കാനോണിന്റെ പുതിയ ക്യാമറ ഇഒഎസ് റിബല്‍ എസ്എല്‍3 പുറത്തിറങ്ങുന്നു. തങ്ങളുടെ ഡിഎസ്എല്‍ആര്‍ ശ്രേണിയിലെ ഏറ്റവും വലിപ്പം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ക്യാമറയാണിതെന്നു കാനോണ്‍ അറിയിക്കുന്നു. 449 ഗ്രാമാണ് ക്യാമറയുടെ ഭാരം. കോമ്പോസിറ്റ് ബോഡി മെറ്റീരയലാണ് ഭാരം കുറച്ചത്. 24 എംപി റെസല്യൂഷനില്‍ പ്രവര്‍ത്തിക്കുന്ന എപിഎസ്-സി സിമോസ് സെന്‍സറാണ് ഇതിലുള്ളത്. ഡിജിക്ക് 8 പ്രോസ്സസ്സര്‍ നല്‍കുന്ന വേഗത, ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ്, ഉയര്‍ന്ന ബാട്ടറിലൈഫ്, 4കെ വീഡിയോ ക്യാപ്ചര്‍ എന്നിവയാണ് ക്യാമറയുടെ പ്രത്യേകത.
ഓട്ടോഫോക്കസ് അസിസ്റ്റ് ലാംപ് നല്‍കിയിരിക്കുന്നു. മാനുവല്‍ ഫോക്കസ് സാധ്യമാവും. 3975 ഫോക്കസ് പോയിന്റുകളാണ് ഇതിലുള്ളത്. കാനോണ്‍ ഇഎഫ്-എസ് മൗണ്ടാണ് ക്യാമറയുടേത്. തിരിക്കുകയും മറിക്കുകയും ചെയ്യാവുന്ന മൂന്ന് ഇഞ്ച് വലിപ്പമുള്ള എല്‍സിഡി ടച്ച് സ്‌ക്രീനാണ്. വൈഫൈ കപ്പാസിറ്റിയുള്ള ക്യാമറയില്‍ സെക്കന്‍ഡില്‍ അഞ്ച് ഫ്രെയിമുകളില്‍ ഷൂട്ടിങ് അനുവദിച്ചിരിക്കുന്നു. 30 സെക്കന്‍ഡാണ് മിനിമം ഷട്ടര്‍ സ്പീഡ്. 1/4000 സെക്കന്‍ഡ് പരമാവധി ഷട്ടര്‍ സ്പീഡും. പ്രോഗ്രാം, ഷട്ടര്‍ പ്രയോറിറ്റി, അപ്പര്‍ച്ചര്‍ പ്രയോറിറ്റി, മാനുവല്‍ എന്നിങ്ങനെ എക്‌സ്‌പോഷര്‍ മോഡുകള്‍ നല്‍കിയിരിക്കുന്നു. ഒപ്പം ഒട്ടനവധി സീന്‍ മോഡുകളും. ബില്‍ട്ട് ഇന്‍ ഫഌഷ് ഉണ്ട്. ഒപ്പം എക്‌സ്റ്റേണല്‍ ഫഌഷിനു വേണ്ടി ഹോട്ട് ഷൂവും നല്‍കിയിരിക്കുന്നു.
ഒറ്റച്ചാര്‍ജില്‍ 1070 ചിത്രങ്ങള്‍ പകര്‍ത്താനാവും. ഓറിയന്റേഷന്‍ സെന്‍സര്‍, ടൈംലാപ്‌സ് റെക്കോഡിങ് എന്നിവ നല്‍കിയിരിക്കുന്നു. റിമോട്ട് കണ്‍ട്രോളിലും പ്രവര്‍ത്തിപ്പിക്കാം. മൈക്രോഫോണ്‍ പോര്‍ട്ട് ഉണ്ടെങ്കിലും ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഒഴിവാക്കിയിരിക്കുന്നു. ബോഡിക്കു മാത്രമായി 600 ഡോളറും 18-55 എംഎം എഫ്4-5.6 എസ്ടിഎം ലെന്‍സ് സഹിതം 750 ഡോളറുമാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില.