സോണി ഇപ്പോള്‍ പുറത്തിറക്കുന്ന എല്ലാ ക്യാമറകളിലും ഐ ഡിറ്റക്ഷന്‍ സൗകര്യമുണ്ട്. എന്താണ് ഐ ഡിറ്റക്ഷന്‍? അതായത്, നമ്മള്‍ ചിത്രീകരിക്കാന്‍ പോകുന്ന ഒരു ദൃശ്യത്തിലെ ഒരു മനുഷ്യന്റെ കണ്ണുകളെ അടിസ്ഥാനമാക്കി ഫോക്കസ് കൃത്യമാക്കുന്ന സംവിധാനമാണിത്. സ്റ്റില്‍ ഇമേജുകളേക്കാളും വീഡിയോ എടുക്കുമ്പോഴാണ് ഇതിന്റെ പ്രയോജനം മനസ്സിലാവുന്നത്. ഇങ്ങനെ ലോക്ക് ചെയ്യുന്ന കണ്ണുകളെ പിന്തുടര്‍ന്നു ഫോക്കസ് ഓട്ടോമാറ്റിക്കായി മാറി കൊണ്ടേയിരിക്കും. ദൃശ്യങ്ങള്‍ ഒരിക്കലും ഫോക്കസ് ഔട്ടാവുന്നില്ല. ഇനി എങ്ങനെയാണ് ഇത് സെറ്റ് ചെയ്യുന്നത് എന്നു നോക്കാം.
നിങ്ങളുടെ ക്യാമറയുടെ പിന്‍ഭാഗത്ത് എഇഎല്‍ (ഓട്ടോ എക്‌സ്‌പോഷര്‍ ലോക്ക്) എന്ന ബട്ടണ്‍ ഉണ്ടാവും. ഫ്രെയിം കമ്പോസ് ചെയ്തതിനു ശേഷം ഇതില്‍ പ്രസ് ചെയ്യുക. അപ്പോള്‍ ഏതൊരാളുടെയാണോ കണ്ണുകള്‍ ഫോക്കസ് ചെയ്യേണ്ടത് അവിടേക്ക് സെലക്ഷന്‍ വന്നു നില്‍ക്കും. ഒന്നിലധികം പേരുണ്ടെങ്കില്‍ ഈ സെലക്ഷന്‍ ഈ ബട്ടണില്‍ പ്രസ് ചെയ്തു നിങ്ങള്‍ക്ക് മാറ്റാവുന്നതാണ്. തുടര്‍ന്ന് എല്‍സിഡി സ്‌ക്രീനിനു വലതു മുകള്‍ ഭാഗത്തായി ഉള്ള മെനു ബട്ടണ്‍ അമര്‍ത്തുക. അവിടെ മൂവിയാണ് വേണ്ടതെങ്കില്‍ മൂവി മോഡ് സെലക്ട് ചെയ്യുക. അല്ലെങ്കില്‍ ക്യാമറയുടെ ഐക്കണോടു കൂടിയ രണ്ടാമത്തെ ബട്ടണ്‍ സെലക്ട് ചെയ്യുക. ഇവിടെ കസ്റ്റം ഓപ്പറേഷന്‍ 1 എന്ന് കാണും. അതില്‍ കസ്റ്റം കീ സെലക്ട് ചെയ്യുക. അതില്‍ മൂന്നു പ്രധാന ഓപ്ഷനുകളുണ്ട്. മൂന്നാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതില്‍ എഇഎല്‍ ബട്ടണ്‍, എഇ ഓണ്‍ബട്ടണ്‍, എഇ ഹോള്‍ഡ് ബട്ടണ്‍ എന്നിങ്ങനെ കാണും. ഇതില്‍ ഓട്ടോ എക്‌സ്‌പോഷര്‍ ലോക്ക് ബട്ടണ്‍ (എഇഎല്‍ ബട്ടണ്‍) സെലക്ട് ചെയ്യുക. അവിടെ ഐ ഓട്ടോഫോക്കസ് എന്നു കാണും. അതു സെലക്ഷന്‍ ആണ് എന്നുറപ്പാക്കുക. തുടര്‍ന്ന് അത് ഫിക്‌സ് ചെയ്യാന്‍ വേണ്ടി ഒരിക്കല്‍ കൂടി ക്യാമറയുടെ പിന്നിലുള്ള എഇഎല്‍ ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ ഐ ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് സെറ്റ് ആയി. ഇനി സ്റ്റില്‍, വീഡിയോ എന്നിവ ഇഷ്ടാനുസരണം എടുത്തു കൊള്ളു. ദൃശ്യങ്ങള്‍ ഫോക്കസ് ഔട്ട് ആവുകയേയില്ല.