ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയായിരുന്ന ഫോട്ടോകിന കൊറോണയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ഈ വര്‍ഷത്തെ ഫോട്ടോകിന ജര്‍മ്മനിയിലെ കൊളോണില്‍ 2020 മെയ് 27 മുതല്‍ 30 വരെ നടക്കാനിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫി, വീഡിയോ, ഇമേജിംഗ് എന്നിവയ്ക്കുള്ള പ്രമുഖ അന്താരാഷ്ട്ര വ്യാപാര മേളയാ ഫോട്ടോകിന ഇനി 2022 മെയ് 18 മുതല്‍ 21 വരെയാവും സംഘടിപ്പിക്കുക. 2020 ജൂണ്‍ അവസാനം വരെ ഫോട്ടോകിനയുടെ നടത്തിപ്പുകാരായ കോയല്‍മെസ്സെയുടെ ഭാഗത്തുനിന്ന് സ്വന്തമായി പരിപാടികളൊന്നും സംഘടിപ്പിക്കേണ്ടതില്ലെന്ന് മാനേജുമെന്റ് തീരുമാനിച്ചതിനെത്തുടര്‍ന്നാണ് മേള ഉപേക്ഷിച്ചത്. നേരത്തെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി പ്രമുഖ കമ്പനികള്‍ മേളയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി അറിയിച്ചിരുന്നു.
ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റും ജര്‍മ്മന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നീക്കം. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടുന്നതിനായി വ്യാപാര മേളകളും എക്‌സിബിഷനുകളും ലോകമാകെ പരക്കെ ഉപേക്ഷിച്ചിട്ടുണ്ട്.