എപിഎസ്-സി മിറര്‍ലെസ് ലൈനപ്പിലേക്ക് പുതിയ ക്യാമറ സോണി അവതരിപ്പിക്കുന്നു. ആല്‍ഫാ 6600 എന്ന മോഡല്‍ ഇന്‍ ബോഡി ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഉയര്‍ന്ന ബാറ്ററി ലൈഫ് എന്നിവ കൊണ്ടാണ് ശ്രദ്ധേയമാവുന്നത്. 6600-ന്റെ കൂടുതല്‍ മികവിനു വേണ്ടി E 16-55mm F2.8 G, E 70-350mm F4.5-6.3 G OSS എന്നീ രണ്ടു ലെന്‍സുകളും പുറത്തിറക്കുന്നുണ്ട്. സോണിയുടെ വണ്‍ മൗണ്ട് സൊല്യൂഷന്‍ (എപിഎസ്-സിക്കും ഫുള്‍ഫ്രെയിം ക്യാമറകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന) എന്ന സാങ്കേതികത്വത്തെ മുന്‍നിര്‍ത്തിയാണ് ഈ ലെന്‍സുകളുടെയും നിര്‍മ്മിതി. ഇപ്പോള്‍ തന്നെ സോണിക്ക് 54 തരത്തിലുള്ള ഇ-മൗണ്ട് ലെന്‍സുകളുണ്ട്.
24 എംപി റെസല്യൂഷനിലെത്തുന്ന സിമോസ് ഇമേജ് സെന്‍സര്‍, ബയോണ്‍സ് ഇമേജ് പ്രോസ്സസ്സര്‍ എന്നിവയാണ് ഈ ക്യാമറയുടെ കരുത്ത്. ലൈറ്റനിങ് ഫാസ്റ്റ് ഓട്ടോഫോക്കസിന് വേണ്ടി വരുന്നത് 0.02 സെക്കന്‍ഡുകള്‍ മാത്രമാണ്. 425 ഫോക്കല്‍ പ്ലെയ്ന്‍ ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് (എഎഫ്) പോയിന്റുകളാണ് ഇതിലുള്ളത്. കൂടാതെ 425 കോണ്‍ട്രാസ്റ്റ് ഡിറ്റക്ഷന്‍ എഎഫ് പോയിന്റുകളും. ഇമേജ് ഏരിയയുടെ 84 ശതമാനമാണ് ഇങ്ങനെ കവര്‍ ചെയ്യുന്നത്. സോണിയുടെ റിയല്‍ ടൈം ട്രാക്കിങ്, റിയല്‍ ടൈം ഓട്ടോ ഫോക്കസ് എന്നിവയെല്ലാം സോണി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നവംബറിലാണ് ഈ ക്യാമറ വിപണിയിലെത്തുക. ബോഡിക്കു മാത്രം 1400 ഡോളറാണ് വില.