സ്‌പോര്‍ട്‌സ്, ആക്ഷന്‍ ഫോട്ടോഗ്രാഫര്‍മാരെ ലക്ഷ്യമിട്ട് ഒളിമ്പസിന്റെ ഡ്യുവല്‍ ഗ്രിപ്പ് മൈക്രോ ഫോര്‍ തേര്‍ഡ്‌സ് മിറര്‍ലെസ് ക്യാമറ എത്തുന്നു. വേഗതയും കൃത്യതയും കൊണ്ട് വിസ്മയിപ്പിക്കാനെത്തിയിരിക്കുന്ന ഈ ക്യാമറക്ക് 20 എംപി ശേഷിയാണുള്ളത്. 121 പോയിന്റ് ഓട്ടോഫോക്കസ് സിസ്റ്റം സബജക്ട് റെക്കഗ്നിഷ്യന് അനുസൃതമായി പ്രവര്‍ത്തിക്കും. ഹൈ റെസല്യൂഷന്‍ ഷോട്ട് മോഡാണ് ക്യാമറയുടെ പ്രത്യേകത. ഓട്ടോഫോക്കസോടു കൂടി സെക്കന്‍ഡില്‍ 18 ഫ്രെയിമുകള്‍ വരെ പകര്‍ത്താവുന്ന വേഗതയുള്ള ഇഎം1എക്‌സ് എന്ന ഈ ക്യാമറയ്ക്ക് പ്രോ ക്യാപ്ചര്‍ മോഡ് എന്നൊരു സങ്കേതം കൂടിയുണ്ട്. ഷട്ടര്‍ പ്രസ് ചെയ്യും മുന്നേ തന്നെ ഫ്രെയിമുകള്‍ റെക്കോഡ് ചെയ്യാവുന്ന ആധുനിക രീതിയാണിത്. അതു കൊണ്ടു തന്നെ ലൈവ് മോഡില്‍ കാണുന്നതിനെ വിടാതെ പിന്തുടര്‍ന്നു റെക്കോഡ് ചെയ്യാനും ക്യാമറയിലെ വീഡിയോ മോഡിനു ശേഷിയുണ്ട്.
മികച്ച ഇമേജ് സ്‌റ്റെബിലൈസേഷന്‍ ടെക്‌നോളജി ഈ ക്യാമറയ്ക്ക് കുടുതല്‍ ഗുണകരമായേക്കും. സിഐപിഎ റേറ്റിങ് പ്രകാരം 7.5 ഇവി ഇതിനു ലഭിക്കുമത്രേ. ലൈവ് എന്‍ഡി മള്‍ട്ടി ഷോട്ട് മോഡ്, ഡ്യുവല്‍ ബിഎല്‍എച്ച്-1 ബാറ്ററികള്‍ എന്നിവയും ഒളിമ്പസ് ആദ്യമായി അവതരിപ്പിക്കുന്നതാണ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 870 ഷോട്ടുകള്‍ വരെ ഇതില്‍ പകര്‍ത്താനാവും. ഡ്യുവല്‍ യുഎച്ച്എസ്-2 എസ്ഡി മെമ്മറി കാര്‍ഡ് സ്ലോട്ട് ഇതിലുണ്ട്.
ഡ്യുവല്‍ ഓട്ടോഫോക്കസ് ജോയ് സ്റ്റിക്ക്, ആര്‍ട്ടിക്യുലേറ്റഡ് ടച്ച്‌സ്‌ക്രീന്‍, 4കെ/ 30 പി യുഎച്ച്ഡി വീഡിയോ, യുഎസ്ബി ചാര്‍ജിങ് എന്നിവയ്ക്കു പുറമേ മികച്ച വെതര്‍ സീലിങ്ങും ക്യാമറയിലുണ്ട്. ബോഡിക്കു മാത്രമായി 2999 ഡോളറാണ് ഇതിന്റെ വില.