ചൈനയിലെ പ്രമുഖ ഒപ്ടിക്കക്‌സ് നിര്‍മ്മാതാക്കളായ വസെന്‍ മൈക്രോ ഫോര്‍ തേഡ് (എംഎഫ്റ്റി) ക്യാമറകളില്‍ ഉപയോഗിക്കാന്‍ പറ്റിയ അനാമോര്‍ഫിക്ക് ലെന്‍സുകള്‍ പുറത്തിറക്കി. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യത്തെ ലെന്‍സാണത്രേ ഇത്. ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന സിനി ഗിയര്‍ എക്‌സ്‌പോയിലാണ് ഈ ലെന്‍സ് അനാവരണം ചെയ്തത്. മൂന്നു തരത്തിലുള്ള ലെന്‍സുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. 28എംഎം, 40എംഎം, 65 എംഎം ഫോക്കല്‍ ലെംഗ്തില്‍ ഇതിന് 1.8എക്‌സ് അനാമോര്‍ഫിക്ക് ഇഫക്ട് സൃഷ്ടിക്കാന്‍ കഴിയും. (സ്റ്റാന്‍ഡേര്‍ഡ് 35 എംഎം ഫോര്‍മാറ്റില്‍ വൈഡ്‌സ്‌ക്രീന്‍ ഷൂട്ടിങ് നടത്തുന്ന സിനിമാട്ടോഗ്രാഫി ടെക്‌നിക്കാണ് അനാമോര്‍ഫിക്ക്.)

മൂന്നു ലെന്‍സുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ 40 എംഎം ടി2 ഈ മാസം അവസാനം മുതല്‍ വിപണിയില്‍ ലഭ്യമാകും. Lumix GH5/s, Blackmagic Pocket Cinema Camera or Z-cam E2 എന്നീ എംഎഫ്റ്റി ക്യാമറകളില്‍ ഈ ലെന്‍സ് ഉപയോഗിക്കാം. ഈ ലെന്‍സില്‍ ചിത്രീകരിക്കുമ്പോള്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി 2.39:1 ആസ്‌പെക്ട് റേഷ്യോ ഇമേജുകള്‍ നല്‍കും. വീഡിയോ ചിത്രീകരണത്തിന് ഇതേറെ സഹായകമാകും. കൂടുതല്‍ വൈഡ് ഇമേജുകള്‍ നല്ല വ്യക്തതയോടും നിലവാരത്തോടെയും ചിത്രീകരിക്കാന്‍ ഇതിനാവും. 0.82 മീറ്ററാണ് മിനിമം ഫോക്കസ് ദൂരം. മൃദുലമായ ബൊക്കെ, ചക്രവാളങ്ങളിലെ നീല ഫ്‌ളെയര്‍, വൈഡ്‌സ്‌ക്രീന്‍ സിനിമാറ്റിക്ക് ഇമേജ് എന്നിവയൊക്കെ ഈ ലെന്‍സ് ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യാന്‍ കഴിയുമെന്ന് വസെന്‍ അവകാശപ്പെടുന്നു. 1.8 കിലോയാണ് ഇതിന്റെ ഭാരം. 3250 ഡോളറാണ് വില. വര്‍ഷാവസാനത്തോടെ മാത്രമേ 28എംഎം, 65 എംഎം മോഡലുകള്‍ പുറത്തിറക്കൂ.