മെഗാപിക്‌സല്‍ യുദ്ധം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അത്ര പുതുമയുള്ള കാര്യമായിരുന്നില്ല. എന്നാല്‍ അത് പുതുമയേറിയ വാര്‍ത്തയായി മാറുന്നത് സാംസങ്ങിന്റെ ഈ പ്രഖ്യാപനത്തോടെയാണ്. ഐസോസെല്‍ ബ്രൈറ്റ് ജിഡബ്ല്യു വണ്‍ എന്ന പുതിയ ഇമേജ് സെന്‍സര്‍ എത്തുന്നത് ലോകത്തിലെ ആദ്യത്തെ 64 എംപി സ്മാര്‍ട്ട്‌ഫോണ്‍ ഇമേജ് സെന്‍സര്‍ എന്ന വിശേഷണത്തോടെയാണ്. 0.8 മൈക്രോമീറ്റര്‍ പിക്‌സല്‍ കൗണ്ടിങ്ങ് സാങ്കേതിക വിദ്യയാണ് ഇതിലുള്ളത്. കൂടുതല്‍ പ്രകാശമുള്ള അവസരങ്ങളില്‍ സെന്‍സര്‍ കൂടുതല്‍ പ്രകാശത്തെ ആഗീരണം ചെയ്യുമെന്നും ആ നിലയ്ക്ക് 64 എംപി ചിത്രങ്ങളെടുക്കാന്‍ കഴിയുമെന്നും സാംസങ് പറയുന്നു. പിക്‌സല്‍ മെര്‍ജിങ് എന്ന ടെട്രാസെല്‍ ടെക്‌നോളജിയെയാണ് സാംസങ് ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ജിഡബ്ല്യു1-ന് ലോലൈറ്റില്‍ 16 എംപി ചിത്രങ്ങളെടുക്കാന്‍ കഴിയും. റിയല്‍ ടൈം ഹൈ ഡയനാമിക്ക് റേഞ്ച് (എച്ച്ഡിആര്‍) നന്നായി സപ്പോര്‍ട്ട് ചെയ്യാനും ഇതിനാവും. സെന്‍സറിലേക്ക് എത്തുന്ന പ്രകാശത്തെ ഇലക്ട്രിക്ക് സിഗ്നലാക്കി മാറ്റുന്ന ഡ്യുവല്‍ കണ്‍വേര്‍ഷന്‍ ഗെയ്ന്‍ (ഡിസിജി) പുതിയ സെന്‍സറില്‍ സാംസങ് അവതരിപ്പിക്കുന്നുണ്ട്. മൂവി മോഡില്‍ സെക്കന്‍ഡില്‍ 480 ഫ്രെയിമുകള്‍ വരെ പകര്‍ത്താനും ഓട്ടോ ഫോക്കസ് ടെക്‌നോളജിയെ അടിസ്ഥാനമാക്കി ഫേസ് ഡിറ്റക്ഷന്‍ വരുത്താനും ഇതിനു കഴിയുമെന്നും കമ്പനി അറിയിക്കുന്നു. ജൂണ്‍ മാസത്തോടെ ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ആരംഭിക്കാനാണ് സാംസങ്ങിന്റെ നീക്കം.