Home News ക്യാമറകമ്പനികള്‍ക്ക് മാത്രമല്ല സാംസങ്ങിനും അടിതെറ്റി, 9 വര്‍ഷത്തിനിടെ ആദ്യമായി വില്‍പ്പന 300 ദശലക്ഷം യൂണിറ്റിന് താഴെ!

ക്യാമറകമ്പനികള്‍ക്ക് മാത്രമല്ല സാംസങ്ങിനും അടിതെറ്റി, 9 വര്‍ഷത്തിനിടെ ആദ്യമായി വില്‍പ്പന 300 ദശലക്ഷം യൂണിറ്റിന് താഴെ!

480
0
Google search engine

കോവിഡ് പണിതന്നതിന്റെ ക്ഷീണം ഇതുവരെയും പല ക്യാമറ കമ്പനികള്‍ക്കും മാറിയിട്ടില്ല. ഇപ്പോഴിതാ ആ റേഞ്ചിലേക്ക് ലോകത്തലെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ സാംസങ്ങും എത്തിയിരിക്കുന്നു. നിക്കോണ്‍, ക്യാനോണ്‍, സോണി തുടങ്ങിയ മുന്‍നിര ക്യാമറ കമ്പനികള്‍ 2020-ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണ് നേരിട്ടത്. എന്നാല്‍, അതിനേക്കാള്‍ വലിയ തകര്‍ച്ചയാണ് സാംസങ്ങ് അനുഭവിച്ചത്. നിര്‍മ്മിച്ചുവച്ച ഫോണുകള്‍ പോലും വില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന സത്യം കമ്പനി തന്നെ തുറന്നു പറയുന്നു. തുടങ്ങിയതില്‍ പിന്നെ ഇതാദ്യമായി ആഗോള വാര്‍ഷിക വില്‍പ്പന 300 ദശലക്ഷം യൂണിറ്റില്‍ താഴെയായിരിക്കുന്നു. വാക്‌സിനേഷനും സ്റ്റേ അറ്റ് ഹോമും ഒക്കെ പലേടത്തും വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നതു നേരാണ്. എന്നാല്‍ ഓണ്‍ലൈനിലൂടെ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മറ്റു കമ്പനികള്‍ നഷ്ടപ്പെട്ട വില്‍പ്പന തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. വിതരണ ശൃംഖലകളിലെ തടസ്സങ്ങളുടെ ഫലങ്ങളായിരുന്നു എല്ലാവരും അനുഭവിച്ചത്. ഷവോമിയെപ്പോലുള്ള ചില ഫോണ്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധേയമായി മുന്നേറിയെങ്കിലും സാംസങിനെപ്പോലുള്ളവര്‍ക്ക് 2020 ല്‍ വളരെ മോശമായിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 

ദക്ഷിണ കൊറിയയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാംസങ് 2020 ല്‍ 300 ദശലക്ഷം ഫോണ്‍ വില്‍പ്പനയിലെത്താന്‍ കഴിഞ്ഞില്ലെന്നാണ് പറയപ്പെടുന്നത്. വര്‍ഷം തീരുമ്പോഴേയ്ക്കും സാംസങ്ങിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം വില്‍പ്പന 270 ദശലക്ഷത്തിലെത്തും. രസകരമെന്നു പറയട്ടെ, കഴിഞ്ഞ 9 വര്‍ഷത്തിനിടെ ആദ്യമായാണ് ഇവര്‍ക്ക് ഫോണ്‍ വില്‍പ്പന 300 ദശലക്ഷം മാര്‍ക്ക് നേടാന്‍ കഴിയാതെ പോയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020 മൂന്നാം പാദത്തിന്റെ അവസാനത്തില്‍ 189 ദശലക്ഷം ഫോണുകള്‍ കയറ്റി അയച്ചതായി സാംസങ് സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷത്തെ പ്രയാസകരമായ ഓപ്പറേറ്റിങ് അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഈ സംഖ്യ മികച്ചതാണെങ്കിലും, അതിന്റെ പ്രതീക്ഷിത ലക്ഷ്യത്തിലെത്താന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

റിപ്പോര്‍ട്ട് ഒന്നും സ്ഥിരീകരിക്കുന്നില്ലെങ്കിലും, ഒക്ടോബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പ്രതീക്ഷകളെ തളര്‍ത്തിയിരുന്നുവെന്നത് സത്യമാണ്. ഇതോടെ നിര്‍മ്മാണ പദ്ധതികള്‍ പരിഷ്‌കരിക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. ഒക്ടോബറില്‍ ഗ്യാലക്‌സി നോട്ട് 20 സീരീസിന്റെ ആവശ്യം 900,000 യൂണിറ്റ് ഉല്‍പ്പാദിപ്പിക്കുന്നതിന് മതിയായതായിരിക്കുമെന്ന് സാംസങ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, മോശം വില്‍പ്പന കണക്കുകള്‍ പ്രകാരം ഈ ഓര്‍ഡറുകള്‍ 600,000 യൂണിറ്റായി പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മിഡ് റേഞ്ച്, ലോഎന്‍ഡ് 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ് വിപുലീകരിക്കുന്നതിലൂടെ 2021 ല്‍ 307 ദശലക്ഷം യൂണിറ്റിലെത്താന്‍ ലക്ഷ്യമിടുന്നതായി സാംസങ് വൃത്തങ്ങള്‍ പറയുന്നു. ഈ യൂണിറ്റുകളില്‍ 287 ദശലക്ഷം യൂണിറ്റുകള്‍ സ്മാര്‍ട്ട്‌ഫോണുകളായിരിക്കുമെന്നും ബാക്കിയുള്ളവ ഫീച്ചര്‍ ഫോണുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 287 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളില്‍ 50 ദശലക്ഷം ഉയര്‍ന്ന മാര്‍ജിന്‍ മുന്‍നിര മോഡലുകളാകാന്‍ പോകുന്നു എന്നതാണ് ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here