സോണിയുടെ ഇ മൗണ്ട് ഫുള്‍ഫ്രെയിം ലെന്‍സിന്റെ നിരകളിലേക്ക് പുതിയൊരു ലെന്‍സ് കൂടി. എഫ്ഇ 35എംഎം എഫ്1.8 വൈഡ് ആംഗിള്‍ പ്രൈം ലെന്‍സ് ആണിത്. ഫോട്ടോഗ്രാഫര്‍മാര്‍ ഏറെക്കാലമായി കാത്തിരുന്ന ലെന്‍സാണിത്. സോണിയുടെ ഇ-മൗണ്ട് ക്യാമറകളില്‍ ഉപയോഗിക്കാം. ഇ-മൗണ്ടുകള്‍ക്കു യോജിച്ച ഫുള്‍ഫ്രെയിം വൈഡ് ആംഗിള്‍ ലെന്‍സ് ഉടന്‍ വരുന്നുവെന്ന അറിയിപ്പുണ്ടായിരുന്നുവെങ്കിലും അവതരിപ്പിക്കുന്നത് ഇപ്പോള്‍ മാത്രമാണ്!
ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് യോജിച്ച ലെന്‍സാണിത്. കാര്യമായ വൈഡ് ലഭിക്കുന്നുവെന്നതു മാത്രമല്ല, ഓട്ടോഫോക്കസും മാനുവലും ഇഷ്ടാനുസരണം അതിവേഗം ഉപയോഗിക്കുകയും ചെയ്യാം. ഫുഡ് ഫോട്ടോഗ്രാഫി, ലാന്‍ഡ്‌സ്‌കേപ്പ്, നൈറ്റ് സീനുകള്‍, നിത്യേനയുള്ള ഷോട്ടുകള്‍ എന്നിവയ്ക്ക് ഏറെ അനുയോജ്യമാണിത്. കോണോടു കോണ്‍ ഇമേജ് ക്വാളിറ്റി നല്‍കുന്നുവെന്നതാണ് ഈ ലെന്‍സിന്റെ പ്രത്യേകത.
പുതിയ ലെന്‍സിന്റെ വരവോടെ, സോണി തങ്ങളുടെ ഇ മൗണ്ടുകള്‍ക്കായുള്ള ലെന്‍സുകളുടെ (34 ഫുള്‍ഫ്രെയിം മോഡലുകളും കൂടി ചേര്‍ത്ത്) എണ്ണം ഇപ്പോള്‍ 52 ആയി ഉയര്‍ത്തിയിട്ടുണ്ട്. വലിയ അപ്പര്‍ച്ചര്‍ നല്‍കുന്ന ഈ ലെന്‍സിന് 280 ഗ്രാം ഭാരം മാത്രമേ ഉള്ളു. ഈ ശ്രേണിയിലെ ഭാരം കുറഞ്ഞ ലെന്‍സാണിത്.
കുറഞ്ഞ ഫോക്കസ് ദൂരം 0.22 മീറ്ററാണ്. മാക്‌സിമം മാഗ്നിഫിക്കേഷന്‍ 0.24 എക്‌സും. ഇമേജ് സ്റ്റെബിലൈസേഷന്‍ ഒഴിവാക്കിയിരിക്കുന്നു. 9 ഗ്രൂപ്പുകളിലായി 11 എലമെന്റുകള്‍. ലിനിയര്‍ മോട്ടോര്‍ ടൈപ്പ് ഇന്റേണല്‍ ഫോക്കസ് രീതിയാണ് ഇതിലുള്ളത്. ഫുള്‍ടൈം മാനുവല്‍, ഓട്ടോഫോക്കസ് എന്നിവയ്ക്കു സൗകര്യം. ഓഗസ്റ്റ് മുതല്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. 750 യുഎസ് ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില.