Home FEATURED മരണവീട്ടിലെ ഫോട്ടോഗ്രാഫി

മരണവീട്ടിലെ ഫോട്ടോഗ്രാഫി

12184
0
Google search engine

വന്ദന എന്ന യുവ ഡോക്ടറെ ഒരു രോഗി കുത്തിക്കൊന്ന വാർത്ത ഒരിക്കലും ഉണങ്ങാത്ത മുറിവായി എന്നും നമ്മുടെ മനസിലുണ്ടാവും. ഒരു നരാധമൻ നടത്തിയ ക്രൂരതയുടെ വാങ്മയ ചിത്രമായി മാറിയ ഈ ഫോട്ടോയും നമ്മൾ മറക്കില്ല.

ഈയിടെ കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ ചികിൽസിക്കാൻ പോലീസ് കൊണ്ടുവന്ന അധ്യാപകനാണ് വന്ദനയെ കുത്തിയത്. അതും പോലീസിന്റെയും ആശുപത്രി ജീവനക്കാരുടെയും സാന്നിധ്യത്തിൽ. മറ്റുള്ളവരെ കുത്തിയ ശേഷമാണ് ആശുപത്രിയിൽ നൈറ്റ്‌ ഡ്യൂട്ടിയിലായിരുന്ന ഹൗസ് സർജനായ വന്ദനയുടെ അടുത്തേക്ക് ആ അധ്യാപകൻ തിരിഞ്ഞത്. മറ്റുള്ളവർ പേടിച്ച് ഒളിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുനിന്ന വന്ദനയെ തള്ളിയിട്ട് കുത്തുകയായിരുന്നു. 11 തവണ കുത്തി. ആ കൊലപാതക വാർത്തയോടൊപ്പം സോഷ്യൽ മീഡിയയിൽ കണ്ട ഫോട്ടോയാണിത്.

ഡോക്ടറുടെ കോട്ട്, സ്റ്റതസ്‌കോപ്പ്, കത്രിക, ചോരപ്പാടുകൾ…. ഹൊ !! അതൊരു വല്ലാത്ത കാഴ്ച്ച തന്നെയാണ്.
ഇത് വന്ദന ധരിച്ചിരുന്ന ഒറിജിനൽ കോട്ട് ആണോ അതോ സിംബോളിക് ആയി ആരെങ്കിലും സെറ്റ് ഇട്ട് ചിത്രീകരിച്ചതാണോ എന്നറിയില്ല. എന്തായാലും അത് ഹൃദയത്തെ കൊത്തിവലിക്കുന്ന ചിത്രമായിരുന്നു.

പത്രമാധ്യമങ്ങളിൽ ഡോക്ടർ വന്ദനയുടെ കൊലപാതക വാർത്തയ്ക്കൊപ്പം പല ചിത്രങ്ങളും കണ്ടു. വന്ദനയുടെ മാതാപിതാക്കളുടെ കണ്ണീരും കരച്ചിലുമൊക്കെയാണ് അധികവും. ഏക മകൾ നഷ്ടപ്പെട്ടവരുടെ വികാരപ്രകടനങ്ങൾ വായനക്കാർക്ക് കാണാൻ താൽപര്യമുണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ ആ കുടുംബത്തിന് അത് താല്പര്യമുണ്ടോ എന്ന് ചിന്തിക്കേണ്ടത് ഫോട്ടോഗ്രാഫറുടെയും അത് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെയും ഉത്തരവാദിത്വമാണ്. താൽപര്യമില്ലെങ്കിൽ അന്നേരം വിയോജിപ്പ് പ്രകടിപ്പിക്കാമായിരുന്നല്ലോ എന്ന് വേണമെങ്കിൽ വാദിക്കാം. എന്നുകരുതി വിയോജിപ്പ് പ്രകടിപ്പിക്കാത്തവരുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാൻ ഫോട്ടോഗ്രാഫർക്ക് അവകാശമുണ്ടെന്ന് കരുതരുത്. ഫോട്ടോ പത്രത്തിൽ വരുന്നത് താല്പര്യമുള്ളവർ ഉണ്ടാവാം. എങ്കിലും എല്ലാ മരണവീട്ടിലും ചെന്ന് അവരുടെ കരച്ചിൽ ചിത്രീകരിച്ച് പത്രത്തിൽ കൊടുക്കുന്നത് ഒരു കീഴ് വഴക്കമാക്കി മാറ്റരുത്. താല്പര്യമില്ലാത്തവർക്ക് അത് പ്രകടിപ്പിക്കാൻ പറ്റാത്ത സാഹചര്യമായിരിക്കും മരണവീടുകളിലേത്. അവർക്ക് സ്വബോധം വന്ന് കഴിയുമ്പോഴേക്കും തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ലോകം മുഴുവൻ കണ്ട് കഴിയും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഇത്തരം പബ്ലിസിറ്റി ഓരോ വ്യക്തിയെയും ഓരോ തരത്തിലാവും ബാധിക്കുക.

വ്യക്തിസ്വാതന്ത്ര്യത്തിന് വളരെ പ്രാധാന്യമുള്ള കാലമാണിത്. വീടുകളിൽ കയറി ആൾക്കാരുടെ ഫോട്ടോ എടുത്ത് പത്രത്തിൽ കൊടുക്കുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണം. അത് നിയമവിരുദ്ധമാണ്.

പൊതുസ്ഥലത്ത് വെച്ചാണ് എങ്കിൽ തെറ്റില്ല. ഒരു സെലിബ്രിറ്റിയാണെങ്കിലും അതൊരു കുറ്റമല്ല. കാരണം അവർ അത് പ്രതീക്ഷിക്കുന്നവരാണ്. എന്നാൽ മറ്റുള്ളവർ മരണപ്പെടുമ്പോൾ അങ്ങനെയല്ല. അവരിൽ പബ്ലിസിറ്റി താല്പര്യമുള്ളവരും ഇല്ലാത്തവരുമുണ്ടാവും. താല്പര്യമില്ലാത്തവരുടെ നീതി നിഷേധിക്കപ്പെടരുത്.

LEAVE A REPLY

Please enter your comment!
Please enter your name here