സോണി A7S III ജൂലൈ 28 ന് പുറത്തിറക്കും. ഇത് ഒരു വെര്‍ച്വല്‍ ഇവന്റായിരിക്കും. ഇതിനായി സോണി നല്‍കിയിരിക്കുന്ന പേരു പോലും ഒരു ഡിജിറ്റല്‍ ഭംഗി നല്‍കുന്നുണ്ട്. ‘ഇമാജിനേഷന്‍ ഇന്‍ മോഷന്‍’ എന്നാണ് ലോഞ്ച് ഇവന്റിന്റെ പേര്. രണ്ടാഴ്ച മുമ്പ് എ 7 എസ് മൂന്നാമന്റെ വരവ് സോണി സ്ഥിരീകരിച്ചിരുന്നുവെങ്കിലും കോവിഡ് പകര്‍ച്ചവ്യാധിക്കു നടുവിലേക്ക് ഇതിനെ പുറത്തിറക്കുമെന്നു കരുതിയിരുന്നില്ല. എന്തായാലും, ഇപ്പോള്‍ അതു സംഭവിച്ചിരിക്കുന്നു. സോണിയുടെ ഡിജിറ്റല്‍ ഇമേജിംഗ് ഗ്രൂപ്പിന്റെ വിപിയും സീനിയര്‍ ജനറല്‍ മാനേജരുമായ കെഞ്ചി തനകയാണ് ഈ വാര്‍ത്ത ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് സോണി ഒരു ടീസര്‍ അവരുടെ വെബ്‌സൈറ്റില്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ A7S III യുടെ യാതൊരു വിശദാംശങ്ങളും നല്‍കിയിട്ടില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഇതിലുള്ളത് പുതിയൊരു സെന്‍സറാണ്. ആധുനിക ഒപ്റ്റിക്‌സിന്റെ എല്ലാ വകഭേദങ്ങളെയും സോണി ഇതില്‍ അവതരിപ്പിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ എത്തുമെന്നു വേണം കരുതാന്‍. നേരത്തെ, നിക്കോണ്‍, കാനോണ്‍, ഫ്യൂജി എന്നിവര്‍ തങ്ങളുടെ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ഓണ്‍ലൈന്‍ ഇവന്റിലൂടെ സോണിയും തങ്ങളുടെ ഏറ്റവും പുതിയ ക്യാമറ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു.