എല്ലാ അഭ്യൂഹങ്ങള്‍ക്കും വിട. മാസങ്ങളായി ഫോട്ടോഗ്രാഫര്‍മാര്‍ ആകാംക്ഷയോടെ കാത്തിരുന്ന സോണിയുടെ രണ്ടു ഫുള്‍ഫ്രെയിം ടെലിഫോട്ടോ ലെന്‍സുകള്‍ പുറത്തിറക്കി. 200-600mm F5.6-6.3 G OSS zoom, 600mm F4 GM OSS prime.എന്നിവയാണത്. റൂമര്‍ സൈറ്റുകളില്‍ ഏറെ ദിവസങ്ങളായി ഈ ലെന്‍സിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, സ്‌പോര്‍ട്‌സ് ആക്ഷന്‍ ഫോട്ടോഗ്രാഫി എന്നിവയ്ക്കു യോജിച്ച ലെന്‍സാണിത്. ഈ ലെന്‍സുകള്‍ പ്രധാനമായും ടോക്കിയോ ഒളിമ്പിക്‌സ് ലക്ഷ്യമിട്ടാണ് സോണി പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഫോട്ടോകിനയില്‍ ഇതിന്റെ പ്രോട്ടോടൈപ്പ് സോണി പ്രദര്‍ശിപ്പിച്ചിരുന്നു. ജൂണ്‍ ആദ്യവാരം ലെന്‍സ് പുറത്തിറക്കുമെന്നു നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ഔദ്യോഗികമായി ലെന്‍സ് പുറത്തിറക്കി.

FE 200-600 F5.6-6.3 G OSS ലെന്‍സിന് 24 എലമെന്റുകളാണുള്ളത്. ആസ്ഫറിക്കലും എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സിയന്‍ ഗ്ലാസും ഉള്‍പ്പെട്ടിരിക്കുന്നു. ഫോക്കസും സൂമും എല്ലാം തന്നെ ഇന്റേണലിയാണ്. 11 അപ്പര്‍ച്ചര്‍ ബ്ലേഡുകള്‍ ഉണ്ട് ഇതിന്. ഡയറക്ട് ഡ്രൈവ് എസ്എസ്എം ഓട്ടോഫോക്കസ് മോട്ടോര്‍ ആണ് ഇതിനുള്ളത്. 2.4 മീറ്റര്‍ അഥവാ എട്ടടിയാണ് ഇതിന്റെ മിനിമം ഫോക്കസ് ദൂരം. പരമാവധി മാഗ്നിഫിക്കേഷന്‍ 0.2 എക്‌സ്. 2.1 കിലോ ഭാരമുണ്ട് ഈ ലെന്‍സിന്.

രണ്ടാമത്തെ ലെന്‍സായ FE 600mm F4 GM OSS സോണിയുടെ പ്രീമിയം ജി മാസ്റ്റര്‍ റേഞ്ചിലുള്ളതാണ്. ഭാരം ആദ്യത്തേതിനെ അപേക്ഷിച്ച് അല്‍പ്പം കൂടുതലാണ്, മൂന്നു കിലോ. കാനോണിന്റെ തത്തുല്യമായ ലെന്‍സിനെ അപേക്ഷിച്ച് ഭാരക്കുറവുണ്ട് എന്നതു വലിയ കാര്യം. അങ്ങനെ ഈ ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ ലെന്‍സ് എന്ന ഖ്യാതിയും സോണിയുടെ ഈ 600 എംഎം ലെന്‍സ് സ്വന്തമാക്കി. 449 എംഎം അഥവാ 1.5 അടിയാണ് രണ്ടു ലെന്‍സുകളുടെയും നീളം. കാനോണിനെ അപേക്ഷിച്ച് സോണി ഒരു എംഎം മുന്നിലാണെന്നു പറയാം.

600 എംഎം-നും 24 എലമെന്റുകളാണുള്ളത്. എക്‌സ്ട്രീം ആസ്ഫറിക്കല്‍ (എക്‌സ്എ), ഫ്‌ളൂറൈറ്റ്, ഇഡി ഗ്ലാസ് എന്നിവയും ഇതിനുണ്ട്. എക്‌സ്ഡി ലിനിയര്‍ മോട്ടോറുകള്‍ ഫോക്കസിങ് വേഗത്തിലും കൃത്യതയോടെയും നിര്‍വഹിക്കുന്നു. 200-600 എംഎം-ല്‍ ഉള്ളതു പോലെയുള്ള മൂന്നു മോഡ് ഐഎസ് സിസ്റ്റവും ഇതിനുമുണ്ട്. 40.5 എംഎം ഡ്രോപ്പ് ഇന്‍ ഫില്‍ട്ടറുകളും ഉണ്ട്. 4.5 എം തന്നെയാണ് ഇതിന്റെയും കുറഞ്ഞ ഫോക്കസ് ദൂരം. 0.14 എക്‌സാണ് പരമാവധി മാഗ്നിഫിക്കേഷന്‍. മറ്റു ലെന്‍സിനെ അപേക്ഷിച്ചു 600 എംഎം പൂര്‍ണ്ണമായും വെതര്‍ സീല്‍ഡാണ്. ഈ 600 എംഎം ടെലിഫോട്ടോ പോരാ എന്നു തോന്നുന്നുവെങ്കില്‍ സോണിയുടെ തന്നെ 1.4എക്‌സ്, 2 എക്‌സ് ടെലികണ്‍വേര്‍ട്ടറുകളുമായും ഇതിനെ ബന്ധിക്കാവുന്നതാണ്.

ഇപ്പോള്‍ പുറത്തിറക്കിയെങ്കിലും രണ്ടു ലെന്‍സുകളും ഓഗസ്റ്റ് മാസത്തോടെ മാത്രമേ വിപണിയില്‍ എത്തുകയുള്ളു. 200-600 ന് 2000 ഡോളറും 600 എംഎം-ന് 13000 ഡോളറുമാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ലെന്‍സിനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ജൂലൈ ലക്കം ഫോട്ടോവൈഡ് മാസികയില്‍ വായിക്കുക.