ജാപ്പനീസ് കമ്പനിയായ സിഗ്മയെ മിറര്‍ലെസ് ടെക്‌നോളജി ആരും പഠിപ്പിക്കേണ്ടതില്ല. മിറര്‍ലെസിന്റെ തുടക്കം മുതല്‍ക്കേ അവരുടെ സാന്നിധ്യം ഈ മേഖലയിലുണ്ട്. ഇപ്പോഴിതാ അവര്‍ തങ്ങളുടെ എഫ്പി ക്യാമറയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നു. മുന്‍പ് പ്രഖ്യാപിച്ച എഫ്പി എന്ന പേരിലുള്ള ക്യാമറ 24 എംപി വീഡിയോ/ സ്റ്റില്‍ കോംപാക്ട് സീരിസില്‍പെട്ടതാണ്. ഇതില്‍ 4കെ വീഡിയോ ഷൂട്ട് ചെയ്യാം. എല്‍ മൗണ്ട് ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയാണിത്. ബോഡിക്ക് മാത്രമായി 1899 ഡോളറാണ് വില. 45 എംഎം എഫ്2.8 ഡിജി ഡിഎന്‍ കണ്ടംപററി ലെന്‍സ് സഹിതം 2199 ഡോളറാണ് വില. ഒക്ടോബര്‍ 25 മുതല്‍ ക്യാമറ വിപണിയില്‍ ലഭ്യമാകും.

കഴിഞ്ഞ ജൂലൈയിലാണ് ഈ ക്യാമറയെക്കുറിച്ച് സിഗ്മ മനസ്സു തുറന്നത്. അന്നിതു കണ്ടപ്പോള്‍ തീരെ ചെറിയൊരു ക്യാമറയാണല്ലോ എന്നായിരുന്നു ആദ്യം വിചാരിച്ചത്. പിന്നീട് അതിന്റെ സ്‌പെസിഫിക്കേഷന്‍ കണ്ടപ്പോഴാണ് ഇത് പുലിയാണെന്നു പിടികിട്ടിയത്. ഭാരമാവട്ടെ വെറും 370 ഗ്രാം മാത്രമാണ് ഇതിനുള്ളത്. ബിഎസ്‌ഐ-സിമോസ് സെന്‍സറാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. കോംപാക്ട് ഫുള്‍ഫ്രെയിം എല്‍ മൗണ്ട് മിറര്‍ലെസ് ക്യാമറ എന്ന ടാഗ് ലൈന്‍ കണ്ടപ്പോള്‍ ശരിക്കും അന്തം വിട്ടു. ഫുള്‍ഫ്രെയിം കോംപാക്ട് എങ്ങനെ ശരിയാവും. ഇതാ, ഇപ്പോള്‍ ശരിയായിരിക്കുന്നു എന്നാണ് സിഗ്മ അതിനു നല്‍കുന്ന ഉത്തരം.

100-25600 ഐഎസ്ഒ റേഞ്ചാണ് ഇതിലുള്ളത്. ഇത് 6-102400 വരെ വര്‍ദ്ധിപ്പിക്കാനുമാവും. ഫുള്ളി ഇലക്ട്രോണിക്ക് ഷട്ടറാണ് ഇതിലുള്ളത്. ഐ എഎഫ്, എച്ച്ഡിആര്‍ എന്നിവയെ പിന്തുണക്കുന്ന 14 ബിറ്റ് ഡിഎന്‍ജി ഫയല്‍ ക്യാപ്ചര്‍ ചെയ്യാന്‍ കഴിയുന്ന ക്യാമറയാണിത്. ഈ 14 ബിറ്റിനെ മറ്റു സോഫ്റ്റ് വെയറുകള്‍ സപ്പോര്‍ട്ട് ചെയ്യുമോ എന്നതൊന്നും സിഗ്മയ്ക്കു പ്രശ്‌നമല്ലെന്നു തോന്നുന്നു. അവര്‍ അതിനായി സിഗ്മയുടെ ഫോട്ടോ പ്രോ സോഫ്റ്റ് വെയര്‍ അവതരിപ്പിക്കുന്നുണ്ട്. 8 ബിറ്റ്, 16 ബിറ്റ്, 32 ബിറ്റ് എന്നിങ്ങനെ കളര്‍ ലെയര്‍ ടെക്‌നോളയുടെ പരമ്പരാഗത രീതികളെയും സിഗ്മ ഇവിടെ ചോദ്യം ചെയ്യുന്നുണ്ട്.

പുതിയ എഫ് പി ശരിക്കുമൊരു ഹീറോ ആകുമെന്നാണ് വിപണിയിലെ സംസാരം. പ്രീസെല്ലിങ്ങില്‍ നല്ല ബുക്കിങ് ലഭിച്ച ക്യാമറയാണിത്. ഇപ്പോള്‍ പക്ഷേ, എല്ലാവരും സിഗ്മയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എന്താണ് ഈ എഫ്പി? ‘fortissimo pianissimo’ എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. വളരെ ഉച്ചത്തില്‍, വളരെ മാര്‍ദ്ദവത്തില്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. ശരിക്കും ഈ ജാപ്പനീസ് കമ്പനി ഈ ക്യാമറയിലൂടെ കരുതി വെക്കുന്നതും ഇതു തന്നെ.