
മലയാള മനോരമ ഫോട്ടോഗ്രാഫർ ജോസ്‌കുട്ടി പനയ്ക്കലിന് മൂന്ന് നേട്ടങ്ങൾ. മനോരമയുടെ പിക്ചർ എഡിറ്ററായി പ്രൊമോഷനായി, കൊച്ചിയിൽ നിന്ന് മനോരമയുടെ ഡൽഹി ബ്യൂറോയിലേക്ക് ട്രാൻസ്ഫറായി, കേരള സ്പോർട്സ് കൗണ്സിലിന്റെ സ്പോർട്സ് ഫോട്ടോഗ്രഫി അവാർഡിന് അർഹത നേടി. ഈ മൂന്ന് നേട്ടങ്ങളാണ് ഒരു മാസത്തിനുള്ളിൽ ജോസ്കുട്ടിയുടെ ജീവിതത്തിലേക്ക് വന്നു ചേർന്നത്. മൂന്നും ഒരു ഫോട്ടോജേർണലിസ്റ്റിനെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമാണ്.

ചെറുപ്പത്തിൽ തന്നെ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച ഫോട്ടോഗ്രാഫറാണ്. ചിന്തോദ്ദീപകവും സുന്ദരവുമായ ഒട്ടേറെ വാർത്താ ചിത്രങ്ങൾ വായനക്കാർക്ക് നിരന്തരം സമ്മാനിച്ചുകൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ ഫോട്ടോഗ്രാഫറാണ്. മികച്ച കരാട്ടെ അഭ്യാസിയാണ്. പത്രഫോട്ടോഗ്രാഫിയോട് അങ്ങേയറ്റം ആത്മാർഥത പുലർത്തുന്ന, കഠിനാദ്ധ്വാനിയായ ജോസ്‌കുട്ടി ഡൽഹിയിൽ എത്തിയ ഉടൻ തന്നെ വ്യത്യസ്തമായ ചിത്രങ്ങൾ നൽകിക്കൊണ്ട് തന്റെ സാന്നിധ്യം ഡൽഹി സമൂഹത്തെ അറിയിച്ചുകഴിഞ്ഞു. അധികൃതർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉൾപ്പെടെയുള്ള പരാതികളിൽ നടപടി വൈകുന്നുവെന്ന ആരോപണവുമായി ഇന്ത്യൻ ഗുസ്തി താരങ്ങൾ ഡൽഹിയിൽ സമരം നടത്തുന്ന സ്ഥലത്തെ തെരുവ് നായ്ക്കളുടെ ശല്യം ജോസ്‌കുട്ടിയുടെ ക്യാമറയിൽ പതിഞ്ഞത് ഇന്നത്തെ മനോരമ പത്രത്തിലൂടെ വായനക്കാർ കണ്ടതാണ്. ഇന്ദ്രപ്രസ്ഥത്തിൽ ജോസ്‌കുട്ടി കാൽ കുത്തിയിട്ടേയുള്ളൂ. വായനക്കാർ ഇനി എന്തെല്ലാം കാണാനിരിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പാണ് അടുത്ത വർഷം വരാനിരിക്കുന്നത്. ജോസ്കുട്ടിയുടെ ക്യാമറയ്ക്ക് ഇനി വിശ്രമം ഉണ്ടാവില്ലെന്നുറപ്പാണ്.

(ചിത്രങ്ങൾക്ക് കടപ്പാട്: മലയാള മനോരമ.)