തമിഴ്‌നാട്ടിലെ കാര്‍ഷിക ജനതയുടെ ദുരിതങ്ങള്‍ വിവരിച്ച ഫോട്ടോ ഡോക്യുമെന്ററിക്ക് സോണി വേള്‍ഡ് ഫോട്ടോഗ്രാഫി അവാര്‍ഡ്. ഇറ്റലിക്കാരനായ ഫെഡറിക്കോ ബൊറെല്ലോ എന്ന ഫോട്ടോഗ്രാഫറുടെ ഫൈവ് ഡിഗ്രി എന്ന ചിത്രപരമ്പരയ്ക്കാണ് അവാര്‍ഡ്. കാലാവസ്ഥ വ്യതിയാനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ പഠനം നടത്തിയ ബെര്‍ക്ക്‌ലി സര്‍വ്വകാലാശാലയുടെ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് ഫെഡറിക്കോ തമിഴ്‌നാട്ടില്‍ നിന്നും ചിത്രമെടുത്തത്. കടുത്ത വേനലിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നടക്കുന്ന കാര്‍ഷിക ആത്മഹത്യകളുടെ പശ്ചാത്തലമാണ് ചിത്രത്തിലൂടെ വിവരിക്കുന്നത്. 25000 ഡോളര്‍ (1733900 ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക. സോണിയുടെ പ്രൊഫഷണല്‍ എക്യുപ്‌മെന്റുകള്‍ ഉപയോഗിച്ച് തുടര്‍ പദ്ധതികള്‍ ചെയ്യാനുമാവും. ഏപ്രില്‍ 18 മുതല്‍ മെയ് 6 വരെ ചിത്രങ്ങളുടെ പ്രദര്‍ശനം ലണ്ടനിലെ സോമര്‍സെറ്റ് ഹൗസില്‍ വച്ച് നടത്തും. തുടര്‍ന്ന് ജപ്പാന്‍, ഇറ്റലി, ജര്‍മ്മനി, ലണ്ടന്‍ എന്നിവിടങ്ങളിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും.
ഫെഡറിക്കോ ബൊറെല്ലോ എന്ന ഫോട്ടോഗ്രാഫറുടെ ഫൈവ് ഡിഗ്രി എന്ന ചിത്ര പരമ്പര കാണാനായി ക്ലിക്ക് ചെയ്യുക. പന്ത്രണ്ടാം അവാര്‍ഡ് പുരസ്‌ക്കാരത്തിനായി ഇത്തവണ 195 രാജ്യങ്ങളില്‍ നിന്നും 326,997 ചിത്രങ്ങളാണ് ലഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി അവാര്‍ഡുകളിലൊന്നാണിത്. ലണ്ടനിലെ സോമര്‍സെറ്റ് ഹൗസില്‍ വച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
അടുത്ത വര്‍ഷത്തേക്കുള്ള മത്സരത്തിന്റെ എന്‍ട്രികള്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കും. തികച്ചും സൗജന്യമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക.