ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച ഷവോമി പുതിയ ഉത്പന്നമായി വരുന്നത് അതിലേറെ അത്ഭുതം നിറച്ചു കൊണ്ടാണ്. 4000 എംഎഎച്ച് ബാറ്ററി 17 മിനിറ്റ് കൊണ്ടു ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഹൈസ്പീഡ് ചാര്‍ജറാണ് പുതിയ ഉത്പന്നം. 100 വാട്‌സിന്റെ സൂപ്പര്‍ ചാര്‍ജര്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പ് 50 വാട്‌സിന്റെ വിഒസിസി ടെക്‌നോളജിയെ അടിസ്ഥാനപ്പെടുത്തി ഒപ്പോ അവതരിപ്പിച്ച ചാര്‍ജര്‍ ആയിരുന്നു ഇതിനു മുന്‍പ് വേഗത്തില്‍ മുന്‍പന്‍. അതിന് 3700 എംഎഎച്ച് ബാറ്ററി 0-ല്‍ നിന്നും 100-ലെത്താന്‍ അരമണിക്കൂറിലേറെ സമയം വേണമായിരുന്നു.
അതേസമയം, ഈ സൂപ്പര്‍ചാര്‍ജര്‍ എന്നു വിപണിയിലെത്തുമെന്നു ഇതു വരെ ഷവോമി വ്യക്തമാക്കിയിട്ടില്ല. ഇത്രയും വേഗത്തില്‍ ബാറ്ററി ചാര്‍ജ് ആവുന്നതു കൊണ്ടു സംഭവിക്കുന്ന കൊടുംചൂടിനെ എങ്ങനെ അതിജീവിക്കുമെന്നും എന്താണ് ഇതിന്റെ അടിസ്ഥാനമെന്നും വെളിപ്പെടുത്തിയിട്ടുമില്ല. വണ്‍ പ്ല്‌സ് ഫോണുകളും ഒപ്പോ ഫോണുകളുമാണ് ഇത്തരത്തില്‍ വേഗമേറിയ ചാര്‍ജിങ് സൗകര്യങ്ങള്‍ ഇതിനു മുന്‍പ് നല്‍കിയിരുന്നത്. ഫോണിന്റെ ഇന്റേണല്‍ പവര്‍ മാനേജ്‌മെന്റില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയാണ് ഇരുവരും ഇതു സാധ്യമാക്കിയിരുന്നത്. ചൂടിനെ അതിജീവിക്കാനും ഇങ്ങനെ ഫോണിനു എന്തെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ (പൊട്ടിത്തെറിയോ മറ്റോ) അതിനെ മറികടക്കാനായി ഫോണ്‍ സര്‍ക്യൂട്ടറി ഷട്ട് ഓഫ് ചെയ്തു കൊണ്ടാണ് ഇതു സാധിച്ചിരുന്നത്. ഷവോമി എന്തു തരം ടെക്‌നോളജിയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നതെന്നു വ്യക്തമായിട്ടില്ല. തന്നെയുമല്ല 100 വാട്‌സ് ഉപയോഗിക്കുന്ന ചാര്‍ജറും ഇതാദ്യമാണ്.
ഐ ഫോണ്‍ എക്‌സ്എസ്, പിക്‌സല്‍ 3 എന്നിവ 18 വാട്‌സ് ഉപയോഗിക്കുമ്പോള്‍ ഗാലക്‌സി എസ്10 15 വാട്‌സ് മാത്രമാണ് ഉപയോഗിക്കുന്നത്. ഈ ഫോണുകളെല്ലാം തന്നെ ഹൈസ്പീഡ് ചാര്‍ജിങ് ശേഷിയുമുള്ളതാണ്. ഷവോമിയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണിലായിരിക്കും ഈ ചാര്‍ജര്‍ ആദ്യമായി അവതരിപ്പിക്കുകയെന്നാണ് സൂചന. അതിനു ശേഷം മാത്രമേ ചാര്‍ജര്‍ വിപണിയിലെത്താന്‍ സാധ്യതയുള്ളു. ഫോണിനോടൊപ്പമല്ലാതെ ചാര്‍ജര്‍ മാത്രമായി ഷവോമി വിപണിയിലെത്തിക്കുമോയെന്നും ടെക് ലോകം ഉറ്റു നോക്കുന്നുണ്ട്.