തമിഴ്നാട്ടിലെ നാഗപട്ടണത്തിനു തെക്കുകിഴക്കായി കോറമണ്ടല്‍ സമുദ്രതീരത്തോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു സാങ്ച്വറിയാണ് പോയിന്റ് കാലിമര്‍ അഥവാ കോടിക്കരൈ. മൂന്നു പ്രത്യേകതരം ഭൂവിഭാഗങ്ങളാണ് ഈ സാങ്ച്വറിയിലുള്ളത്. ഒരുഭാഗം കാടുകളും മറ്റൊരുഭാഗം കണ്ടല്‍ക്കാടുകളും പിന്നൊരുഭാഗം തണ്ണീര്‍ത്തടവും ആണ്. എല്ലാം കൂടിയുള്ള ഇതിന്റെ വിസ്തീര്‍ണം 377 കിലോമീറ്റര്‍ വരും. കരയും കടലും തൊട്ടുരുമി പരന്നു കിടക്കുന്ന തീരത്തു പ്രകൃതിയുടെ പ്രശ്ചനമായ മറ്റൊരു മുഖം ദര്‍ശിക്കാനാകും.

ജക്കാള്‍സ്, സ്പോട്ടഡ് ഡിയര്‍, വൈല്‍ഡ് ബോര്, മോനിട്ടര്‍ ലിസാര്‍ഡ്, ഇന്ത്യന്‍ സിവിറ്റ്, മംഗൂസ്, ജംഗിള്‍ ക്യാറ്റ് (Jackals, Spotted Deer, Wild Boar, Monitor Lizard, Indian Civit, Mangoose, Jungle Cat) എന്നീ വന്യജീവികളും ഇവിടുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചെറിയ നക്ഷത്ര ആമകളെയും (Star Tortoise) അപൂര്‍വമായി കാണാം.

ഒക്ടബോര്‍ മാസത്തില്‍ ഗുജറാത്തിലെ കച്ചില്‍ നിന്നും ഫ്ളെമിങ് ഗൗകളും സൈബീരിയ, റഷ്യ, കിഴക്കന്‍ ഏഷ്യാ, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നു ദേശാടന പക്ഷികളും ഇവിടേക്കു കൂട്ടം കൂട്ടമായി വന്നുചേരുന്നു. ഇവയില്‍ പ്രധാനമായും വന്നു ചേരുന്ന പക്ഷികള്‍-സ്പോട്ബില്ലെഡ് പെലിക്കന്‍, സ്പോട്ടഡ് ഗ്രീന്‍ ഷാങ്ക്, സാന്‍ഡ്പൈപ്പര്‍, ബ്ലാക്ക് നെക്കഡ് സ്ട്രോക് (Spot-Billed Pelican, Spotted Green Shank, Sandpiper, Black Necked Stork) എന്നിവയാണ്.

ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ നല്ല സമയം നവംബര്‍-ഡിസംബര്‍ മാസങ്ങളാണ്. പക്ഷികളെ നിരീക്ഷിക്കാനാണെങ്കില്‍ ഒക്ടോബര്‍-ജനുവരി മാസങ്ങളാണ് നല്ലത്. മൃഗങ്ങളെ നിരീക്ഷിക്കാനാണെങ്കില്‍ മാര്‍ച്ച്-ഓഗസ്റ്റ് മാസങ്ങളും. നാഗപട്ടണത്തില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരെ തെക്കായി സ്ഥിതിചെയ്യുന്ന ഈ സാങ്ച്വറിയില്‍ ഫോട്ടോഗ്രാഫിക്ക് ഏറെ അവസരങ്ങളുണ്ട്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതിയോടെ മാത്രമെ സാങ്ച്വറിക്കുള്ളില്‍ പ്രവേശിക്കാനാകൂ. ഇവിടെ ഡിപ്പാര്‍ട്ടുമെന്റിന്റെ ഗൈഡുകളുടെ സേവനം ലഭ്യമാണ്. ഇവിടുത്തെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ താമസസൗകര്യവും ലഭ്യമാണ്. പക്ഷെ, മൂന്‍കൂട്ടി അതിനായി അപേക്ഷ നല്കി അനുവാദം തേടണമെന്നു മാത്രം. ഇവിടെ താമസിക്കുവാന്‍ ഇതല്ലാതെ മറ്റു വാസസ്ഥലം ലഭ്യമല്ല.

ഈ സാങ്ച്വറിക്കുള്ളില്‍ ബഹുദൂരം നടക്കാനും വെയില് ഏല്‍ക്കാനും കെല്പ്പുള്ളവര്ക്കെ എന്തെങ്കിലും കാണാനും ചിത്രങ്ങള്‍ എടുക്കുവാനും കഴിയൂ. കൂടാതെ കുടിവെള്ളം കൈയില്‍ കരുതുകയും വേണം. ക്ഷമയും കാത്തിരിപ്പും കൈമുതലായുള്ളവര്‍ക്കു ഇവിടെ നിന്നും നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. 2004-ലെ സുനാമിയില്‍ ഈ പ്രദേശം ആകമാനം കടല്‍വെള്ളം കയറിയപ്പോള്‍ വന്യജീവികളെല്ലാം ഒരുമിച്ചുകൂടി സുരക്ഷിത സ്ഥാനങ്ങളില്‍ നിലയുറപ്പിച്ച കഥ ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. ഇതില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ രണ്ടു അവസരങ്ങളിലായി ലുമിക്സ് എഫ്ഇസഡ് 50 എന്ന പ്രൊസ്യൂമര്‍ ക്യാമറ ഉപയോഗിച്ച് എടുത്തിട്ടുള്ളതാണ്.

എഴുത്തും ചിത്രങ്ങളും
ടി.എല്‍.ജോണ്‍
