Home ARTICLES ഫാമിലി ഫോട്ടോ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫാമിലി ഫോട്ടോ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

2341
0
Google search engine

കുടുംബചിത്രങ്ങള്‍ എന്നും അമൂല്യമാണ്. കാരണം അവ ഒരു കുടുംബത്തില്‍ എക്കാലവും സൂക്ഷിക്കപ്പെടുന്നു. ഫ്രെയിം ചെയ്ത് അതു ഡ്രോയിങ് റൂമിലോ ബെഡ്‌റൂമിലോ എന്നും കാണത്തക്കവിധം നിലനിര്‍ത്തുകയും ചെയ്യുന്നു. പഴക്കമേറും തോറും അതില്‍ കൗതുകം വര്‍ധിക്കുന്നു. സ്‌നേഹബന്ധങ്ങളുടെ ഊഷ്മളതയും ആഴവും അതില്‍ നിന്നാണ് അളക്കുന്നത്. എന്നും ഓര്‍ക്കാനും, കഴിഞ്ഞതെല്ലാം ഓര്‍മിപ്പിക്കാനും, മറന്നതെല്ലാം ഓര്‍ത്തെടുക്കാനും കഴിയുന്ന മാസ്മരിക ചിത്രങ്ങള്‍. നഷ്ടപ്പെട്ടതും കിട്ടിയതുമായ സൗഭാഗ്യങ്ങള്‍ ഓര്‍മച്ചെപ്പുകളില്‍ നിന്നു പറന്നിറങ്ങി വരും. അത്ര മാന്ത്രികഭാവങ്ങളുള്ളവയാണ് കുടുംബചിത്രങ്ങള്‍. 

എങ്ങനെ നല്ല കുടുംബചിത്രങ്ങള്‍ എടുക്കണമെന്നത് തീര്‍ച്ചയായും ഒരു ഫോട്ടോഗ്രാഫര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. മാത്രമല്ല, നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും ആ കഴിവ് വികസിപ്പിച്ചെടുക്കുകയും നൈപുണ്യം നേടുകയും വേണം. മികച്ച കുടുംബ ചിത്രങ്ങള്‍ എങ്ങനെയാണ് എടുക്കാനാവുകയെന്നു നോക്കാം. ഇത്തരം ചിത്രങ്ങള്‍ ഏതു ഫോട്ടോഗ്രാഫര്‍ക്കും വെല്ലുവിളിയാണ്. ഫോട്ടോയില്‍ വരുന്ന ഓരോ ആളുടെയും മുഖഭാവം ഒരേസമയം പ്രസന്നമായിരിക്കണമെന്നതാണ് വെല്ലുവിളി. ആളുകളുടെ എണ്ണം കൂടുന്തോറും ആണ് ഇതു കൂടുതല്‍ പ്രശ്‌നമാകുന്നത്. എന്നാല്‍ ഭയപ്പെടാതെ ആ വെല്ലുവിളി ഏറ്റെടുക്കുക തന്നെയാണു ചെയ്യേണ്ടത്. കുടുംബചിത്രങ്ങളല്ലാതെയുള്ള ഗ്രൂപ്പ് ഫോട്ടോകളാണെങ്കില്‍ അതില്‍ വരുന്നവര്‍ക്കെല്ലാം അതിന്റെ കോപ്പി ആവശ്യമായിവരും. എല്ലാവരും സ്വന്തം മുഖഭാവമായിരിക്കും നോക്കുക. അല്ലാതെ മുഖ്യാതിഥിയുടെയോ വിശിഷ്ടാതിഥിയുടെയോ ആയിരിക്കില്ല. അതിനാല്‍ നല്ല കരുതലും ജാഗ്രതയും ശ്രദ്ധയുമില്ലെങ്കില്‍ ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതു പരാജയത്തില്‍ കലാശിച്ചെന്നുവരാം.

ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കുമ്പോള്‍ ഒരേസമയം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. മുഖഭാവം, ലൈറ്റിംഗ്, ബാക്ക്ഗ്രൗണ്ട്, വേഷവിധാനങ്ങള്‍ തുടങ്ങി എല്ലാ ഘടകങ്ങളിലും കൃത്യമായ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പരാജയം സുനിശ്ചിതം. എത്ര ആള്‍ കൂടുതലായി ചിത്രത്തില്‍ വരുന്നുവോ അത്രയും കൂടുതല്‍ ചങ്കിടിപ്പ് ഫോട്ടോഗ്രാഫര്‍ക്കുണ്ടാവും. ഇതിനു പുറമെയാണ് കുട്ടികളോ ഓമനമൃഗങ്ങളോ കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടിവന്നാലുള്ള പ്രശ്‌നം. 
പണ്ട്, യുദ്ധത്തില്‍ പിടികൂടുന്ന തടവുകാരെയൊക്കെ ഒറ്റ ലൈനായി നിരത്തി നിര്‍ത്തി വെടിവച്ചുകൊല്ലുന്ന പതിവുണ്ടായിരുന്നു. ഗ്രൂപ്പ് ഫോട്ടോയെടുക്കുമ്പോള്‍ ആളുകളെ ഇങ്ങനെ നിരത്തിനിര്‍ത്തരുത്. ആളുകള്‍ ഒരേ ലൈനില്‍ വരരുത്. ഒരാള്‍ കസേരയിലിരിക്കുന്നു, മറ്റൊരാള്‍ താഴെയിരിക്കുന്നു. ഒരാള്‍ സ്റ്റൂളിലിരിക്കുമ്പോള്‍ ഒരാള്‍ മുട്ടുകുത്തിനില്‍ക്കുന്നു. ഒരാള്‍ ചമ്രം പടഞ്ഞിരിക്കുമ്പോള്‍ ഒരാള്‍ കുന്തിച്ചിരിക്കുന്നു. ഏറ്റവും പിന്നില്‍ ഒരാള്‍ എണീറ്റുനില്‍ക്കുന്നു. ഇങ്ങനെ ഫ്രെയിമിനുള്ളില്‍ കിട്ടത്തക്കവിധം അനുയോജ്യമായി, എന്നാല്‍ വ്യത്യസ്ത ഭാവഹാവാദികളോടെ, വേണം ഓരോ വ്യക്തിയും പ്രത്യക്ഷപ്പെടാന്‍. ഒരു സ്‌കെയിലെടുത്തു പിടിച്ചാല്‍ ഇവരുടെയല്ലാം കണ്ണുകള്‍, അല്ലെങ്കില്‍ തലകള്‍, ഒരേ ഉയരത്തില്‍ ആണു വരുന്നതെങ്കില്‍ ആ ചിത്രത്തെ വ്യത്യസ്ത ഭാവതലത്തിലേക്കു ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നു മനസിലാക്കണം. കഥാപാത്രങ്ങള്‍ ചിതറിനില്‍ക്കണം. എന്നാല്‍ ഒരു ഗ്രൂപ്പാണെന്ന ഭാവം നഷ്ടപ്പെടുകയുമരുത്. അപ്പോഴേ കാഴ്ചക്കാരന്റെ കണ്ണുകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കു ഓടിനടക്കൂ. കണ്ണുകള്‍ ചിത്രത്തിലൂടെ ഓടിക്കളിക്കണം. അതല്ലാതെ പത്രം വായിക്കുന്നതുപോലെ ഇടത്തുനിന്നു വലത്തോട്ടു മാത്രം കണ്ണുകള്‍ വിരസമായി ചലിച്ചാല്‍, അതിനു മനസിനെ ഇളക്കാനാവില്ല. രസകരമോ ഭാവാത്മകമോ ചലനാത്മകമോ ഒക്കെ ആക്കി കൂടുതല്‍ ജീവന്‍ കൊടുക്കണം ചിത്രങ്ങള്‍ക്ക്. മൂന്നു പേരാണു ചിത്രത്തിലുള്ളതെങ്കില്‍ അതിനു ത്രികോണ മാനം നല്‍കണം. നാലാകുമ്പോള്‍ ആ വൈവിധ്യം കൂട്ടണം. എണ്ണം കൂടുന്തോറും വൈവിധ്യം വര്‍ധിച്ചുവരണം. ചിത്രത്തിനു ഡെപ്ത് നല്‍കാനാണ് പിന്നെ ശ്രദ്ധിക്കേണ്ടത്. ഫോര്‍ഗ്രൗണ്ട് കൂടി നല്‍കാനായാല്‍ ചിത്രത്തിനു ത്രിമാനഭാവം വരും. അതു വല്ലാത്തൊരു അനുഭൂതിയാണ് പകരുക.

LEAVE A REPLY

Please enter your comment!
Please enter your name here