ലോസ് ഏഞ്ചലസ് ടൈംസ് ന്റെ ക്രിസ്റ്റീന ഹൗസിനാണ് 2023 ലെ മികച്ച ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സർ പ്രൈസ്. തെരുവിൽ കഴിയുന്ന മെക്കൻസി ട്രാഹൻ എന്ന ഇരുപത്തിരണ്ടുകാരിയായ ഗർഭിണി തന്റെ കുഞ്ഞിന് ജന്മം നൽകാൻ അനുഭവിക്കുന്ന യാതനയുടെ വൈകാരിക നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയതിനാണ് ക്രിസ്റ്റീന ഹൗസിന് 15000 അമേരിക്കൻ ഡോളറിന്റെ പുലീറ്റ്‌സർ സമ്മാനം ലഭിക്കുന്നത്. മെക്കൻസി ട്രാഹന്റെ വയറിൽ തലോടുന്ന സുഹൃത്തിന്റെ ചിത്രമുൾപ്പെടെ 15 ചിത്രങ്ങളാണ് ഫോട്ടോഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ലഹരിക്കടിമപ്പെട്ട് പതിനൊന്നാം വയസ്സിൽ വീട് വിട്ടിറങ്ങിയ മെക്കൻസി ട്രാഹൻ പല ശരണാലയങ്ങളിലും കഴിഞ്ഞ ശേഷം പതിമൂന്നാം വയസിലാണ് ഹോളിവുഡിലെ സ്ട്രീറ്റിൽ എത്തുന്നത്. ചിത്രങ്ങളുടെ അടിക്കുറിപ്പിലൂടെ ആ ജീവിതവും വിവരിക്കുന്നുണ്ട്.
പത്തുവർഷം ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച ശേഷം 2017 ലാണ് ക്രിസ്റ്റീന ഹൗസ് ലോസ് ഏഞ്ചൽസിന്റെ വിഷ്വൽ ജേർണലിസം ടീമിൽ ചേരുന്നത്. ഏഴാം വയസ്സിൽ അമ്മയുടെ ജന്മനാടായ ഫിലിപ്പൈൻസിൽ പോയപ്പോൾ കണ്ട കാഴ്ച്ചകൾ ഒപ്പിയെടുത്തുകൊണ്ടായിരുന്നു അവർ ഫോട്ടോഗ്രാഫിയിൽ പിച്ചവെച്ചു തുടങ്ങിയത്. മികച്ച ഫോട്ടോജേർണലിസ്റ്റിനുള്ള 2021 ലെ നാഷണൽ പ്രസ് ഫോട്ടോഗ്രഫി അസോസിയേഷൻ പുരസ്കാരവും ക്രിസ്റ്റീന ഹൗസ് നേടിയിട്ടുണ്ട്.
ലോകപ്രശസ്ത അമേരിക്കൻ ജേർണലിസ്റ്റായിരുന്ന പുലീറ്റ്‌സർ ന്റെ പേരിലുള്ള ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്. ഓരോ വർഷവും മാധ്യമരംഗത്തും സാഹിത്യരംഗത്തുമുള്ള പ്രതിഫകളെ കണ്ടെത്തി ആദരിക്കാനാണ് പുലീറ്റ്സർ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. 2021 ൽ അഫ്‌ഗാനിനിൽ വെച്ചുണ്ടായ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി ഉൾപ്പെട്ട റോയിട്ടേഴ്‌സ് ടീമിനായിരുന്നു 2022 ലെ മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുലീറ്റ്‌സർ പുരസ്കാരം ലഭിച്ചത്.