങുകയുള്ളു. മൃഗങ്ങള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വരികയുള്ളു. അസാമാന്യ ക്ഷമയും കഷ്ടപ്പെടാനുള്ള മനസ്സും സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, പ്രത്യേകിച്ച് പുലികളുടെ പിന്നാലെയുള്ള സഞ്ചാരം പറഞ്ഞിട്ടുള്ളുവെന്നു മോഹന്‍ തോമസ് പറയുന്നു. സബ് സഹാറന്‍ ആഫ്രിക്കയിലും ഇന്ത്യ, പാകിസ്താന്‍, ഇന്‍ഡോചൈന, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലി നിലനില്‍ക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം ഐ.യു.സി.എന്‍ പുള്ളിപ്പുലികളെ ‘വംശനാശഭീഷണി വരാന്‍ സാധ്യതയുള്ളത്’ (ചലമൃ ഠവൃലമലേിലറ) എന്ന പട്ടികയില്‍ പെടുത്തിയിരിക്കുന്നു. പുള്ളിപ്പുലികള്‍ക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറില്‍ 60 കി.മീ. വേഗതയില്‍ ഓടാന്‍ ഇവയ്ക്ക് കഴിയും.
സിവില്‍ എന്‍ജിനിയറായ അമ്പത്തിനാലുകാരനായ മോഹന്‍തോമസിന് ഫോട്ടോഗ്രാഫി ഹോബിയല്ല, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന പാഷനാണ്. ഒരര്‍ത്ഥത്തില്‍ ആരാധനയാണ്. എന്നാല്‍ അത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയോടാണെന്നു മാത്രം. കഴിഞ്ഞ പതിനാറു വര്‍ഷത്തിലേറെയായി അദ്ദേഹം ക്യാമറകളുമായി കാടായ കാടുകളിലൂടെ സഞ്ചരിക്കുന്നു. പ്രകൃതിയോടുള്ള സ്‌നേഹമായിരുന്നു അദ്ദേഹത്തെ ഒരു ഫോട്ടോഗ്രാഫറാക്കിയത്. ആ ചിത്രങ്ങള്‍ ഒപ്പിയെടുത്തു ആ സ്‌നേഹം തിരിച്ചു കൊടുക്കുകാണ് അദ്ദേഹം ഇപ്പോള്‍. ദൂദ്‌സാഗര്‍ വെള്ളച്ചാട്ടത്തിനു സമീപം ഡാന്‍ഡെല്ലി കാടുകളില്‍ നിന്നു അപൂര്‍വ്വമായ കരിമ്പുലിയെ കാണാനാവുകയും അത് ഫോട്ടോഗ്രാഫി ചെയ്തതും മറക്കാനാവാത്ത അനുഭവമായി മോഹന്‍ തോമസ് സൂക്ഷിക്കുന്നു. ഇഷ്ടപ്പെട്ട ലൊക്കേഷനുകളാവട്ടെ കബിനിയും കെനിയയും.. ഇവിടേക്ക് പല തവണ യാത്രകള്‍ നടത്തി. ഓരോ തവണയും മനോഹരമായ ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയെടുക്കുകയും ചെയ്തു. പുലികളെ മാത്രമല്ല, പുലിവംശത്തില്‍ പെട്ട ജാഗ്വാറുകള്‍, പോളാര്‍ കരടികള്‍, അപകടകാരികളായ ബ്രൗണ്‍ ബിയര്‍ എന്നിവയെല്ലാം മോഹന്‍ തോമസ് ക്യാമറയിലാക്കിയിട്ടുണ്ട്.
കുടുംബത്തില്‍ നിന്നും ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയാണ് മോഹന്‍ തോമസിന്റെ വിജയം. ഫോട്ടോഗ്രാഫിയ്ക്കു വേണ്ടി ഏറെ സമയം ചെലവഴിക്കുന്ന മോഹന്‍തോമസ് കാട്ടില്‍ നിന്നും പകര്‍ത്തിയ അപൂര്‍വ്വ ചിത്രങ്ങള്‍ അടുത്തിടെ എറണാകുളത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. യാത്രകളെ സ്‌നേഹിക്കുന്ന ഇദ്ദേഹം കാനാന്‍ ഗ്രൂപ്പിന്റെ മാനേജിങ് പാര്‍ട്ണറാണ്.
പുലികളുടെ സംരക്ഷണത്തിനായി ഇന്ത്യയിലുള്ള 27 പ്രദേശങ്ങളിലൊന്നായ പെരിയാര്‍ കടുവ സംരക്ഷിത പ്രദേശത്തു കൂടി താന്നിക്കുടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇങ്ങനെ റിലാക്‌സ് ചെയ്യുന്ന ഈ ‘വീരനെ’ ഞങ്ങള്‍ കാണുന്നത്. കട്ടിയേറിയ വനങ്ങളായതിനാല്‍ പുലികളെ നേരിട്ടു കാണുക എളുപ്പമല്ലെങ്കിലും ഇത് തനിക്ക് വേണ്ടി കിടന്നു തരികയായിരുന്നുവെന്നു മോഹന്‍ തോമസ് പറഞ്ഞു. പുലിയുടെ പാദമുദ്രകള്‍, നഖം ഉരച്ച പാടുകള്‍, വിസര്‍ജ്യങ്ങള്‍ എന്നിവ കണ്ടെത്തി, അവയുടെ സാന്നിധ്യം തിരിച്ചറിയുകയും മണിക്കൂറുകളോളം, ചിലപ്പോഴത് ദിവസങ്ങളോളം കാത്തിരുന്നതിനു ശേഷമാണ് ഈ ചിത്രങ്ങളെല്ലാം എടുക്കുന്നതെന്ന് മോഹന്‍ തോമസ് പറഞ്ഞു.
എവിടെയും കാണാവുന്ന വന്യജീവിയാണ് പുലിയെന്നു മോഹന്‍ തോമസ് പറയും. അതിനായി നല്ല നിരീക്ഷണപാടവം തന്നെ വേണ. ചിലപ്പോള്‍ പൊന്തക്കാട്ടില്‍, പുല്‍മേട്ടില്‍, എന്തിന് നിങ്ങളുടെ റബ്ബര്‍ തോട്ടത്തില്‍ വരെ അതിനെ കാണാമെന്നു മോഹന്‍ തോമസ് പറയുന്നു. കടുവയുടെ ചിത്രമെടുക്കാന്‍ വേണ്ടി ഉയര്‍ന്ന ഹൈ എന്‍ഡ് ലെന്‍സുകളും ക്യാമറകളും ഉപയോഗിക്കുന്ന മോഹന്‍തോമസിന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി പ്രൊഫഷനല്ല, പാഷനാണെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു.
FOTOWIDE MAGAZINE ISSUE NO 190