ഫോട്ടോവൈഡ് ക്യാമറക്ലബ്ബിന്റെ ആദ്യത്തെ അന്താരാഷ്ട്ര വൈല്‍ഡ്‌ലൈഫ് ക്യാമ്പിനായി അംഗങ്ങള്‍ ഇന്നു രാത്രി കെനിയയിലെ മസായിമാരയിലേക്ക് വിമാനം കയറും. തെരഞ്ഞെടുത്ത പത്തോളം പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഫോട്ടോവൈഡ് മാഗസിന്‍ മാനേജിങ് എഡിറ്റര്‍ എ.പി. ജോയ്, പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ മോഹന്‍ തോമസ് എന്നിവര്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് നേതൃത്വം നല്‍കും. ഇതാദ്യമായാണ് കേരളത്തില്‍ നിന്നും ഒരു ഫോട്ടോഗ്രാഫി ക്ലബ് ഒരു അന്താരാഷ്ട്ര ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫോട്ടോവൈഡിന്റെ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്.
മസായി മാര ദേശീയ റിസര്‍വ്വ്, കെനിയയിലെ നാരക് കൗണ്ടിയിലുള്ള ഒരു വലിയ ഗെയിം റിസേര്‍വാണ്. ടാന്‍സാനിയയിലെ മാരാ പ്രവിശ്യയിലെ സെരെന്‍ഗീറ്റി ദേശീയോദ്യാനം ഇതിനോടു ചേര്‍ന്ന് കിടക്കുന്നു. ഈ പ്രദേശത്ത് വസിച്ചിരുന്ന മസായ് ജനതയുടെ ബഹുമാനാര്‍ത്ഥമാണ് ദേശീയോദ്യാനത്തിന് ഈ പേരു നല്‍കിയത്.