ക്ലാസിക് ക്യാമറകള്‍ നൊസ്റ്റാള്‍ജിയ ആയിട്ടുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. പഴയ ഏതു ലെന്‍സും മാറ്റി ഉപയോഗിക്കാവുന്ന ഒരു ക്യാമറ അണിയറയില്‍ ഒരുങ്ങുന്നു. പരസ്പരം മാറ്റാവുന്ന എം42 ലെന്‍സ് മൗണ്ടും ഇന്‍സ്റ്റാക്‌സ് മിനി ഇന്‍സ്റ്റന്റ് ഫിലിമിനുള്ള സപ്പോര്‍ട്ടും അവതരിപ്പിക്കുന്ന ആദ്യത്തെ ക്യാമറ എന്ന വിശേഷണത്തോടെ NONS SL42 വരുന്നു. ‘നൂറുകണക്കിന് ക്ലാസിക് എം 42 ലെന്‍സുകള്‍’ ഈ ക്യാമറയില്‍ ഉപയോഗിക്കാമെന്ന് പ്രോജക്റ്റിന് പിന്നിലുള്ള ടീം പറയുന്നു. ക്യാമറയുടെ കൂടുതല്‍ സ്‌പെസിഫിക്കേഷനുകള്‍ പുറത്തു വന്നിട്ടില്ല. എങ്കിലും, ഇന്‍സ്റ്റാക്‌സ് ഫിലിമുമായി ഒരു എം 42 ലെന്‍സ് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കൊണ്ട് മികച്ച ഇമേജ് ഫ്രെയിം സൃഷ്ടിക്കാമെന്ന് ഇവര്‍ പറയുന്നു. ക്യാമറയുടെ വാണിജ്യ ഉത്പാദനത്തിനു വേണ്ടി ക്രൗഡ് ഫൗണ്ടിങ് തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം പകുതിയോടെ ഇത് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
ഒരു വര്‍ഷത്തിലധികം എടുത്തു വികസിപ്പിച്ച ഒരു എസ്എല്‍ആര്‍ ക്യാമറയാണ് NONS SL42. ഇന്‍സ്റ്റാക്‌സ് തല്‍ക്ഷണ ഫിലിം പിന്തുണയ്ക്ക് പുറമേ, ക്രമീകരിക്കാവുന്ന അപ്പര്‍ച്ചര്‍, മാനുവല്‍ ഫോക്കസ്, ഒരു ഹോട്ട് ഷൂ, ഷട്ടര്‍ സ്പീഡ് കണ്‍ട്രോള്‍, ഒന്നിലധികം എക്‌സ്‌പോഷറുകള്‍ക്കുള്ള പിന്തുണ എന്നിവ SL42 സവിശേഷതയാണ്. രണ്ട് എഎ ബാറ്ററികളാണ് ഇതിന്റെ കരുത്ത്.
ക്യാമറയ്ക്ക് 219 ഡോളറിന് വില വരും. 232 ഡോളറിന് ലെന്‍സും ഫിലിമും ലെന്‍സും 258 ഡോളറിനും വില്‍ക്കുമെന്നാണ് കരുതുന്നത്. 2020 ഓഗസ്റ്റില്‍ ഷിപ്പിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.