ഇന്റര്‍വെല്‍ ഷൂട്ടിങ് മോഡ് എന്ന രീതിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? സോണിയുടെ പ്രൊഫഷണല്‍ ക്യാമറയിലാണ് ആദ്യം ഇതു കണ്ടു തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍, എ6400 യിലാണ് ഇന്റര്‍വെല്‍ ഷൂട്ടിങ് മോഡ് ആദ്യമായി സോണി അവതരിപ്പിച്ചത്. ഇപ്പോള്‍ ഇറങ്ങുന്ന കോംപാക്ട് മുതല്‍ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയില്‍ വരെ ഇന്റര്‍വെല്‍ ഷൂട്ടിങ് മോഡ് സോണി അവതരിപ്പിക്കുന്നു. ഇടക്കാലത്ത്, സോണിയുടെ ഫിംവേര്‍ അപ്‌ഡേറ്റുകളിലെല്ലാം തന്നെ സോണി ഇന്റര്‍വെല്‍ ഷൂട്ടിങ് മോഡ് ഉള്‍ക്കൊള്ളിച്ചിരുന്നു. സ്റ്റില്‍ ഇമേജുകള്‍ കൊണ്ട് വീഡിയോ ചിത്രീകരിക്കാനും (വെറും വീഡിയോ അല്ല, നല്ല അത്യുഗ്രന്‍ ടൈംലാപ്‌സ് വീഡിയോ) ഈ മോഡ് കൊണ്ടു സാധിക്കും.
ഇത് എന്താണ് ഈ ഇന്റര്‍വെല്‍ ഷൂട്ടിങ് മോഡ് എന്ന സംഭവം എന്നല്ലേ? ഒന്നു മുതല്‍ 60 സെക്കന്‍ഡുകളുടെ ഇടവേളകളില്‍ 1 മുതല്‍ 9999 ഫോട്ടോഗ്രാഫുകള്‍ വരെ ചിത്രീകരിക്കാന്‍ ഫോട്ടോഗ്രാഫര്‍ക്ക് അവസരം നല്‍കുന്ന രീതിയാണിത്. ആക്ഷന്‍, സ്‌പോര്‍ടസ് ഫോട്ടോഗ്രാഫിയില്‍ നല്ല കൃത്യം ചിത്രങ്ങള്‍ ലഭിക്കാനായി ഉപയോഗിക്കാവുന്ന സംവിധാനം. സമയം സെറ്റ് ചെയ്തു വെച്ചതിനു ശേഷം എത്ര ഫോട്ടോകള്‍ കൂടി വേണമെന്ന് കൂടി നിര്‍ദ്ദേശിച്ചാല്‍ അത്രയും ചിത്രങ്ങള്‍ ക്യാമറ ഓട്ടോഫോക്കസില്‍ എടുത്തു തരും. ഇതു മാത്രമല്ല, ഇവിടെ അതിന്റെ ഓട്ടോ എക്‌സ്‌പോഷര്‍ (എഇ) സെന്‍സിറ്റിവിറ്റി സെറ്റിങ് ഉപയോക്താവിന്റെ ഇഷ്ടാനുസരണം സെറ്റ് ചെയ്യുകയുമാവാം. ഹൈ, മിഡ്, ലോ എന്നിങ്ങനെ മൂന്നു വിധത്തിലാണ് ഇത് സെറ്റ് ചെയ്യാവുന്നത്.
ഈ ഇമേജുകള്‍ എല്ലാം തന്നെ ചേര്‍ത്തെടുത്ത് ഒരു ഫുള്‍ വീഡിയോ ആക്കാനുള്ള സൗകര്യവുമുണ്ട്. ഇതിനായി സോണിയുടെ ഇമേജിങ് എഡ്ജ് എന്ന ആപ്പ് ഉപയോഗിച്ചാല്‍ മതി. ഈ റോ ഫോട്ടോഗ്രാഫുകളുടെ ഫൈനല്‍ ഔട്ട്പുട്ട് യുട്യൂബിലോ, പ്ലേ മെമ്മറീസ് ഓണ്‍ലൈനിലോ, അതുമല്ലെങ്കില്‍ മറ്റ് ഓണ്‍ലൈന്‍ വീഡിയോ സേവനങ്ങള്‍ക്കായോ ഉപയോഗിക്കാം. ഇന്റര്‍വെല്‍ ഷൂട്ടിങ് മോഡില്‍ ചിത്രീകരിച്ച ഒരു വീഡിയോ താഴെ കൊടുക്കുന്നത് കാണുമല്ലോ.